രചന:Ajikumar Rpillai

ഒരു തുള്ളി ജലകണമായിരുന്നെനീ
ശക്തമാം കടലാക്കി മാറ്റിയില്ലേ?
അറിയാതെ തിരവന്നു നുരയുമ്പോൾ
നിന്നുടെ അമരങ്ങളെ ഞാൻ കാർന്നുതിന്നു!

അറിയില്ല മൽസഖി ചെറുമർമരങ്ങൾ
അറിയാതെ നോവിന്റെ തിരയായി മാറുന്നു
ചിരിയെരിയും ചിന്തകൾക്കിവിടിനി വിടനൽകാം
ആ വിടവിലൂടൊരുകിരണമെനിക്കേകിടു നീ..

പറയില്ല കേൾക്കില്ല പതിരുകൾ കാണില്ല
പകലുകൾ ഇനിയെത്രയെരിഞ്ഞമരും.
പതിവായി നാം കണ്ട കാഴ്ചകളൊക്കെയും
പലവുരു നമ്മിൽ പിണഞ്ഞമരും !

ഇനിയെത്ര ദൂരം നാം പോകേണമറിയില്ല
ഇടറിയ നിൻ ചുവടു പിന്തുടരും,,,
കാണുന്ന കാഴ്ചകളൊക്കെയും കണ്ണിന്റെ
കർണ്ണികാര പൂക്കളായിടുന്നു!

കാണാതിരിക്കുമ്പോൾ കണ്ണിന്റെ നോവെന്നും
കരളിന്റെ തീരംതിരഞ്ഞിടുന്നു…
നീയെന്ന ബിന്ദുവിൽ തുടങ്ങുന്നു ഞാനെന്നും
നീയെന്നെ സത്യത്തിലൊടുങ്ങിടുന്നു!

നിത്യനിദാനമാം ഈ സ്വപ്ന സൗധത്തെ
നിത്യവും കണ്ടു നിറഞ്ഞിടുന്നു…
നാളെകളിനിയെത്ര വന്നാലുമെൻ ജീവനിൽ
നാമൊന്നുചേർന്ന നിറക്കാഴ്ച മാത്രം!

കണ്മണി,കണ്ണല്ല കാതല്ല നീയെന്റെ
കനവിന്റെ ഋതു ഭംഗി മാത്രമല്ല
കനവിലിനിയായിരം ഉത്സവം വരുമെങ്കിലും
നീ തന്നെയാണെന്റെ ഋതുമർമ്മരം!

(അജികുമാർ)

By ivayana