തിരുവനന്തപുരത്തു ജനിച്ചു വളർന്ന പ്രശസ്തനായ തമിഴ് സാഹിത്യകാരൻ. ചാലയിൽ കച്ചവടത്തിനിടെ എഴുതിയതെല്ലാം കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌ ഉൾപ്പെടെ നേടിയെടുത്ത് തമിഴിൽ വാഴ്ത്തപ്പെട്ട കൃതികളായി.

തിരുവനന്തപുരത്ത് കൈതമുക്കില്‍ ഒറ്റുകാല്‍ തെരുവിലെ വീട്ടിലായിരുന്നു ആ. മാധവൻ താമസം. ചാല കമ്പോളത്തില്‍ ശെല്‍വി സ്റ്റോര്‍ എന്ന പാത്രക്കട നടത്തുകയായിരുന്നു അദ്ദേഹം.
തിരുനെൽവേലി സ്വദേശികളായ ആവുടനായകം പിള്ളയുടേയും ചെല്ലമ്മാളിന്റേയും മകനായി 1934 ൽ തിരുവനന്തപുരത്തു ജനിച്ചു. അച്ഛന്റെ പേരായ ആവുടനായകത്തിന്റെ ആദ്യാക്ഷരം ചേർത്ത് ആ. മാധവൻ എന്ന പേര് സ്വീകരിച്ചു.

ചാല സ്‌കൂളിൽ നിന്നും സിക്‌സ്‌ത്‌ ഫോറം പാസായി. ചിരുകതൈ എന്ന തമിഴ്‌ പ്രസിദ്ധീകരണത്തിൽ വിക്‌ടർ ഹ്യൂഗോയുടെ രചനകൾ മലയാളത്തിൽ നിന്ന്‌ തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തിയാണ്‌ സാഹിത്യലോകത്തേക്ക്‌ പ്രവേശിച്ചത്‌. ഡി.എം.കെ. നേതാക്കളായ അണ്ണാദുരെയ്ക്കും എം. കരുണാനിധിക്കുമൊപ്പം പാർട്ടി പത്രമായ മുരശൊലിയിൽ എഴുതിയിരുന്നു. 2002- 07 കാലയളവിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിദഗ്‌ധ സമിതി അംഗമായിരുന്നു. ട്രിവാൻഡ്രം തമിഴ്‌ സംഘത്തിന്റെ സ്‌ഥാപകനും ദീർഘകാലം പ്രസിഡന്റുമായിരുന്നു.

തമിഴ്‌ പ്രസിദ്ധീകരണങ്ങളിൽ അഞ്ഞൂറോളം ചെറുകഥകളും 150 ൽപരം ലേഖനങ്ങളും രചിച്ചിട്ടുണ്ട്‌. കാരൂർ നീലകണ്‌ഠപ്പിള്ളയുടെ സമ്മാനം, പി.കെ. ബാലകൃഷ്‌ണന്റെ ഇനി ഞാൻ ഉറങ്ങട്ടെ, മലയാറ്റൂർ രാമകൃഷ്‌ണന്റെ യക്ഷി എന്നിവയും കമല സുരയ്യയുടേയും തകഴി ശിവശങ്കരപ്പിള്ളയുടേയും പൊറ്റക്കാടിന്റേയും ഏതാനും കൃതികളും തമിഴിലേക്ക്‌ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. വിദേശ എഴുത്തുകാരുടെ കൃതികളും തമിഴിലേക്ക്‌ മൊഴി മാറ്റി.

നോവലുകൾ:
പുനലും മണലും
കൃഷ്‌ണപ്പരുന്ത്‌
തൂവാനം
സാത്താൻ തിരുവസനം
ചെറുകഥാ സമാഹാരങ്ങൾ:
കടൈന്തു കഥൈകൾ,
മോഹപല്ലവി,
കാമിനി മൂലം,
ആനൈ ചന്തം,
മാധവൻ കഥൈകൾ,
അറേബ്യ കുതിരൈ,
അ. മാധവൻ കഥൈകൾ,
മുത്തുകൾ പാത്ത്‌
പുരസ്കാരങ്ങൾ :
2015 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌
തമിഴ്‌നാട്‌ സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം നേടി.
കേരള സർവകലാശാല തമിഴ്‌ വിഭാഗത്തിന്റെ സുവർണ ജൂബിലി പുരസ്‌കാരം
തിരുവനന്തപുരം തമിഴ്‌ സംഘത്തിന്റെ സുവർണ ജൂബിലി പുരസ്‌കാരം
തമിഴ്‌ സംഘത്തിന്റെ മഹാകവി ഉള്ളൂർ പരമേശ്വരയ്യർ സ്‌മാരക പുരസ്‌കാരം..

By ivayana