രചന:മോഹൻദാസ് എവർഷൈൻ
സ്നേഹിക്കുവാൻ മറക്കുന്നുവോ നമ്മൾ
സ്നേഹിക്കുവാനിനിയും പഠിക്കാത്തവർ
മോഹിക്കുവാൻ മാത്രമറിയുന്നജന്മങ്ങൾ
മോഹങ്ങൾ നല്കുവാൻ മടിയേതുമില്ല
സ്നേഹം വിലയ്ക്ക് വാങ്ങാമെന്നാരോ
മൊഴിയുന്നനേരം കിഴിപ്പണം തിരയുന്നു
ഞാനും, പിന്നാലെ നിങ്ങളും തിരയുന്നു!
അർത്ഥങ്ങളില്ലാ വെറും വ്യർത്ഥ ജീവിതം
വിദ്യയും വിലപ്പേശി വിൽക്കുന്ന ചന്തയിൽ
പകലിൻ വെളിച്ചം ഇരുളിന്ന് വഴി മാറിടുന്നു
ഇരയെ തിരയുന്ന മിഴികളിൽ പിടയുന്നു
നിറമുള്ള സ്വപ്‌നത്തിൻ വർണ്ണ ചിറകുകൾ
പ്രേമമെ നീ കാമത്തിൽ കാലിടറിവീഴുന്നു
കരളിൽ മുറിവേറ്റ സ്വപ്‌നങ്ങൾ പിടയുന്ന
നേരത്തും, ചുണ്ടിൽ കരുതുന്ന പുഞ്ചിരി
കാണാതെ പോകുന്നു ശിലാഹൃദയങ്ങൾ
സ്നേഹം പകരാതെ കരുതിവെച്ചിട്ടെന്തേ..
നാളെയാപുലരിയിൽ നാംവെറും ഓർമ്മ-
യായ് മാറിടാം, ഒരുവേനൽ മഴയുടെകുളി –
രോടെ സ്നേഹം മനസ്സിൽ നിറയ്ക്കണം.