രചന:Jayasankaran O T

കാത്തുനിന്നു ഞാൻ നിന്നെ
ചക്രവാളത്തിൽ നീല-
ക്കാറുകൾ നിറംവാർന്നു
മാഞ്ഞുതീരുവോളവും

കാത്തുഞാൻ ഹർഷോന്മാദ
നൃത്തമാടുവാൻ വിണ്ണിൽ
താരകങ്ങളും, ചന്ദ്ര
ലേഖയുമൊരുങ്ങുവാൻ.

നിശ്ചലമേതോ സ്മൃതി
വിഭ്രമശില്പംപോലെ
സ്തബ്ധമായ് മുന്നിൽ
വിശ്വപ്രകൃതി മുഴുവനും.

കാറ്റടിക്കാതേ,യില
നീട്ടിയാടാതേ ,കിളി
പാട്ടുപാടാതേ,പൂക്കൾ
കണ്ണുകൾ തുറക്കാതെ.

ഞാനറിഞ്ഞീല, വെട്ടം
പോയതുമിരുളിനു
കാവലായെങ്ങും മിന്നാ
മിന്നികൾ തെളിഞ്ഞതും

സന്ധ്യതൻനടയിലെ
പൊൽ തിരി പൊലിഞ്ഞതു
മൊന്നുപാടുവാൻപോലു
മെൻ്റെ നാവുണർന്നീല.

നീ, വസന്തത്തിൻ ദൃശ്യ
കാവ്യമായ് ചിലങ്കയും
വേണുവും നിലാവുമായ്
കേളിചൊല്ലുകയാവാം.

ഓർമ്മതൻ ശൃംഗങ്ങളിൽ
മഞ്ഞുപോൽപൊഴിഞ്ഞു പൊയ്-
പ്പോയൊരെൻ സ്നേഹം നേർത്തു
നേർത്തു പെയ്യുമീ രാവിൻ
തേങ്ങലിൽ നിറഞ്ഞുവോ
നീ? യെനിക്കറിയില്ല.

നീയൊരിക്കലും രത്ന
സൗവർണ കിരീടവും
ചൂടിയെൻ മുന്നിൽ നൃത്താ-
ലോലയായ് വന്നിട്ടില്ല.

വീണയിൽ സമ്മോഹന
നാദമായ് വിടർന്നു നീ
കാതിനും കരളിനും
കുളിരേകിയിട്ടില്ല

കേവലമേതോ സ്വപ്ന
ജാലവിദ്യയാൽ നിന
ക്കീവിധം പ്രപഞ്ചത്തെ
മാറ്റുവാൻ കഴിഞ്ഞുവോ?

നീ മറഞ്ഞു പോയ്, ജന്മ
സീമയിൽ നിഴൽ നീളും
നൊമ്പരങ്ങളിൽ നിറ –
ഞ്ഞെത്തുമീ ത്രിസന്ധ്യയിൽ

ഞാൻ മറന്നീല സ്നേഹം
പങ്കിടാൻ ദൈവം പണ്ടു,
ഭൂമിയിൽ മഴവില്ലിൻ
ജാലകം തുറന്നതും.

നിൻ്റെ ദർശനത്തിനായ്,
നിൻ്റെ സാമീപ്യത്തിനായ്
നിത്യവും വിടരുമാ-
റുണ്ടു ചെംപനീർപ്പൂക്കൾ

ഒന്നു കാണാതെ നിന്നെ,
നിൻ കടക്കണ്ണിന്നിന്ദ്ര
ജാല മൊന്നറിയാതെ,
യെത്ര നാൾ കഴിഞ്ഞു ഞാൻ?

ഒന്നുമാത്രമാ മന്ദ
സ്മേരവും കൊളുത്തിയെൻ
മുന്നിൽ വന്നിടാവു നീ
കൈകളിലൊതുക്കാംഞാൻ.

കാത്തിരിപ്പു ഞാൻ ചക്ര –
വാളത്തിൽ കരിമേഘ
കീറുകൾപോലെ യുഗ
സന്ധ്യയും മറയുന്നു….

ജയശങ്കരൻ ഒ.ടി.

By ivayana