രചന : സാജുപുല്ലൻ
ഒരു കളിവണ്ടിയിലേറി പ്രണയം
കാടു കയറി
ആൾക്കൂട്ടത്തിൻ്റെ ആരവങ്ങളിൽ നിന്നകന്ന്
ചപ്പുകാടിൻ്റെ ഓരം പറ്റി
മുളങ്കാടിൻ്റെ മർമ്മരം കേട്ട്
ഇടയ്ക്ക് കുളിരരുവിയെ
മുറിച്ചു കടന്ന്
ഒറ്റയടിച്ചാലിലൂടോടിയ വണ്ടിയിൽ
തൊട്ടും പിടിച്ചും
അവനും അവളും…
ഇടയ്ക്കൊന്ന് കണ്ണുചിമ്മിയപ്പോൾ
ഉൾക്കാട്ടിലാണ്
ഇടയ്ക്ക് ചുറ്റിയും
ഇടയ്ക്ക് അകന്നും
പാഞ്ഞു പോകുന്നു മൃഗങ്ങൾ
നാട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്തതരം
അവൻ പറഞ്ഞു
മൃഗങ്ങളെ നോക്ക്…
അവയൊന്നും ഉടുത്തിട്ടില്ല
ഉൾക്കാടിൻ്റെ നിയമമാണത്
നമുക്കും പാലിക്കണം
ലജ്ജയുണ്ടെങ്കിലും
കാട്ടിലാവുമ്പോൾ കാടിൻ്റെ നിയമം
പാലിച്ചു നിന്ന അവൾ കണ്ടത്;
അവൻ നിന്നിടത്തി ന്നടുത്ത്
നിലത്ത്
ഊരിയിട്ട നിലയിൽ
ഒരു മനുഷ്യത്തോൽ.
അവൻ നിന്നിടത്ത്
ഒരു കുറുക്കൻ;
നോക്കി പല്ലിളിക്കുന്നുമുണ്ട് .
തിരിഞ്ഞോടുവാനുള്ള വഴികൾ തിരഞ്ഞ
ഭയന്ന കണ്ണുകളോട് കുറുക്കൻ പറഞ്ഞു
കീഴടങ്ങുക
കാട്ടിൽ വഴികളില്ല
ഉടഞ്ഞുപോയ ഒരു കളി വണ്ടി
തോറ്റ വേഗങ്ങൾ
അവൾ ഒറ്റയ്ക്ക്
ക്രൂശിതനോളം ഒറ്റയ്ക്ക്
ഉൾക്കാട്ടിൽ
കാട് ഓരിയിടുന്നത് കേൾക്കുന്നില്ലേ…
കേൾക്കുന്നില്ലേ…
ഓരികൾക്കിടയിൽ ഒരു തേങ്ങൽ