രചന: മാധവി ടീച്ചർ, ചാത്തനാത്ത്.
നിശ്ശബ്ദദു:ഖത്തിൻ സാഗരതീരത്തിൽ
ഞാനെന്റെ മൗനത്തിൽ താഴ്വരയിൽ
ഒറ്റക്കിരുന്നേറെ തിരയെണ്ണി, തീരവും
തിരയും മെനയുന്ന കഥകൾ കേട്ടു .!
പഞ്ചാര മണലിന്റെ മെത്തയിൽ ഞാനെത്ര
മോഹനചിത്രങ്ങൾ കോറിയിട്ടു.!
ചെല്ലാത്ത സ്വപ്നത്തിൻ
ചില്ലറയേറെയെൻ
ഹൃത്തിലെ മുത്തായ് പെറുക്കി വെച്ചു.
പുസ്തകത്താളിന്റെയുള്ളിന്റെയുള്ളിലായ്
സൂക്ഷിച്ചു വെച്ച മയിൽപ്പീലിയും,
കരിവളപ്പൊട്ടുകൾ, കൺമഷിക്കൂട്ടുകൾ
കുങ്കുമച്ചെപ്പിലെ സിന്ദൂരവും.
തീരത്തെ പഞ്ചാരമണലിൽ കുറിച്ചിട്ട
കാവ്യങ്ങളെല്ലാം തിര കവർന്നൂ.
മേഘക്കൂടൊന്നു തുറന്നതാ ചേലൊത്ത
പൂന്തിങ്കൾ പുഞ്ചിരി തൂകി ചെമ്മേ .
ഗാഢം നിലാവിനെ പുണരുവാൻ വെമ്പിയാ –
വെള്ളാമ്പൽപ്പെണ്ണിനോ ലാസ്യഭാവം –
പരിജാതപ്പൂവിൻ മാസ്മര ഗന്ധത്തിൽ
ആതിരത്തെന്നലിൻ കൊഞ്ചലുമായ്….!
മാധവി ടീച്ചർ, ചാത്തനാത്ത്.