നിങ്ങൾ ഈയൊരു കാലത്ത് കേൾക്കുന്ന മനോഹരമായ , ഷോകേഴ്‌സിൽ വെക്കാൻ കൊള്ളാവുന്ന മലയാള പദങ്ങളിൽ ഒന്നാണ് അതിഥി തൊഴിലാളിയെന്നത്. ഞങ്ങളുടെ മുഖ്യമന്ത്രിയാണ് ഈ ജനതയ്ക്കും, ഞങ്ങളുടെ മാധ്യമങ്ങൾക്കും ഈ വാക്ക് പരിചിതമാക്കിയത്. നാല്പത്തഞ്ച് ദിനങ്ങളിലെ അരക്ഷിതത്വവും, നിസ്സഹായതയും, വിഹ്വലതകളും അനുഭവിച്ച ജീവിതത്തിൻറെ വിയർപ്പിനും കണ്ണീരിനും ശേഷമാണ് കുഞ്ഞുങ്ങളായ നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും ദൈവത്തിൻറെ സ്വന്തം നാട് വിടുന്നത്.! ❣️💕
നിന്നെ കാത്തിരിക്കുന്ന ഈ ട്രെയിനിൽ, അമ്മയുടെ മടിത്തട്ടിൽ ശാന്തമായുറങ്ങാൻ പോകുന്ന നിനക്ക് ചുറ്റുമുള്ള മഹാമാരിയുടെ അത്രമേൽ അസാധാരണത്വവും, ആസുരവുമായ സാന്ദ്രതയും, ആസുരതയും മനസ്സിലാകുന്നുണ്ടാവില്ല. നിന്നെ ഉണർത്താതെ, അനക്കാതെ, നോവിക്കാതെ ജീവിതത്തിലേക്ക് രക്ഷിച്ചുകൊണ്ടു പോകുവാൻ അവസരമുണ്ടാക്കിയ ഞങ്ങളിലെ മനുഷ്യർ, അടയാളപ്പെടുത്തുന്ന മാനവികതയെ, മനുഷ്യനന്മയെ… നിൻറെ നാട് ഭുവനേശ്വറിന്റെ പ്രഭാതത്തിലെത്തി നിൻറെ ഉറക്കത്തിൽ നിന്നുണരുമ്പോഴും അടയാളപ്പെടുത്താനുള്ള ഭാഷ നിനക്കുണ്ടാവില്ല..! 💕❤
പക്ഷേ, നാളെ ഈ മഹാമാരിക്കാലത്തെ അതിജീവിച്ചു ജീവിതത്തിലേക്ക് പിച്ചവച്ചു നീ ഒരു മുതിർന്ന മനുഷ്യനാകുമ്പോൾ, ഈ ചിത്രങ്ങൾ ബാക്കിയാകുന്നെങ്കിൽ ഓർക്കണം. അന്നൊരിക്കലുണ്ടായ ഒരു മഹാമാരിക്കാലത്തെ അതിജീവിച്ച മലയാളത്തിൻറെ മനുഷ്യത്വത്തെക്കുറിച്ച്, മനുഷ്യസ്നേഹികൾ നിന്നെ യാത്രയാക്കിയ നിമിഷങ്ങളെക്കുറിച്ച്, നിന്റെയും മാതാപിതാക്കളുടെയും വിശപ്പിലും സുരക്ഷയിലുമുണ്ടായിരുന്ന ഞങ്ങളുടെ കരുതലിനെക്കുറിച്ച്…💕😔
പ്രാണൻ പണയംവച്ചും നിന്നെപ്പോലുള്ള ആയിരങ്ങളെ ജീവിതത്തിലേക്കു തിരിച്ചുപിടിക്കാൻ ഇറങ്ങിയ പോലീസുകാരും ആരോഗ്യപ്രവർത്തകരും, പൊതുപ്രവർത്തകരും റയിൽവെ ജീവനക്കാരുമടങ്ങുന്ന ഈ മനുഷ്യരെല്ലാവരും നിന്റെ മതത്തിൽപ്പെട്ടവരായിരുന്നിരിക്കില്ല, നിന്റെ മാതാപിതാക്കളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രവും, ആദർശ നിലപാടുകളും പങ്കുവയ്ക്കുന്നവരായിരുന്നിരിക്കില്ല. നിന്റെ ബന്ധുവോ, അയൽക്കാരനോ, നാട്ടുകാരനോ പോലുമായിരുന്നിരിക്കില്ല. ഒരുപക്ഷേ അജ്ഞാതർ, അപരിചിതർ, ഇതര സംസ്ഥാനക്കാർ, മല്ലുവാലാ, മദ്രാസിവാലാ… എന്നെല്ലാമുള്ള ഭാഷാപ്രയോഗങ്ങളിൽ ഒതുക്കാൻ കഴിഞ്ഞേക്കും.!
അക്കാലത്ത് മനുഷ്യനെയും മനുഷ്യത്വത്തെയും തിരിച്ചറിയുന്ന സുന്ദരമനസ്സുള്ളവരായിരിക്കട്ടെ നിന്റെ തലമുറ. വളർച്ചയുടെ ഘട്ടത്തിൽ എപ്പോഴെങ്കിലും ആരെങ്കിലുമൊരിക്കൽ ആരാവാനാണ് ആഗ്രഹമെന്ന് ചോദിക്കുമ്പോൾ മടിക്കാതെ പറഞ്ഞേക്കുക, മനുഷ്യനാവാനാണ് ആഗ്രഹമെന്ന്. കാരണം നിന്നെ ജീവിതത്തിലേക്ക് നോവുണർത്താതെ കൊണ്ടുപോകുന്ന ഈ നാട്ടിലെ ഈ കാലത്ത് ഡോക്ടർ, എഞ്ചിനീയർ, അഭിഭാഷകൻ … എന്നതിനേക്കാളൊക്കെയേറെ മനോഹരവും ആകർഷകവുമായ പദം മനുഷ്യൻ എന്നതാണ്. അതാണ് ഉദാത്തവും അനശ്വരവും.! ❤️
ഇവിടെ മഹാമാരിയുടെ അതിജീവനങ്ങൾക്കുശേഷം ഞങ്ങളുടെ കാഴ്ച്ചപ്പരിധിയിൽ, ജാലകങ്ങൾക്കപ്പുറം സൂര്യനുദിക്കും. കോവിഡ് കാലത്തിന്റെയപ്പുറത്ത് ആത്മാവുകളില്‍ നിന്നും, ജനിമൃതികളില്‍ നിന്നും ഊറിക്കൂടിയ ജീവിതം ഒരു തേങ്ങലിന്റെ രൂപം പൂണ്ടു അലതല്ലുന്ന കാഴ്ചകളും അവസാനിക്കുമായിരിക്കില്ല. നിന്റെ യൗവനകാലത്തിന് ഞങ്ങളെക്കുറിച്ചു ഒരു കഥ പറയാനുണ്ടാകണം. ജാതിയും, മതവും, രാഷ്ട്രീയവും ഒന്നുമില്ലാതെ ഞങ്ങൾ…. നമ്മൾ… ഒരു മഹാമാരിക്കാലത്തെ അതിജീവിച്ച കഥ. കാരണം ഞങ്ങൾ ഈ ഋതുവിൽ കഴിഞ്ഞുപോയ പ്രളയകാലങ്ങൾക്കുശേഷം അതിജീവനം ശീലമാക്കേണ്ടി വന്നവരാണ്..!! 🥰😍
സ്നേഹത്തിനു വേണ്ടിയുള്ള തീക്ഷ്ണസമരവും, ശുഭകരമായ ആകസ്മിതകള്‍ക്ക് വേണ്ടിയുള്ള തീരാകാത്തിരിപ്പുമാണ് ജീവിതമെന്ന് നിന്റെ തലമുറയ്ക്കും നിർവചിക്കാനാവട്ടെ. ഒരു തുള്ളി ഇരുട്ടില്‍ ഒറ്റിക്കൊടുക്കുന്ന മഹാമൗനത്തിനപ്പുറം ഇവിടെ, രോഗാതുരമായ വിഹ്വലതകൾക്കുശേഷം പുറത്തു തുലാവർഷം കനക്കുമായിരിക്കും. മടങ്ങി ഞങ്ങളിലേക്ക് തന്നെയെത്തുന്ന നിങ്ങൾക്ക് കാണാന്‍ ഒരു പൊൻകിനാവിനെ തുന്നുകയാണ് ഞങ്ങൾ. ചിത്രങ്ങളില്‍, നിറങ്ങള്‍ പതിപ്പിച്ച്… അങ്ങനെയങ്ങനെ…,
ഈ ഋതു ഒരു അതിജീവനകാലത്തിലേതാണ്..! ഇവിടെ പ്രളയം വഴിമാറിയ ഇടവഴികളിൽ ഞങ്ങളുടെ കാലത്തിന്റെ മനുഷ്യനന്മയുടെ ശരീരങ്ങൾ മാത്രം, മഴ നനഞ്ഞു മരിക്കാതെ കിടക്കുന്നു.!
ഞങ്ങളുടെ മണ്ണിലേക്ക് തന്നെ മടങ്ങി വരിക…. മടങ്ങാനായ് മാത്രം യാത്രയാവുക…
നിങ്ങൾക്കും നിങ്ങളെ സ്നേഹിക്കുന്നവർക്കും സ്വസ്ഥി..!! ❤️