രചന : Sidheeq Chethallur
ഏഴോ എട്ടോ
ആടുണ്ടാവും
വലിയുമ്മയ്ക്ക്
കൂട്ടത്തിലൊന്ന്
ബലിയാടായിരിക്കും
വല്ല ജാറത്തിങ്കലേക്കോ
ശൈഖന്മാരുടെ
ആണ്ടറുതിക്കോ
ഒക്കെ നേർന്നിട്ടതായിരിക്കും
ആടുവളർത്തലിൽ
ബറകത്തുണ്ടാവാനും
കുടുംബത്തിലുള്ളോർക്ക്
ദീനോം കേടും
ഒന്നുമില്ലാതിരിക്കാനുമാണ്
നേർച്ചയിടുന്നത്
നേർച്ചയാടിന്
പരിപൂർണ്ണ സ്വാതന്ത്ര്യമാണ്
കയറിട്ട് കെട്ടിവലിക്കില്ല,
കുരുത്തക്കേടിന്
ചീത്തയില്ല
നേർച്ചയാടിനെ നിന്ദിക്കുന്നത്
നേർച്ചക്കാരെ
നിന്ദിക്കുന്നതിന്
തുല്യമാണെന്നാണ്
വലിയുമ്മയുടെ വെപ്പ്
നേർച്ചകൊടുക്കുന്ന
ദിവസം
വലിയുമ്മയുടെ കാര്യം
പോക്കാണ്
ആടിനൊരു
നൂറുമ്മയൊക്കെ കൊടുത്ത്
ഒരുതുള്ളി
കണ്ണീര് പൊഴിച്ച്
അവസാനം അവന്റിഷ്ട
ഭക്ഷണമൊക്കെ നൽകി
ഹൃദയം പറിച്ചാണ്
യാത്രയാക്കാറ്
വീട്ടുകാര് മൊത്തം
ഒരാഴ്ചയെങ്കിലും
അവന്റെ ഓർമ്മകളിൽ
ജീവിക്കും
മറ്റേ ആടുകളുടെ
കഥയാണ് കാര്യം
കുട്ടിത്തം വിടുംമുന്നേ
കഴുത്തില് വീണ
കയറും പിടിച്ച്
ഇങ്ങോട്ടാടേ
അങ്ങോട്ടാടേ
അതുകടിക്കാതാടേ
ഇതുകടിക്കാതാടേന്ന്
പറഞ്ഞ്
ഒരുസ്വൈര്യവും
അവറ്റക്കുണ്ടാവില്ല
അവസാനം
അറവുകാരനെ
പിടിച്ചേൽപ്പിക്കുമ്പോ
ആരെങ്കിലും
ഒരുതുള്ളി കണ്ണീര്
പൊഴിച്ചാലായി
അതും നോട്ടുകളുടെ,
നേട്ടങ്ങളുടെ പളപളപ്പിൽ
മുങ്ങിപ്പോവാറാണ്
പതിവ്.