സാഹിത്യകാരനോ, കവിയോ, ചിത്രകാരനോ സ്വന്തം ആദര്‍ശാത്മക നിലപാടിനോടു യാദൃശ്ചികമായി വിയോജിക്കുന്നതായി കാണാം. മാനവീകതയിലൂന്നി നില്ക്കുന്ന ഒരാദര്‍ശാത്മകത അവരുടെ മനോനിലയെ നവീകരിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ സോഷ്യലിസ്റ്റ് എന്ന് നിങ്ങള്‍ ആവേശം കൊള്ളുന്നവര്‍ ചിലപ്പോള്‍ നിങ്ങളെ നിരാശാജനകമായ ഒരത്ഭുതത്തില്‍ കൊണ്ടുപോയി ചാടിക്കും.
സുഗതകുമാരിയുടെ വിയോഗവിചാരങ്ങളില്‍ ‘ചിലര്‍’ വളരെ നെഗറ്റീവ് ആയി പ്രതികരിച്ചതായികാണാം. സ്വയം സൃഷ്ടിച്ചെടുത്ത മുന്‍വിധികളില്‍ ആ കവയത്രി ഒതുങ്ങുന്നില്ല, അഥവാ ഒതുങ്ങിയില്ല എന്ന നിരാശയാണ് അത്തരം പ്രതികാരചിന്തകള്‍ക്ക് അടിസ്ഥാനം. ഇതിപ്പോള്‍ പറയാന്‍ കാരണം, അനില്‍ പനച്ചൂരാനും, ഇപ്രകാരം ‘ചില കണ്ണട’കളിലൂടെ വിചാരണ ചെയ്യപ്പെടുന്നു എന്നത് ഓര്‍ത്താണ്. ഒരു കവി എന്ന നിലയിലല്ല, സിനിമാ ഗാനരചയിതാവ് എന്ന നിലയിലാണ് പല വിചാരണകളും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
എനിക്ക് ഓര്‍മ്മവരുന്നത്, കലാലയ രാഷ്ട്രീയ കാലത്ത് തെരുവു നാടകങ്ങളും സംഘഗദ്ദികകളും നന്നായി ആഘോഷിച്ച സച്ചിദാനന്ദന്‍ പറഞ്ഞ കുമ്പസാരങ്ങളാണ്. ‘പീഢനകാലം’ എന്ന കവിതയിലൂടെ താന്‍ ഓടിച്ചു കയറ്റിയ ഉയരങ്ങളില്‍ നിന്നും എല്ലാ വിപ്ളവമോഹങ്ങളേയും സച്ചിദാനന്ദന്‍ സമവായങ്ങളുടെ താഴ് വരയിലേക്ക് അടിച്ചോടിച്ചിറക്കുന്ന കാഴ്ച രസാവഹമാണ്, ആ കവിതയില്‍. ‘ഞാന്‍ പീഢനകാലത്തിന്റെ കവിയാണ് സോദരാ, വിപ്ളവകാലത്തിന്റെ കവികള്‍ എന്റെ പിറകെ വരുന്നുണ്ട് ‘ എന്നതായിരുന്നു ആ ചുവടുമാറ്റം.
കലാകാരന്‍ സ്വയംതീര്‍ത്ത അതിര്‍ത്തിരേഖകള്‍ക്കരികെ നിന്ന് ‘വെള്ളത്തില്‍, കരയില്‍’ എന്നു ആര്‍ത്തുചിരിച്ചു ചാടിക്കളിക്കുന്ന കുട്ടിയെ പോലെയാണ്. കവികള്‍ ഇങ്ങനെയാണ്, കലാകാരന്‍മാര്‍ ഇങ്ങനെയാണ്. നമ്മള്‍ തീര്‍ക്കുന്ന വേലിക്കകത്ത് അവര്‍ നിന്നു കൊള്ളണമെന്ന ചിന്ത മാറ്റേണ്ടത് നമ്മളാണ്. കവി അനില്‍ പനച്ചൂരാന്‍ നമ്മെയെല്ലാം ഞെട്ടിച്ചുകൊണ്ട്, ഈ പുതുവര്‍ഷത്തിന്റെ ആഘോഷഗന്ധം മാറും മുമ്പ് നമ്മെ വിട്ടു പോയിരിക്കുന്നു. മൊബൈല്‍ ഫോണിലെ റിങ് ടോണായും ഡയലര്‍ ടോണായും ആഘോഷിച്ച വിപ്ളവഗാനമായിരുന്നു , ‘ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം’.
വിപ്ളവാത്മകമായ ഈ വരികളിലൂടെയാണ് കേരളത്തിന്റെ വിപ്ളവമനസ്സ് അദ്ദേഹത്തെ ഓര്‍മ്മിച്ചു കൊണ്ടിരിക്കുന്നതും ആരാധിക്കുന്നുതും, ഇന്ന് വേദനയോടെ ദുഃഖം പങ്കുവെക്കുന്നതും. എന്നാല്‍, ഈ ഗാനം ഒരാവേശമായി നെഞ്ചേറ്റുമ്പോഴും, ഒരു കമ്മ്യൂണിസ്റ്റിനെ സംബന്ധിച്ച് ആ ഗാനം ഉയര്‍ത്തുന്ന ആത്മപരിശോധനകള്‍ ശ്രദ്ധിച്ചവര്‍ എത്ര പേരുണ്ട് എന്ന് എനിക്കറിയില്ല. മാര്‍ച്ചിങ് സോങ്ങിന്റെ ആവേശത്തിലമര്‍ന്നു പോവാതെ, തന്റെ വിമര്‍ശനങ്ങള്‍ അനില്‍ പനച്ചൂരാന്‍ കൃത്യമായി ആ ഗാനത്തില്‍ പറഞ്ഞു തീര്‍ക്കുന്നുണ്ട്.
‘മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല, പോരിന്നാശ്രയം, ചേര്‍ച്ചയുള്ള മാനസങ്ങള്‍ തന്നെയാണതോര്‍ക്കണം’…. ‘കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്..’ ‘സ്മാരകം തുറന്നുവരും വീറുകൊണ്ട വാക്കുകള്‍ ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ..?’ ‘രക്തസാക്ഷികള്‍ക്ക് ജന്‍മമേകിയ മനസ്സുകള്‍ കണ്ണുനീരില്‍ ചില്ലുടഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ..?’ സത്യത്തില്‍ പനച്ചൂരാന്‍റെ ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറഞ്ഞ നിലപാടുകള്‍ തന്നെയാണ് ആ വിപ്ളവഗാനത്തില്‍ പൊതിഞ്ഞു വെച്ചതെന്ന് ആസ്വാദനത്തിന്റെ സൂക്ഷ്മതലത്തില്‍ പോവാതെ തന്നെ നമുക്ക് കണ്ടെത്താവുന്നതാണ്.
ഇങ്ങനെ, പനച്ചൂരാന്‍ എഴുതിയ കവിതകളിലെല്ലാം തന്റെ സാമൂഹിക വീക്ഷണത്തിന്റെ മുള്ളും മുനയും കാണാം. എന്നെ സംബന്ധിച്ച് പനച്ചൂരാന്‍, എന്നെ ഏറെ ആകര്‍ഷിച്ചത് അദ്ദേഹത്തിലെ ഭാഷാനൈപുണ്യസാമര്‍ത്ഥ്യമാണ്. ആരും ഏറെയൊന്നും സ്പര്‍ശിക്കാത്ത ‘കഥ പറയുമ്പോള്‍’ എന്ന സിനിമയിലെ ”വ്യത്യസ്ഥനാമൊരു ബാര്‍ബറാം ബാലനെ …’ എന്ന ഗാനമൊന്നു കേട്ടു നോക്കുക. ഒരു നേരമ്പോക്കിനപ്പുറത്തു ആ ഗാനം സാധിക്കുന്ന ഭാഷാപരമായ കൗതുകങ്ങള്‍ അത്ഭുതപ്പെടുത്തുന്നവയാണ്.
ബാലന്റെ ലോകം സൃഷ്ടിച്ചെടുക്കാന്‍ പനച്ചൂരാന്‍ മലയാളഭാഷയില്‍ തന്നെ പ്രയോഗിച്ചിട്ടില്ലാത്ത വാക്കുകളുടെ ഇന്ദ്രജാലം തീര്‍ക്കുകയാണ്. തമിഴ്പ്പാട്ടുകളില്‍ ഇത്തരം നിര്‍മ്മിതികള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഇത് ആദ്യമായിട്ടാണ്. (ബഷീറിന്റെ കഥകളിലെ പ്രയോഗവിസ്മയങ്ങളെ തല്ക്കാലം മാറ്റി നിര്‍ത്തുന്നു) തലവടിക്കുന്നോര്‍ക്ക് തലവനാം ബാലന്‍, മുടിമുറിശീലന്‍, മുഖവടിവേലന്‍, വദനം മിനുക്കുന്ന മീശപ്രകാശന്‍, ആമാശയത്തിന്റെ ആശ നിറവേറ്റാന്‍ രോമാശയങ്ങള്‍ അറുക്കുന്ന വീരന്‍, സ്റ്റെയിന്‍ലസ് സ്റ്റീലിന്റെ മനസ്സാണ്, നിണം പൊടിയാത്തൊരു ക്ഷൗരപ്രവീണന്‍…. എന്നിങ്ങനെ മലയാളത്തിന്റെ പരമ്പരാഗത പ്രയോഗശീലങ്ങളെ അട്ടിമറിച്ചു കൊണ്ടാണ് ബാര്‍ബറാം ബാലനെ പനച്ചൂരാന്‍ നമുക്ക് പരിചയപ്പെടുത്തുന്നത്.
ഹാസ്യത്തെ പദനിര്‍മ്മിതിയിലൂടെ ആസ്വാദ്യമാക്കുന്ന കവിയുടെ കൗശലം പ്രശംസനീയമാണ്. ഒരു കൊള്ളിമീന്‍ പോലെ പൊലിഞ്ഞു തീര്‍ന്ന, വ്യത്യസ്ഥനായ ഈ കവിയുടെ കവിതകള്‍ ഇനിയും ആസ്വാദനവിചാരണയ്ക്ക് വിധേയമാക്കപ്പെടുമെന്നു കരുതുകയാണ്. വ്യക്തി എന്ന നിലയില്‍ പനച്ചൂരാനെ ആക്രമിക്കാന്‍ ഇറങ്ങുന്നവരോടു പറയാനുള്ളത് ഇത്രമാത്രമാണ്, ഒരു ഉത്തമപുരുഷനെ കവികളിലോ, കലാകാരന്‍മാരിലോ തേടാതിരിക്കുക.