സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് നേരെ സൈബര്‍ സദാചാരവാദികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി രാജിനി ചാണ്ടി.
താന്‍ എന്ത് ചെയ്യണം എന്നുള്ളത് തന്റെ തീരുമാനമാണെന്നും 70 വയസ്സാകാറായി, എന്നുകരുതി ‘ഞാന്‍ പോയി ചാവണം’ എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശമെന്നും രാജിനി ചാണ്ടി മനോരമഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
‘ഇത് സ്വന്തം സന്തോഷത്തിനായി ഞാന്‍ ചെയ്യുന്നതാണ്. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് എനിക്കും അറിയില്ല ഈ കമന്റ് പറയുന്നവര്‍ക്കും അറിയില്ല. ഈ നിമിഷം മാത്രമേ നമ്മുടെ കയ്യില്‍ ഉള്ളൂ. ഉള്ള സമയം സന്തോഷമായി ഇരിക്കുക, എനിക്കെതിരെ മോശം കമന്റ് ചെയ്തവര്‍ക്കു സന്തോഷം കിട്ടുമെങ്കില്‍ അങ്ങനെ ആയിക്കോട്ടെ, അവര്‍ക്ക് സന്തോഷിക്കാന്‍ ഞാന്‍ ഒരു കാരണം ആയല്ലോ. മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുന്നിടത്തോളം എനിക്ക് കുറ്റബോധം തോന്നേണ്ട കാര്യമില്ല,’ രാജിനി ചാണ്ടി പറയുന്നു.
എഴുപതു വയസ്സ് ജീവിതത്തിന്റെ അവസാനമാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് തന്റെ അഭിപ്രായമെന്നും ഓരോ മനുഷ്യരുടെയും ജീവിതം അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ സ്‌പേസ് കൊടുക്കണമെന്നുമായിരുന്നു രാജിനിയുടെ മറുപടി.(ഫോട്ടോ കടപ്പാട്)