രചന : ശിവൻ മണ്ണയം
വെയിലും പൊടിയും വകവയ്ക്കാതെ, കേരളയൂണിവേഴ്സിറ്റിയുടെ മുന്നിൽ നിന്ന്, താറാവിൻകൂട്ടങ്ങളെ പോലെ കോ..കോ.. എന്ന് ശബ്ദമുണ്ടാക്കി പോകുന്ന സുന്ദരികളുടെ ഇടയിലേക്ക് എത്തി ഉളിഞ്ഞ് നോക്കി തൻ്റെ ഭാവി വധുവിനെ തിരയുകയായിരുന്നു രമേശൻ.
വിവാഹം സ്വർഗ്ഗത്തിൽ എന്നാണല്ലോ… സ്വർഗ്ഗത്തിൽ വച്ച് കല്യാണമൊക്കെ കഴിപ്പിച്ചിട്ടാണല്ലോ ദൈവം മനുഷ്യരെ ഭൂമിയിലേക്ക് വിടുന്നത് … ദൗർഭാഗ്യവശാൽ താൻ സ്വർഗ്ഗത്തിൽ വച്ച് കെട്ടിയ പൂതന തൻ്റെ മുന്നിൽ വരാതെ ഒളിച്ചും പാത്തും നടക്കുകയാണ്. എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്?താൻ പിടിച്ചു തിന്നുമോ? “വയസ് മുപ്പതായി, ഇനീം നീ ഒളിച്ചു നടന്നാൽ, താൻ പെണ്ണ് വേണ്ടാന്ന് വക്കും. നീ തെണ്ടിപ്പോകും കേട്ടോടീ..ശൂർപ്പണഖേ! “
എല്ലാ തിങ്കളാഴ്ചകളിലും രമേശൻ മണ്ടൻ കുന്നിറങ്ങി മാണിക്കോട്ട് അമ്പലത്തിന് മുന്നിൽ പോയി നില്ക്കും. അന്നാണല്ലോ നല്ല ഭർത്താവിനെ കിട്ടാനായി പെണ്ണുങ്ങൾ തിങ്കളാഴ്ചനൊയമ്പും നോറ്റ് അമ്പലത്തിലേക്ക് വരുന്നത്. അവിടെ വച്ച് സ്വർഗ്ഗത്തിൽ വച്ച് താൻ കെട്ടിയ പെണ്ണ് തന്നെ കാണുമെന്നും, എല്ലാം ഓർമ്മ വന്ന ആയമ്മ ഓടി വന്ന് തൻ്റെ മാറിലേക്ക് തലയടിച്ച് വീഴുമെന്നുമായിരുന്നു രമേശൻ്റെ കിനാവ്. കടന്ന് പോകുന്ന സുന്ദരികളുടെ മുഖത്തേക്ക് പ്രതീക്ഷയുടെ പൂമ്പാറ്റകളെ പറത്തി വിട്ട് അങ്ങനെ നില്ക്കും.പക്ഷേ പെമ്പിള്ളാർ രമേശനെ നോക്കാതെ ആകാശത്ത് നോക്കി നടന്നു പോകും. ഉം.. ആകാശത്ത് നോക്കി നടന്നോ . വരും.. രാജകുമാരൻ ..! ഇതിനെയൊക്കെ റോക്കറ്റിൽ കേറ്റി ആകാശത്തേക്ക് വിടണം!
എന്താണ് ഇവിടെ സംഭവിക്കുന്നത്? സ്വർർഗ്ഗത്തിൽ വച്ച് ദൈവം കൈപിടിച്ചേൽപ്പിച്ച തൻ്റെ പെണ്ണ് ഭൂമിയിൽ വന്നപ്പോൾ തന്നെ മറന്നു പോയതായിരിക്കുമോ?എങ്കിൽ ദൈവത്തിനൊന്ന് വാതുറന്ന് പറഞ്ഞ് കൊടുത്തുടേ ‘ഡീ ദോ നിക്കണേണ് നിൻ്റെ ചെറുക്കൻ..’ എന്ന്! ഇനി അവള് അബദ്ധവശാൽ വല്ല ഉഗാണ്ടയിലോ മറ്റോ ജനിച്ചിരിക്കുമോ?എങ്കിൽ അവിടെ പോകാനുള്ള വണ്ടിക്കൂലി എങ്ങനെ ഒപ്പിക്കും?
അമ്പലത്തിലെ വായ്നോട്ടം കഴിഞ്ഞതിന് ശേഷം രമേശനദ്ദേഹം നേരെ കേരള യൂണിവേഴ്സിറ്റിയുടെ മുന്നിൽ എത്തും. എവിടെ തൻ്റെ ഇണ .. എവിടെ തൻ്റെ തുണ…. വൈകിട്ട് വരെ പരതും. സങ്കടകരമെന്ന് പറയട്ടെ ആ ക്രൂരജന്തു ഇതുവരെ രമേശനെ തിരക്കി വന്നിട്ടില്ല.
ഇന്നും അതുപോലെ നഗരത്തിലെത്തിയതാണ് രമേശൻ.വൈകുന്നേരമായിട്ടും നിരാശ മാത്രം മിച്ചം.
അപ്പോഴാണ് ഒരു ഫോൺകോൾ. മണ്ടൻ കുന്നിൽ നിന്നും ഉണ്ണിയാണ്.
ഉണ്ണി പറഞ്ഞു: എടാ നമ്മടെ കനകേണ്ണൻ ചത്തു പോയി …
എന്ത് … നമ്മുടെയോ… നമ്മുടെയല്ല… നിന്റെ… നിന്റെ കനകേണ്ണൻ… രമേശൻ ദിക്കെട്ടും കിടുങ്ങു മാറ് അലറി.
ഫോൺ വിളിച്ച സുഹൃത്ത് ഫോൺ കട്ട് ചെയ്ത് ഓടികളഞ്ഞു.
കനകനെന്ന് കേട്ടാ രമേശന് പ്രാന്താണ്.
ചിലര് ചത്താൽ സന്തോഷിക്കണം.ആ ഇനത്തിൽ പെട്ടവനാണ് കനകൻ. അത്രക്ക് വെറുപ്പാണ് രമേശനയാളെ .ഭൂലോക നുണയനും പരദൂഷണക്കാരനുമാണ് ഈ കൃത്രിമി. ഈ കനകൻ നാളിതുവരെ രമേശന്റെ150 കല്യാണ ആലോചനകളാണ് മുടക്കിയത്. അതില് ചിലപ്പോൾ തൻ്റെ സ്വർഗ്ഗത്തിലെ കന്യകയും കണ്ടേക്കാം. കനകൻ ജീവിച്ചിരിക്കുന്നടത്തോളം കാലം തന്റെ വിവാഹം നടക്കില്ലെന്ന് രമേശനറിയാം. ഇപ്പോൾ അയാൾ ചത്തിരിക്കുന്നു. ഇനി ഉടൻ കെട്ടാൻ കഴിഞ്ഞേക്കും.രമേശൻ മാത്രമല്ല പത്തിരുപത് പയ്യൻമാർ മണ്ടൻ കുന്നിൽ ഇങ്ങനെ കാത്തിരിപ്പുണ്ട് മഴകാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ.. കനകൻ ചത്തിട്ടു വേണമായിരുന്നു അവർക്കൊക്കെ കെട്ടാൻ.
കല്യാണം മുടക്കുക എന്നത് കനകന്റ ഒരു ഹോബിയാണ്. എത്ര വിദഗ്ദ മായാണെന്നോ അയാൾ സ്കെച്ചിട്ട് റിസർച്ച് ചെയ്ത് പ്ലാൻ തയ്യാറാക്കി പദ്ധതി വിജയിപ്പിക്കുന്നത്!
എന്തായാലും അങ്ങേര്ചത്തല്ലോ. ഇനി തൻ്റെ ദാമ്പത്യ വല്ലരി പൂക്കും.അപരിമിതവും അനിർവചനീയവുമായ ആനന്ദത്താൽ രമേശൻ ആകാശത്തേക്കുയർന്നു.ഇന്നിത് ആഘോഷിക്കണം.രമേശൻ നഗരത്തിലെ ബിവ്റേജ് ഷോപ്പിലേക്ക് നടന്നു.
കൂതറ സാധനം വാങ്ങി അടിച്ചു കൊണ്ടിരുന്ന രമേശൻ വില കൂടിയ ഒരു കുപ്പിയാണ് വാങ്ങിയത്.ഇന്ന് വിലമതിക്കാനാകാത്ത ദിവസമാണ്. ഇന്ന് പിശുക്ക് കാട്ടി കൂമ്പ് വാട്ടണ്ട ..!
രമേശൻ ബിവറേജ് ഷോപ്പിൽ നിന്ന് വാങ്ങിയ സന്തോഷവും ചുമന്ന് ബസിൽ കയറി വെഞ്ഞാറമൂട്ടിലെത്തിയപ്പോൾ സമയം രാത്രി പത്ത് മണി ആയിരുന്നു. മണ്ടൻ കുന്നിലേക്ക് ഇനി ബസില്ല. ഒരു ബൈക്കിൽ കൈകാണിച്ച് കയറി രമേശൻ തേമ്പാംമുട്ടിലെത്തി. ഇനി മണ്ടൻ കുന്നിലേക്ക് വാഹനങ്ങളൊന്നുമില്ല.നടരാജൻ വണ്ടി തന്നെ ശരണം.
തേമ്പാം മുട് ജംഗ്ഷനിൽ നല്ല വെളിച്ചമാണ്. വെളിച്ചത്ത് നിൽക്കുമ്പോൾ ധൈര്യം കൂടും. അപ്പോൾ തോന്നി നടക്കാം. രമേശൻ കൈകൾ വീശി പാട്ട് പാടി നടന്നു.
ആനക്കുഴി വരെ നല്ല ധൈര്യമായിരുന്നു. അവിടം കഴിഞ്ഞപ്പോൾ ഇരുട്ടായി. അവിടെ വീടുകൾ കുറവാണ്. ഉള്ള വീടുകളിലെ പിശുക്കൻമാരാണെങ്കിലോ പൈസ ലാഭിക്കാൻ വേണ്ടി ലൈറ്റെല്ലാം ഒഫാക്കിയിരിക്കുന്നു.
ഇവന്റയൊക്കെ ലാഭക്കൊതിചത്താലെങ്കിലും തീരുമോ..?
ഇരുട്ടാണെങ്കിലും വീടുകൾ ഉള്ളതുകൊണ്ട് ധൈര്യത്തിന് തെല്ലും കുറവ് വന്നില്ല. അത് തുളുതുളുമ്പെ നിന്നു.
തേമ്പാക്കാല കഴിഞ്ഞതോടെ കട്ടപിടിച്ച ഇരുട്ടായി. ഇനി വള്ളിയർപ്പൻ കാടാണ്. അത് കിലോമീറ്ററുകളോളം ഒരാവശ്യവുമില്ലാതെ ഇരുണ്ട് കറുത്ത്പരന്ന് കിടക്കുന്നു.
ഒറ്റ വീടില്ല.മൊത്തം കാടും റബ്ബർ എസ്‌റ്റേറ്റുമാണ്. പ്രേതസ്ഥലികളിലൂടെയാണ് ഇനിയുള്ള യാത്ര. യക്ഷികളും പിശാചുക്കളും രാത്രി നേരത്ത് വള്ളിയർപ്പൻകാട്ടിൽ അഴിഞ്ഞാടിനടക്കാറുണ്ടത്രേ. വള്ളിയർപ്പൻകാട് മേരി എന്നൊരു യക്ഷി അതിൽ അതീവ അപകടകാരിയാണ് പോലും! മനുഷ്യനെ കിട്ടിയാൾ അവൾ വിടില്ല ,എല്ല് പോലും കളയില്ല. മൊത്തോം തിന്നും!
രമേശന് ചെറിയ പേടി എവിടെന്നൊക്കെയോ നുഴഞ്ഞുകയറി വരുന്നതായി ഫീൽ ചെയ്തു. പക്ഷേ രമേശൻ യുക്തിവാദിയാണല്ലോ. അദ്ദേഹം യുക്തിവാദം എടുത്ത് പേടിക്ക് നേരെ കാണിച്ചു. പേടി നാണിച്ച് പിൻമാറി. ദൈവമില്ല ആയതിനാൽ പ്രേതവുമില്ല.പ്രേതം പോലും! മീശപിരിച്ച് നില്ക്കുന്ന ധൈര്യവുമായി രമേശൻ വള്ളിയർപ്പൻകാട്ടിലേക്ക് കാലെടുത്തു വച്ചു.
കുറച്ച് നടന്നതും മനസിനെ മൂടിയിരുന്ന ധൈര്യത്തിൻ്റെ മേലങ്കി പതിയെ അഴിഞ്ഞു വീഴുന്ന പോലെ രമേശന് തോന്നി.
ഓരോരോ ചിന്തകൾ രമേശൻ്റ മനസിലേക്ക് ആർത്തലച്ചു വന്നു.പ്രേതങ്ങളുടെ താഴ്വരയാണ്. അപകടം ഇരുട്ടിൽ വാ പൊളിച്ച് നില്പുണ്ട്. അബദ്ധമാണ് കാട്ടിയത്. നാട്ടിലൊരു മരണം നടന്ന ദിവസമാണ്, നെഗറ്റീവ് എനർജി ഒഴുകി പരക്കുന്ന ദിവസമാണ്. ഒറ്റക്ക് വരണ്ടാരുന്നു.
അർദ്ധരാത്രി . തണുതണുത്ത ഏകാന്ത നിശബ്ദത .. ഇരുപത് സെസിബലിന് താഴെയും ഇരുപതിനായിരം ഡെസിബെലിന് മേലെയും ഉള്ള കേൾക്കാത്ത ശബ്ദങ്ങൾ തൻ്റ കാതിൽ ശക്തമായ സമ്മർദ്ദം ചൊലുത്തുന്നതായും കാത് വേദനിക്കുന്നതായും രമേശന് തോന്നി.അവ്യക്തമായ ശബ്ദങ്ങൾ പതിയെ വ്യക്തമായി വരുംപോലെ.. അലർച്ചകൾ .. ആരവങ്ങൾ..
ഇരുട്ട്… കഠകടോരമായ ഇരുട്ട്. പെട്ടെന്ന് കാറ്റ് വന്ന് പുറകിൽ തൊട്ടപ്പോൾ ‘ ആരാടാ’ എന്നും പറഞ്ഞ് രമേശൻ അലറിച്ചാടിപ്പോയി.മൂത്രം ഒഴിക്കാൻ മുട്ടി.
അല്ല .. അത് പോയി. കിട്ടിയ തക്കം നോക്കി ഹൃദയം വാരിയെല്ലിനിട്ട് അതിശക്തമായി ഇടിക്കുകയാണ്.നിനക്ക് വച്ചിട്ടുണ്ട്റാ കരിങ്കാലീ ..ഇത്ര ഇരുട്ടാണെന്നറിഞ്ഞിരുന്നെങ്കിൽ തേമ്പാം മൂട്ടിൽ ഇരുന്ന് നേരം വെളുപ്പിക്കുകയേ ഉള്ളായിരുന്നു.
രമേശാ… നീ യുക്തിവാദിയാണ് .. ഭയക്കരുത്… പ്രേതം ഇല്ല .. അച്ഛനേം അമ്മേം പേടിയില്ലാത്ത നീയെന്തിന് പ്രേതത്തെ ഭയക്കണം..? മനസിനോട് പറഞ്ഞു നോക്കി.മനസ് അത് വിശ്വസിക്കുന്നില്ല. പേടിച്ച നായയെപ്പോലെ കിടന്ന് തുടല് പൊട്ടിക്കാൻ ചാടുകയാണ് പാവം മനസ്.
പെട്ടെന്ന് ഓർമ്മ വന്നു.
പേടിക്കുള്ള മരുന്ന് കൈയിലിരിക്കുകയല്ലേ.ഉടനെ മദ്യക്കുപ്പിയെടുത്ത് വെപ്രാളത്തോടെ വായിലേക്ക് കമഴ്ത്തി. തീവെള്ളം തൊണ്ടകത്തിച്ച് താഴേക്കിറങ്ങി പോയപ്പോൾ ധൈര്യം കയറി വരുന്നതായി തോന്നി. പക്ഷേ ചിന്തകൾ നിലയ്ക്കുന്നില്ല.
മരിച്ച കനകൻ്റെ ആത്മാവ് ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും?കനകന്റെ ആത്മാവിനെ കാലൻകൊണ്ടുപോയി കാണുമോ?അതോ അത് ഇപ്പോഴും ഭൂമിയിൽ തന്നെ കാണുമോ? കാലന് കനകനെ അറിയാമെങ്കിൽ തീർച്ചയായും അതിയാനെ വണ്ടിക്കൂലിയും ചിലവാക്കിനരകത്തിലേക്ക് കൊണ്ടുപോകില്ല.
കാലനു വേണ്ടാത്ത ആ ആത്മാവ് ഇവിടെ തന്നെയുണ്ടാകും. ! രമേശനിൽ പേടി വീണ്ടും ഉണർന്നു.
ഛേ.. ആത്മാവോ.. താനൊരു യുക്തിവാദിയല്ലേ.. ആത്മാവ് .. കോപ്പ്! മനുഷ്യൻ ചത്താൽ കത്തിക്കും .. പിന്നെ അയാൾ വെറും ചാമ്പൽ .. അതെ ചാമ്പൽമാത്രം. ആത്മാവ് എന്നൊരു സാധനത്തിനെ ലോകത്താരുമിതുവരെ കണ്ടിട്ടില്ല.
അല്ല.. ആത്മാവ് ഉണ്ട്..
ഇല്ല …
ഉണ്ട്..
രമേശൻ്റ മനസ് രണ്ടായി തിരിഞ്ഞ് പരസ്പരം അടി തുടങ്ങി.ആത്മാവ് ഉണ്ട് എന്ന് പറഞ്ഞ ആൾ ജയിച്ചു.
ഈ കട്ടപിടിച്ച ഇരുട്ടിൽ തൊട്ടു മുന്നിൽകനകൻ്റ പ്രേതം നില്പുണ്ടോ? വെള്ളമടിച്ചാൽ പേടി മാറും എന്ന് പറഞ്ഞവനെ കൈയിൽ കിട്ടിയാൽ അപ്പോൾ തന്നെ കൊന്നുകളയണമെന്ന് രമേശൻ നിശ്ചയിച്ചു. അന്ധകാരസമുദ്രത്തിൽ അന്ധനെ പോലെ നടന്ന രമേശൻ അല്പം വെളിച്ചത്തിനായി ദാഹിച്ചു.
അപ്പോൾ ദൂരെ ഒരു വെളിച്ചം രമേശൻ കണ്ടു. ആരോ ഒരാൾ ടോർച്ചും തെളിച്ച് വരുന്നതാണ്.രമേശൻ പേരറിയാവുന്ന ദൈവങ്ങൾക്കൊക്കെ നന്ദി പറഞ്ഞു വഴിപാട് നേർന്നു.
രാത്രിയുടെ കരിങ്കടലിൽ മുങ്ങിത്താഴുന്നവന് ഇതാ ദൈവം വെളിച്ചത്തിന്റെ തോണി അയച്ചു തന്നിരിക്കുന്നു.
ദൈവം വലിയവനാണ്… ദൈവമേ ഞാനിതാ വിശ്വാസിയായി മാറിയിരിക്കുന്നു.
വെളിച്ചം അടുത്തു വരുന്നു.മുഖം വ്യക്തമല്ല!
ആരാ…?
രമേശൻ ആശ്വാസസന്തോഷ നിശ്വാസത്തോടെ ചോദിച്ചു.
കനകനാ… മറുപടി.
കനകനോ..? രമേശൻ ഞെട്ടിവിറച്ചു.
അയ്യോ.. ചത്ത കനകൻ!
ടോർച്ചിന്റെ പ്രകാശത്തിൽ രമേശൻ എതിരെ നിന്നയാളിന്റെ മുഖം ശ്രദ്ധിച്ചു നോക്കി. അതെ.. ഇത് കനകൻ തന്നെ.ചത്തിട്ടും ഇറങ്ങി നടക്കുകയാണ് ദ്രോഹി…!രമേശൻ വെട്ടി വിയർത്തു.മരണം ഉറപ്പ്. പ്രേതം ഇതാ തൊട്ടു മുന്നിൽ.പ്രേതത്തിന്റെ കൈ കൊണ്ട് ചാവാനാണ് തന്റെ വിധി..!
കല്യാണ ആലോചനയൊക്കെ എത് വരെയായി രമേശാ .. പ്രേതം ചോദിക്കുയാണ്.
ചത്തിട്ടും പന്നന് തന്റെ കല്യാണത്തെ കുറിച്ചാണ് ആധി!നീയല്ലേടാ എന്റെ കല്യാണമൊക്കെ മുടക്കിയത് ശവമേ.. മനസിൽ രമേശൻ അലറി. പക്ഷേ പുറത്ത് മിണ്ടിയില്ല.
രമേശൻ വഴിയിൽ നിന്ന് ഒഴിഞ്ഞ് കാട്ടിലേക്ക് ഇറങ്ങി നിന്ന് കിതച്ചു. രക്തം മുഴുവൻ തലയിൽ നിറഞ്ഞിരിക്കുയാണ്. തലക്ക് വല്ലാത്ത മർദം. കാലും കൈയും തണുത്ത് മരവിച്ചു പോയിരിക്കുന്നു. നെഞ്ചിലും വല്ലാത്തതണുപ്പ്.ഓക്സിജൻ പ്രകൃതിയിൽ തീർന്നു പോയെന്ന് തോന്നുന്നു. തനിക്കത് കിട്ടുന്നില്ല.
എന്താ മിണ്ടാത്തത്…? കനകൻ വീണ്ടും ചോദിക്കുകയാണ്.
”എവിടെക്കാ .”.രമേശൻ കിതപ്പോടെ ചോദിച്ചു. എന്തെങ്കിലും ചോദിക്കണമല്ലോ. പ്രേതത്തിനെ പിണക്കാൻ പറ്റില്ലല്ലോ. മിണ്ടാതെ നിന്നാൽ കൊന്നാലോ.
മകളുടെ വീട്ടിലേക്കാ… …- പ്രേതം.
മോളെ കാണാൻ eപാകുന്നെങ്കിൽ പറന്ന് പൊക്കുടേടോ വിവരം കെട്ടവനേ.. പ്രേതങ്ങൾക്ക് പറക്കാൻ പറ്റുമല്ലോ. എന്തിനാ റോഡിലൂടെ നടന്ന് പാവങ്ങളെ പേടിപ്പിക്കുന്നത്..? രമേശൻ മനസിൽ പറഞ്ഞു.
രമേശൻ വരുന്നെങ്കിൽ വാ.. അതു വരെ പോയിട്ട് ഒരുമിച്ച് തിരിച്ചു പോകാം… കനകൻ പറയുകയാണ്.
രമേശന്റെ ഉള്ളിൽ ഒരു വെള്ളിടി വീണു. കനകന്റ പ്രേതം ഇതാ തന്നെ ക്ഷണിക്കുന്നു, ഒരുമിച്ച് തിരിച്ചു പോകാമെന്ന് …മരിച്ചവർ കൂട്ടാഗ്രഹിക്കും എന്ന് രമേശൻ കേട്ടിട്ടുണ്ട്. തന്റെ 150 കല്യാണ ആലോചനകൾ മുടക്കിയവൻ ഇതാ തന്നെ മരണ ലോകത്തിലേക്ക് കുട്ടിന് വിളിക്കുന്നു! തനിക്ക് ജീവനോടെ ഇവന് കൂട്ട് പോകാൻ കഴിയില്ല. മരണ ലോകത്തിലേക്ക് മരിച്ചവർക്കേ പ്രവേശനമുള്ളൂ. ക്ഷണിച്ച സ്ഥിതിക്ക് തീർച്ചയായും ഇയാൾ തന്നെ കൊല്ലും. കൊന്ന് കൊണ്ടു പോകും.ജീവിച്ചിരുന്നപ്പോൾ തന്നെ മഹാക്രൂരനായിരുന്നു.പിന്നെ ചത്താൽ പറയാനുണ്ടോ.
വേങ്കമല ദേവിയേ… കാത്തോണേ… എന്ന് ഉറക്കെ നിലവിളിച്ച് രമേശൻ എരച്ച് തു മിച്ച് ഓടി. മരണവെപ്രാളത്തിലുള്ള ഓട്ടം.ഉസൈൻ ബോൾട്ടിനെ നിഷ്പ്രഭനാക്കിയ വേഗത ! കനകന്റെ പ്രേതം തൊട്ട് പിന്നിൽ ഉണ്ടെന്ന് രമേശന് തോന്നി.ഭയം നിറഞ്ഞ് രമേശന്റെ ചങ്ക് പൊട്ടാറായി. അവൻ പിടിച്ചാൽ തന്റെ മരണം ഉറപ്പ്.രമേശൻ ഹിന്ദു കൃസ്ത്യൻ മുസ്ലീം ദൈവങ്ങളെയൊക്കെ വിളിച്ചു. ആദ്യം വരുന്നവർ ആരാണോ അവർ തന്നെ രക്ഷിക്കട്ടെ!
രമേശൻ ജീവിതത്തിൽ ഇതുവരെ ഇത്രേം പേടിച്ചിട്ടില്ല, ഇത്രേം ദൂരം ഓടിയിട്ടില്ല, ഇത്ര വേഗത്തിൽ ഓടിയിട്ടില്ല .. കനകാ …!
വീട്ടിൽ, പക്ഷേ രമേശൻ ജീവനോടെയെത്തി. പ്രേതത്തിന് രമേശനെ പിടിക്കാൻ കഴിഞ്ഞില്ല. പക്ഷേ പനി പിടിച്ചു. പേടി മൂത്ത് പനിയായതാണ്. ചുട്ടുപൊള്ളുന്ന പനി.. ഒരു പ്രേതത്തെ തൊട്ടു മുന്നിൽ കണ്ടതല്ലേ…!
രമേശൻ പനി പിടിച്ച് കിടക്കുന്നതറിഞ്ഞ്, രമേശനെ കനകന്റെ മരണം വിളിച്ചറിയിച്ച സുഹൃത്ത് ഉണ്ണി എത്തി. ഉണ്ണിയെ കണ്ടതും ലോകോത്തരമായ ഭീതിയോടെ രമേശൻ പറഞ്ഞു ”ഞാനയാളെ കണ്ടടാ..”
ആരെ..? എന്ന് ഉണ്ണി .
കനകനെ.. ഇന്നലെ..
ഏത് കനകൻ…?
ചത്ത കനകനേ…..
ശ്ശേ…!
സത്യം .. അവൻ എന്റെ കല്യാണങ്ങൾ മുടക്കി.എന്നിട്ട് ചത്തപ്പോൾ പ്രേതമായി വന്ന് എന്നെ കൊല്ലാൻ നോക്കി… അയ്യോ.. രക്ഷപെട്ട പാട് എനിക്കേ അറിയൂ..
കല്യാണം മുടക്കിയോ.. നീ എത് കനകന്റ കാര്യമാഈ പറയുന്നത്…?
വരിക്കപ്ളാവ് പട്ട വീട്ടിലെ കനകൻ ….
എടാ.. ആ കനകൻ ചത്തിട്ടില്ലല്ലോ ..
ങേ..! പിന്നെ നീ ഇന്നലെ വിളിച്ച് പറഞ്ഞതോ..?
ചത്തത് ആ കനകനല്ല .വാഴത്തൈ കുലച്ച വീട്ടിലെ മനുവിന്റെ അച്ഛൻ കനകനാ മരിച്ചത് ..
രമേശൻ ഉടന്നെ അരികിലിരുന്ന ഫ്ലാസ്ക് എടുത്ത് ഉണ്ണീടെ തലയിൽ ഒറ്റയടി.
കൂട്ടുകാരെ കൊല്ലാൻ പാടില്ല. പക്ഷേ കാര്യങ്ങൾ വ്യക്തമായും സത്യസന്ധമായും അറിയിച്ചില്ലെങ്കിൽ കൊല്ലാം..!
ഇങ്ങനെയുള്ളവൻമാരൊക്കെ ചാകണം…!
അല്ല പിന്നെ…!