രചന : വി.ജി. മുകുന്ദൻ

ഈ മണ്ണും മരങ്ങളും
പുഴകളും പുഴുക്കളും പൂക്കളും
കാണുന്നു ഞാൻ;
നിന്നേയും കണ്ടറിയുന്നു
പലവട്ടം നോക്കി കാണുന്നു…

മുഖം കണ്ട്
അറിയുന്നു മനസ്സും…
മുഖമാണല്ലോ മനസ്സിന്റെ കണ്ണാടി;
കണ്ണിൽ നോക്കി കേൾക്കണം
കണ്ണുകൾക്കുമുണ്ടനവധി
കഥകൾ പറയുവാൻ…!

നിന്റെ
കൺമിഴികൾ നനയുന്നതും
തുളുമ്പുന്നതും,
പ്രണയവും
കരുതലും തേങ്ങലും
മിന്നിമറിയുന്നതും
കാണുന്നു ഞാൻ;

നിന്റെ കണ്ണുകളിൽ
ജ്വലിയ്ക്കും
നിൻ മനസ്സും
കാണുന്നു!!.
പക്ഷെ,
കണ്ടിട്ടില്ല ഞാൻ
എന്നെ..,
എന്റെ മുഖത്തെ;
അറിഞ്ഞില്ല ഞാനെൻ
ജ്വലിയ്ക്കും മനസ്സിനെ
എൻ കൺകളിലൂടെ!!.

കാണുന്നില്ല
ഞാൻ
എന്റെ കണ്ണുകൾ
വിതുമ്പുന്നതും
പറയുന്നതും
ഒരിക്കൽ പോലും!!

നീയും എല്ലാം കാണുന്നു
എല്ലാം..
പക്ഷെ
കാണുന്നില്ലല്ലോ നിന്നെ;
അറിയുന്നുമില്ല
നിൻ ജ്വലിക്കും മനസ്സിനെയും
നിന്റെ കൺകളിലൂടെ..!

സ്വയം നോക്കി കാണാൻ
കഴിയാതെ
നിനച്ചിരിയ്ക്കുന്നു
നീയും ഞാനും
കണ്ണാടിയിൽ കാണും
പ്രതിബിംബം നമ്മുടെതെന്ന്.!!

‘മുഖം’ അറിയാതെ
മുഖം തേടുന്നവർ
നമ്മൾ
പ്രതിഛായയിൽ
‘സ്വയം’ കണ്ട് മുട്ടുവാൻ
ശ്രമിയ്ക്കുന്നവർ

എല്ലാവരും കാണുന്നു
എല്ലാം;
നിന്നെയും എന്നേയും
പക്ഷെ,
ആരും ‘ഞാൻ’ എന്ന
അവനവനെ കാണുന്നില്ല!!.

‘ഞാൻ’ എന്ന ഭാവമില്ലാതെ
നിന്റെ കണ്ണുകൾ എന്നെയും
എന്റെ കണ്ണുകൾ നിന്നെയും
കാണട്ടെ,
നമുക്ക് തമ്മിൽ വിശ്വസിക്കാം
പരസ്പരം അറിയാം;
നമ്മളാവാം…..!!!

‘ഞാൻ’ ഇല്ലാത്ത
നമ്മളൾ മാത്രമുള്ള ലോകത്ത്‌,

വെറും പ്രതിബിംബം കണ്ട്
അത് ‘ഞാൻ’ തന്നെയെന്ന്
വിശ്വസിക്കേണ്ടിവരുന്ന
വെറും വിഡ്‌ഢിയായ
പമ്പര വിഡ്ഢിയായ ‘ഞാൻ’
ഇല്ലാത്ത ലോകത്ത്‌

നമുക്ക് തമ്മിൽ വിശ്വസിക്കാം
നമ്മളാവാം.!!!!

വി.ജി. മുകുന്ദൻ

By ivayana