രചന : മനോജ് കാലടി
സബർമതിയുടെ തീരത്തു കേൾക്കുന്നു
കരളു നോവുന്നോരാത്മാവിൻ രോദനം.
ഭരണഘടനതൻ ശില്പിയാം അബേദ്കർ
പരിതപിക്കുന്നു നാടിന്റെവസ്ഥയിൽ.
ഭാരതത്തിന്റെ ഹൃദയത്തിനുള്ളിലായ്
പണിതു നല്ലൊരു ശിൽപ്പവും പണ്ടവർ.
കല്ലുകൊണ്ടല്ലിരുമ്പു കൊണ്ടല്ലത്
നൂലിഴപോലെ സ്നേഹമാം ഭാഷയിൽ.
സഹിഷ്ണുതയും സമത്വവും നൽകുന്ന
ഭരണഘടനയാം നല്ലോരു ശില്പവും.
വർണ്ണരാജി വിതറുന്നോർക്കന്നായ്
നാടിനൈക്യപ്രതീകമായ് നിന്നത്.
ഭീതി വിതറി ഇരുട്ടിന്റെ ശക്തികൾ
നാടിളക്കി വിഷക്കാറ്റു വീശുന്നു.
ഭയം വിതറി ഇരുൾ നിറഞ്ഞീടുമ്പോൾ
ഇരുട്ടിന്റെ ശക്തിയിൽ ശില്പം വികൃതമായ്.
മാറ്റിയെഴുതുന്നു താളുകളനുദിനം
ഭരണഘടനതൻ ഭംഗിയും മാറുന്നോ?
ഭാരതത്തിന്റെ ശിൽപികൾ കരയുന്നു
നഷ്ടമാകുന്ന ശില്പത്തിൻ ഭംഗിയിൽ.
ഭിന്ന സംസ്കാരക്കളിത്തൊട്ടിലാകിയ
നാടിന്റെ പൈതൃകം തേങ്ങുന്ന കാഴ്ചയിൽ.
പതറീടല്ലന്റെ നാടിൻ യുവത്വമേ
പൊരുതി നേടാം കനൽ വീഥികൾ നമ്മൾ..