രചന:Madhav K. Vasudev

രാമനെ അറിയുവാന്‍ നീ
രാവണനെ അറിയണം
കാനന ചിന്തകൾ പരത്തണം
രാമബാണത്തെ അറിയണം.
നിശാചര രാത്രികള്‍ താണ്ടണം
മിഥിലയെ പുല്‍കണം.
ത്രയംബക ചാപമൊടിക്കണം
പത്തുതലകളില്‍ ചികയണം’
ഇരുവര്‍ക്കുമിടയില്‍ തുളുമ്പിയ
കണ്ണുനീര്‍ കാണണം…..
രാമനെയറിയുവാന്‍ നീ
രാവണനെ അറിയണം…..

രാമനെ അറിയുവാന്‍
സരസ്വതീ യാമത്തില്‍
സരയുവില്‍ മുങ്ങണം
ദര്‍ഭ മുറിക്കണം
വനാന്തര ഗര്‍ഭത്തില്‍
ചിത്രകൂടങ്ങള്‍ തിരയണം
പാദുകമേന്തിയ ശിരസ്സു
നീ കാക്കണം, തേടണം
കാനന പാതകളെല്ലാം തെളിക്കണം.

രാമനെ അറിയുവാന്‍
പെണ്ണിൻ മനസ്സെന്തെന്നറിയണം
കല്ലിനെ അറിയണം
കാട്ടു വഴികൾ താണ്ടണം
മൂക്കും മുലയുമറത്തിറ്റു വീണ
ചോരതന്‍ ഗന്ധമറിയണം.
മായാവിമാനിനെ തേടണം
അമ്പേറ്റവേദന കാതിലണയവേ
സോദരവിലാപമായി കേള്‍ക്കണം
ഒരുരേഖ കുറുകെ വരച്ചു നീപോകണം.
ഭിക്ഷ നിറച്ചു നല്‍കിയ പെണ്ണിനെ
കടത്തിയ ഭിക്ഷുവിന്‍മാര്‍ഗ്ഗം തിരയണം.

രാമനെ അറിയുവാന്‍
കബന്ധങ്ങള്‍ മാറ്റണം
ചിറകറ്റ പക്ഷിക്കു പിതൃപൂജ ചെയ്യണം
ആടയാഭരണങ്ങള്‍ തിരിച്ചറിഞ്ഞീടണം.
സഖ്യമുണ്ടാക്കണം
അമ്പെന്നുതിര്‍ക്കുവാന്‍ മരമറവില്‍
തരം പാര്‍ത്തു നില്ക്കണം
ഹാരം മെനയണം തിരിച്ചറിഞ്ഞീടുവാന്‍
ജീവനെ മോക്ഷപഥത്തിലെത്തിക്കണം
പുനര്‍ജന്മമേകുവാന്‍ സ്വര്‍ഗ്ഗം കൊടുക്കണം.

രാമനെ അറിയുവാന്‍
നീ കടലുകള്‍ താണ്ടണം
മോക്ഷമുക്തി നല്കീടണം
അടയാളമോതി പ്രതീക്ഷ പുലര്‍ത്തണം
അഗ്നിയാല്‍ പുരിയെ ചുട്ടെരിച്ചീടണം
പാലം പണിയണം മാളങ്ങള്‍ മാന്തണം
മലയെ ചുമക്കണം നിശാചര വര്‍ഗ്ഗത്തെ
മുച്ചൂടും മുടിക്കണം .
രാമനെ അറിയുവാൻ നീ
രാവണനെ അറിയണം…

By ivayana