Sumod S

ഇന്ന് ജബ്ബാര്‍മാഷും അക്ബര്‍ സാഹിബും തമ്മിലുള്ള സംവാദം ഓഷൃാനോഗ്രാഫിയില്‍ എത്തി നിന്നത്
കണ്ടപ്പോള്‍ പഴയ ഒരു സംഭവം ഓര്‍ത്തു..
സുഹൃത്ത് മിഥുനൊപ്പമാണ് അന്ന് ഗുരുവിന്റെ കോഴിക്കോട്ടെ ആശ്രമത്തിലെത്തിയത്…
മറ്റൊരു അതിഥിയുമായുള്ള ഗുരുവിന്റെ സംസാരത്തിനിടയിലേയ്ക്ക് ഞങ്ങളും ഇരുന്നു.
തെളിഞ്ഞ മനോഹരമായ ഒരു വേനല്‍ക്കാല സായാഹ്നം,സ്വര്‍ണ്ണവെയില്‍,ഇളം കാറ്റ്,ആശ്രമ മുറ്റത്തെ പഴുത്തസപ്പോട്ട പഴങ്ങളുടെ ഗന്ധം..ജീവിതം യൗവ്വനതീക്ഷ്ണവും ഹൃദയം പ്രണയ സുരഭിലമായതുമായ ആ കാലം..
ഞങ്ങള്‍ക്ക് ഗുരുവിനോട് ഒരു രഹസൃം പങ്കു വെയ്ക്കാനുണ്ടായിരുന്നു.
എന്നാല്‍
മധൃവയസ്കനായ ആഗതന്‍ ഒരു ഔചിതൃവുമില്ലാതെ സംസാരിച്ചു കൊണ്ടേയിരുന്നു.
ഒടുവില്‍ ഒരു പ്രബന്ധം ചുരുക്കുന്നതു പോലെ പറഞ്ഞുനിര്‍ത്തി..
‘അല്ലെങ്കില്‍ തന്നെ ഇന്നീ ശാസ്ത്രം നടത്തുന്ന കണ്ടുപിടുത്തങ്ങളും തിയറികളുമെല്ലാം നൂറ്റാണ്ടുകള്‍ മുന്നേ നമ്മുടെ വേദേതിഹാസങ്ങളിലും,
പുരാണങ്ങളിലും ഉപനിഷത്തുകളിലും എഴുതിവെച്ചിട്ടില്ലേ..അല്ലേ സ്വാമി..’
ഗുരു മൗനമാര്‍ന്നു..
ആഗതന് ഒരല്പം നിരാശ്ശ..ശങ്ക..
ഗുരു പറഞ്ഞു തുടങ്ങി..
‘പൗരാണികമായ വലിയൊരു ശാസ്ത്ര -വെെജ്ഞാനിക സമ്പത്ത് നമുക്ക് ഉണ്ട്.ശരിയാണ് ..പക്ഷേ ഇന്നത്തെ ശാസ്ത്രീയമായ കണ്ടെത്തലുകളും ധാരണകളും മുഴുവന്‍ പണ്ടേ നമ്മുടെ വേദേതിഹാസങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും ഉണ്ടായിരുന്നു എന്ന വാദവും ശരിയല്ല..’
തീര്‍ച്ചയായും ആ ഉത്തരമായിരുന്നില്ല ആഗതന്‍ പ്രതീക്ഷിച്ചത്..
അയാളുടെ മുഖം ചോദൃഭാവത്താല്‍ കനത്തു.
ഗുരു തുടര്‍ന്നു..’രക്തദാനം മഹാദാനം,അല്ലെങ്കില്‍
അവയവ ദാനം മഹാദാനം ‘എന്ന ആശയം നിങ്ങള്‍ക്കേതെങ്കിലും പൗരാണിക ഗ്രന്ഥത്തില്‍ കണ്ടെത്താന്‍ പറ്റുമോ..?
ഞങ്ങള്‍ നിശ്ശബ്ദരായി..
അവയവ ദാനം ,രക്തദാനം ഇവയൊക്കെ ശാസ്ത്രം വികസിപ്പിച്ച അതുലൃമായ ആശയങ്ങളും പദ്ധതികളുമാണ്..അത് അംഗീകരിയ്ക്കുക.
ഗുരു തുടര്‍ന്നു..
എന്നാല്‍ ആ ദാനം എന്ന ആശയമില്ലേ,തൃാഗം എന്ന ആശയമില്ലേ അത് തീര്‍ച്ചയായും നമ്മുടെ വേദേതിഹാസങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും കാലങ്ങളായി പകര്‍ന്നു കൊണ്ടുവരുന്നതാണ്..
നിശ്ചയമായും അത്തരമൊരു ധാര്‍മ്മികമായ ആശയപരിസരത്തല്ലാതെ വികസിയ്ക്കുന്ന ശാസ്ത്രം അങ്ങേയറ്റം മനുഷൃവിരുദ്ധമായിരിയ്ക്കും..
കൃതൃമാണിത്..കിറുകൃതൃം..
മിഥുനന്‍ ആവേശം കൂടി എന്റെ കെെപ്പടത്തിലമര്‍ത്തി..
ഗുരു വിഹരിയ്ക്കാന്‍ തുടങ്ങി..
‘പ്രപഞ്ചത്തിന്റെ അനൃുസൃൂതം തുടരുന്ന സുന്ദരമായ വിശദീകരണം ആണ് ശാസ്ത്രം ..എന്നാല്‍ പ്രതൃക്ഷാര്‍ത്ഥത്തില്‍ വിശദീകരണക്ഷമമല്ലാത്ത അതിന്റെ പൊരുളിലേയ്ക്കുള്ള അന്വേഷണം ആണ് വിവിധ വിശ്വാസ ധാരകള്‍..
ഇത് തിരിച്ചറിഞ്ഞാല്‍ പിന്നെ മതവും -ശാസ്ത്രവും തര്‍ക്കിച്ച് സമയം കളയേണ്ടതില്ല ..’
ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് ഗുരുവിനോട് ചോദിയ്ക്കാനെത്തിയ ഞങ്ങള്‍ക്ക് സംശയങ്ങളേതുമില്ലാതെ ജീവിതത്തെ പ്രണയിക്കുവാനുള്ള ക്രിസ്റ്റല്‍ ക്ളിയറായ ഉത്തരമാണ് അന്ന് ലഭിച്ചത്..
അതിന്റെ തെളിമ ഇന്നും ജീവിതത്തിലുണ്ട്..
പിന്നീട് മറ്റൊരു സായാഹ്നത്തില്‍ കടല്‍ത്തീരത്ത് അനാദിയായ ആകാശനീലിമയെ തൊട്ട് ഗുരു പറഞ്ഞു..
മഞ്ഞുമലകളുടെ ധൃാനവും,ആഴക്കടലിന്റെ അപാരതയും,നക്ഷത്രങ്ങളുടെ ചിരിയും ആ മഹാചെെതനൃമായി ഒരിയ്ക്കല്‍ ഞാനെഴുതിയിരുന്നു.പക്ഷേ ഇന്നീ ജീവിത സായാഹ്നത്തിലെത്തുമ്പോള്‍ ഞാന്‍ ആ ചെെതനൃത്തെ തിരിച്ചറിയുന്നത് അവരിലൂടെയാണ്..
കടലില്‍ തിമിര്‍ത്ത് കളിച്ച് കുഞ്ഞുമക്കള്‍..
തലമുറകള്‍..
മനുഷൃരുടെ തലമുറകള്‍..
.ഗുരു പൂരിപ്പിച്ചു..
മനുഷൃന്‍…
മനുഷൃന്‍…കടലിലെ തിരകളോ,ഓളങ്ങളോ അതിന്റെ അഭൗമമായ സൗന്ദരൃമോ ആയിരുന്നില്ല മുന്‍പില്‍,
നിറയെ തോണികള്‍,മനുഷൃര്‍,കാറ്റ് കൊള്ളാന്‍,കടലവില്‍ക്കാന്‍,കവിത എഴുതാന്‍ ,പ്രണയിക്കാന്‍,മരിയ്ക്കാന്‍,ജീവിയ്ക്കാന്‍..
അത്മാന്വേഷണത്തിന്റെ അവസാന നാളുകളില്‍ ആ അവധൂതന് ഇതിനപ്പുറം എന്താണ് ഞങ്ങളോട് പറയാനുള്ളത്….
കെെക്കുമ്പിളില്‍ കോരിയെടുത്ത കടലോളം ചുരുങ്ങിയ സതൃത്തെക്കുറിച്ചല്ലാതെ.

By ivayana