തൊപ്പിക്കാരൻ മരംകൊത്തി …….
കൊത്തിത്തുളയ്ക്കും മരംകൊത്തി ……
കാതലുള്ള മരം തേടി
കാലേയിറങ്ങിയതാണോ നീ….. ?
കാടെരിഞ്ഞുതീർന്നിട്ടു०
കാടു നാടായ് മാറിയിട്ടു०
പറമ്പിലെയൊറ്റത്തടിയിലെന്തിന്
മൂർച്ച കൂട്ടുന്നു ചുണ്ടിൻറെ?
ദൃഷ്ടി നിന്നിൽനിന്നു മാറ്റവേ….
കഷ്ടം നീയൊരു പാവം.
വാക്കിൻറെ പ്രഹരമേറ്റടിതെറ്റി
വാരിക്കുഴിയിൽ പെട്ടുപോകുന്നവർ.
വെട്ടിപ്പിടിക്കുവോർ ബന്ധുക്കളെന്ന്
വെട്ടിത്തിരുത്തുന്ന ചിത്തങ്ങൾ.
കൊടിനിറഭേദം , സദാചാരബോധം
അരിഞ്ഞുവീഴ്ത്തും നിരാലംബജന്മങ്ങൾ.
പരുന്തിൻറെ കൂർത്തനഖങ്ങളിൽ
പിടയുന്ന പിഞ്ചുദേഹങ്ങൾ.
അവയവമാറ്റപ്പുനർജ്ജനികൾ ,
അതുമൊരു ചതിക്കമ്പോളം .
മനസു കൊത്താനറിയാത്ത
മരംകൊത്തി പറയുമോ?
പുറംതൊലിയ്കുള്ളിലെ കീടങ്ങളും പുഴുക്കളുമല്ലേ നിൻറെയിരകൾ?
ചിന്തേരിടുമാ പൊത്തുകളോ പിന്നെ
താന്തർക്കഭയസങ്കേതം .
കടപുഴക്കിവീഴ്ത്താതെ ,പൂക്കും
കാമനകളറുത്തുമാറ്റാതെ
കാതലുള്ള മരങ്ങളിലാകവേ….
കാവ്യശില്‌പം കൊത്തിവെക്കുന്നോൻ.
നന്മ തളിരിടുവാനായി
തിന്മ ചൂഴ്ന്നെടുക്കുന്നോൻ
തൊപ്പിക്കാരൻ മരംകൊത്തി …..
കൊത്തിത്തുളയ്ക്കും മരംകൊത്തി ….
തൊട്ടാലൊടിയുമീ തണ്ടുകൾ
കണ്ടെങ്ങോട്ടോ പറന്നുപോകുന്നോ?