ജനങ്ങളെ പറ്റിക്കുന്ന പരസ്യം നൽകിയ ധാത്രി ഹെയർ ഓയിൽ കമ്പനിക്കെതിരെയും ജനങ്ങളെ പറ്റിക്കാൻ കൂട്ടുനിന്ന നടൻ അനൂപ് മേനോന് എതിരെയും ഒരു വിധി വന്നിട്ടുണ്ട്.

ആറാഴ്ച കൊണ്ട് മുടി വളരും എന്ന പരസ്യം വിശ്വസിച്ച് കബളിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് ആൾക്കാർ കേരളത്തിൽ ഉണ്ടാവും. പക്ഷേ, ഈ ഉടായിപ്പ് ചോദ്യം ചെയ്യാൻ ഒരാളേ തയ്യാറായുള്ളൂ. ഫ്രാൻസിസ് വടക്കൻ എന്ന ഒരു മനുഷ്യൻ.

2013-ലാണ് പരസ്യം വിശ്വസിച്ച് ഫ്രാൻസിസ് ധാത്രി ഉപയോഗിച്ചത്. മുടി വളരാത്തതിനാൽ നാട്ടുകാർ കളിയാക്കുക വരെ ചെയ്തു. തുടർന്ന് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചു.

നീണ്ട ഏഴു വർഷത്തിനുശേഷം വിധി വന്നു. ഇതിനിടെ തെളിവെടുപ്പിനായി കോടതി അനൂപ് മേനോനെ സമീപിച്ചു. പരസ്യത്തിൽ അഭിനയിച്ചതല്ലാതെ ഇങ്ങനെയൊരു എണ്ണ താൻ ഉപയോഗിച്ചിട്ടില്ലെന്ന് പുള്ളി. പുള്ളി ഇപ്പോഴും ഉപയോഗിക്കുന്നത് അമ്മ കാച്ചി കൊടുക്കുന്ന എണ്ണയാണത്രേ. പക്ഷേ, പണം വാങ്ങി പരസ്യത്തിൽ അഭിനയിച്ച് നാട്ടുകാരെ പറ്റിക്കാൻ യാതൊരു ഉളുപ്പുമില്ല. ഇതാണ് പരസ്യങ്ങളുടെ ലോകം.

യാതൊരു സാമൂഹ്യപ്രതിബദ്ധതയും ഇല്ലാതെ ഇതിലൊക്കെ അഭിനയിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്ന നടന്മാരും കായിക താരങ്ങളും. ഇവരെയൊക്കെ ആരാധിക്കുക മാത്രം ചെയ്യുന്ന ഫാനരന്മാർ ഉള്ള കാലത്തോളം ഇതൊക്കെ തന്നെ തുടരും. യാതൊരു തത്വദീക്ഷയുമില്ലാതെ ഇതിനൊക്കെ പരസ്യം കൊടുക്കാൻ മാധ്യമങ്ങൾ ഉള്ള കാലത്തോളം ഇതെല്ലാം തുടരും.

ഇപ്പോൾ ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുന്ന ഒരു കാട്ടുഡായിപ്പ് പരസ്യം ഉണ്ട്. ഒരു ഊളഹെർബ് സന്ധിവേദന ഇല്ലാതാക്കുമത്രേ! പരസ്യത്തിൽ ചിത്രം വന്നൊരു പൂണൂൽധാരി മുട്ടുവേദനയ്ക്ക് ചികിത്സ തേടുന്നതോ, ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടറുടെ അടുത്ത്! പക്ഷേ ഇതൊക്കെ ആരറിയാൻ !കബളിപ്പിക്കപ്പെടാനായി ജനങ്ങളുടെ ജീവിതം ഇനിയും ബാക്കി.

ഹൃദയാരോഗ്യത്തിനായി ഫോർച്യൂൺ ഓയിൽ എന്നൊരു പരസ്യം കണ്ടിട്ടുണ്ടോ? ഈ ഫോർച്ച്യൂൺ ഓയിലിന്റെ ഒരു പരസ്യത്തിൽ അഭിനയിച്ച സൗരവ് ഗാംഗുലി ഇപ്പോൾ ആശുപത്രിയിലാണ്. ഹൃദയ സംബന്ധമായ ചില അസുഖങ്ങൾ. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു…

ഫ്രാൻസിസ് വടക്കന്റെ നിയമ പോരാട്ടങ്ങളുടെ വാർത്ത വായിച്ചത് ടൈംസ് ഓഫ് ഇന്ത്യ പത്രത്തിലാണ്. ഇന്ന് The Cue, റിപ്പോർട്ടർ എന്നീ ഓൺലൈൻ പോർട്ടലുകളിലും വായിച്ചു. അതിനുശേഷമാണ് അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോ കണ്ടത്. മലയാള പത്രങ്ങളിൽ വാർത്തയ്ക്കായി സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം എന്നാണ് അദ്ദേഹം പറയുന്നത്. വാർത്തകൾ കമൻറിൽ…മാധ്യമങ്ങളിൽ വന്നില്ലെങ്കിലും ഈ വിവരം ജനങ്ങൾ അറിയേണ്ടതുണ്ട്. നുണ പറഞ്ഞ്, പരസ്യങ്ങളിൽ അഭിനയിച്ച് ലക്ഷങ്ങൾ കൊയ്യുന്ന നടന്മാരെ കുറിച്ചും അവയൊക്കെ പ്രമോട്ട് ചെയ്യുന്ന മാധ്യമങ്ങളെ കുറിച്ചും ജനങ്ങൾ അറിയേണ്ടതുണ്ട്.

ഇതിനെതിരെ വല്ലപ്പോഴുമൊക്കെ എങ്കിലും പൊരുതുന്ന ഫ്രാൻസിസ് വടക്കന്മാരെയും നമ്മൾ അറിയേണ്ടതുണ്ട്. അടപടലം ഉടായിപ്പിൽ മുങ്ങി പോകാതിരിക്കാൻ അത് സഹായിക്കും.

(അർജുൻ ആലിപ്പറമ്പ്)

By ivayana