എന്റെ നിലാവ് ചുരത്തുന്ന നന്ദ്യാർവട്ടപ്പൂക്കളെല്ലാം
ഇന്ന് നിന്റെ ചുംബനങ്ങളിൽ പൊള്ളി മരിക്കുന്നു.
ഹിമപാതങ്ങളിൽ നമ്മൾ കൊരുത്ത പുഷ്പങ്ങൾ
മഴയുടെ സ്വപ്നാടനങ്ങൾക്ക് വഴി കാട്ടുന്നു.
രക്തം വരണ്ട് നീലിച്ച ചില്ലുജാലകങ്ങളിൽ
പക്ഷികൾ നിഴലുകൾ കോറി വരയ്ക്കുന്നു.
മുറ്റത്ത് കുഞ്ഞുങ്ങൾ ചരൽക്കല്ലുകളെ
വെയിൽ ചാറിനാൽ നനയ്ക്കുന്നു.
ചില്ലുമഴയുടെ വിരൽത്തുമ്പിനാൽ
എന്റെ പാരിജാതപ്പൂക്കൾക്ക് കുളിരുന്നു.
പൂത്തുനിൽക്കുന്ന സൗഗന്ധികം പോലെ നീ എന്നെ ഭ്രമിപ്പിക്കുന്നു.
നിന്റെ ഗന്ധം എന്റെ അസ്ഥിയും കടന്ന്
ആത്മാവിനെ തൊടുന്നു.
എന്റെ നിമിഷങ്ങളിൽ എന്നും നീ ഏഴു നിറമുള്ള
മഴവില്ലിനെ വരയ്ക്കുന്നു.
ഒരു വ്യാഴവട്ടത്തിനപ്പുറത്ത് എന്റെ ചിന്തകളുടെ
വെയിൽനാളങ്ങൾ നിന്റെ മുഖം തേടി അലയുന്നു.
പിന്നെയും നിന്റെ ചിദംബര സന്ധ്യകളുടെ ഓരത്ത്
അസ്തമയങ്ങളുടെ പാതവക്കിൽ ആരോ
എന്റെ കനൽപ്പൂക്കളെ ഉപേക്ഷിക്കുന്നു.
ഒടുവിൽ പാതി മുറിഞ്ഞ തേങ്ങലുകളിൽ
എഴുതപ്പെടാത്ത മറ്റൊരു കവിത കൂടി ജനിക്കുന്നു.