രചന: സുനു വിജയൻ
ഗോപു.. മോനെ ഗോപു ഇതെന്തൊരുറക്കമാ എഴുനേല്ക്ക് അമ്മ എത്ര നേരമായി കാത്തിരിക്കുന്നു. മോൻ ഉണരട്ടെ എന്നു കരുതി അമ്മ കാത്തിരുന്നു മടുത്തു…
അല്ലങ്കിലും അമ്മ ഇന്നുവരെ മോനെ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ലല്ലോ. എന്നും മോന്റെ സൗകര്യം നോക്കി കാത്തിരിക്കുകയായിരുന്നല്ലോ. .
ഇത് അമ്മയുടെ പിടിപ്പുകേടാണ് എന്നു ചിലർ പറഞ്ഞേക്കാം അത് ശരിയായിരിക്കുകയും ചെയ്യാം. പക്ഷെ അമ്മക്ക് അമ്മയാകാനല്ലേ പറ്റൂ. അമ്മയുടെ രീതികൾ ഇങ്ങനെയൊക്കയാ. അതൊട്ട് മാറ്റാനും പറ്റില്ല. ഇപ്പോൾ തന്നെ നോക്കൂ ഞാൻ എത്ര നേരമായി നീ ഉണരുന്നതും കാത്തിരിപ്പാണ്. ഇനിയെങ്കിലും നിന്നോട് ചിലതു പറയാതെ വയ്യ.
അല്ലങ്കിൽ എന്റെ ആത്മാവിനു ശാന്തി ലഭിക്കില്ല.
മരിച്ചു പോയില്ലേ ഇനി എന്തു നോക്കാൻ എന്നാവും എല്ലാരും കരുതുക എന്നാൽ ഒരാത്മാവിന്റെ ദണ്ണം ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കാനാണ്. അത് ഞങ്ങൾ ആത്മാവുകൾക്കു മാത്രം മനസിലാക്കാൻ കഴിയുന്ന ഒന്നാണ് . സ്വസ്ഥത ഇല്ലാതെ പിടഞ്ഞു അലഞ്ഞു..
പിന്നെ ഒരു ഗതിയില്ലാതെ, തിങ്ങി നിറഞ്ഞ വേദന പുറത്തു കാണിക്കുവാൻ കഴിയാതെ അതൊന്നു ലഘൂകരിക്കാനാവാതെ ഒരു തീകുണ്ഡം വിഴുങ്ങിയ അവസ്ഥയിൽ… ഓ അത് പറയാൻ തന്നെ കഴിയുന്നില്ല….
മോനെ നീ ഇപ്പോഴും ശ്രീകുട്ടിയുമായി പിണക്കത്തിലാണോ. അവൾ എന്റെ മരുമകളായി വന്നപ്പോൾ എനിക്കെന്തു സന്തോഷമായിരുന്നു.. അഞ്ചു പെണ്മക്കളുള്ള എനിക്ക് ആറാമതു ഒരു മോളെക്കൂടി ദൈവം തന്നു എന്നേ കരുതിയുള്ളൂ.
നിന്റെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്നു തന്നെ എല്ലാ തിരക്കുകളും മാറ്റിവച്ചു ഞാൻ കാഞ്ഞിരപ്പള്ളിയിൽ അക്കരപ്പള്ളിയിൽ പോയി അക്കരയമ്മക്ക് മുൻപിൽ മെഴുകുതിരി കത്തിക്കാൻ പോയത് നീ മറന്നോ. അന്ന് നിന്നെയും കൂട്ടിയല്ലേ ഞാൻ അക്കരപ്പള്ളിയിൽ പോയത്.
അന്ന് ശ്രീകുട്ടിക്കു പള്ളിയിൽ വരാൻ മടിയായിരുന്നു. വൈക്കത്തമ്പലത്തിൽ നിന്നും ഇറങ്ങാതെ നടന്ന കുട്ടി എങ്ങനെ പള്ളിയിൽ വരാൻ..
ഞാൻ ഒരു പഴയ നാട്ടിൻ പുറത്തുകാരി. വലിയ വലിയ കാര്യങ്ങൾ ഒന്നും ഒരിക്കലും മനസിലാക്കിയിരുന്നില്ല.
നീ അവളെ കല്യാണം കഴിക്കുമ്പോൾ അവൾ എം സി എ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നല്ലോ.
രാത്രിയിൽ പഠിക്കുന്ന അവൾക്കു ഉറക്കം വരാതിരിക്കാൻ കടുംകാപ്പിയുമായി ചെന്നപ്പോൾ എന്റെ നഖത്തിന്റെ ഇടയിൽ ചെളിയുണ്ട് എന്നു പറഞ്ഞു അവൾ ആ കാപ്പി കുടിക്കാതെ ജനാലയിൽ കൂടി അറപ്പോടെ മുട്ടറ്റത്തേക്കു ഒഴിച്ചു കളയുമ്പോൾ ഭാര്യയുടെ വൃത്തിബോധത്തിൽ നീ പുളകിതനായി കട്ടിലിൽ ഇരിക്കുന്നത് ഞാൻ വേദനയോടെ കണ്ടിരുന്നു.
രാവിലേ കാപ്പിക്ക് പുട്ടും പഴവും എടുത്തു വെക്കുമ്പോൾ അറപ്പു കാരണം അമ്മ ഉണ്ടാക്കിയ പുട്ട് കഴിക്കാതെ പഴം മാത്രം കഴിച്ചു തീൻ മേശയിൽ നിന്നും അവൾ എഴുനേറ്റു പോകുമ്പോൾ ഞാൻ അവളുടെ സ്വഭാവത്തിൽ വേദനയോടെ സന്തോഷിച്ചിരുന്നു. പിന്നെ നീ അവളെയും കൂട്ടി അവളുടെ വീട്ടിലേക്കു ന്യായീകരണങ്ങൾ നടത്തി താമസം മാറിയപ്പോൾ അത് നിനക്കും അവൾക്കും സന്തോഷവും, സൗകര്യവും ആകുമെങ്കിൽ ആകട്ടെ എന്നു കരുതി നെഞ്ചുപൊട്ടുന്ന വേദനയോടെ ഒക്കെ സഹിച്ചു. വേദന കടിച്ചമർത്തി.
ഒരേയൊരു ആണ്തരി സ്വന്തം അമ്മയെയും പെങ്ങന്മാരെയും ജനിച്ചു വളർന്ന വീടും ഒക്കെ ഉപേക്ഷിച്ചു ഭാര്യയുടെ സൗകര്യങ്ങൾക്ക് കുടപ്പടിക്കാൻ പൊന്നുമോൻ അകന്നു പോയപ്പോൾ മകന്റെ നന്മയും സമാധാനവും ആഗ്രഹിച്ചിരുന്ന അമ്മ ഒന്നും പറയാതിരുന്നത് തെറ്റായിപ്പോയി എന്നു പലരും പറഞ്ഞെങ്കിലും അമ്മ അതോർത്തു വ്യാകുലപ്പെട്ടില്ല.
പിന്നെ പിന്നെ മോൻ വീട്ടിൽ എത്തുക ഒരു വിരുന്നുകാരനെപോലെയായി.
അമ്മക്കു ഒന്ന് കാണണമെങ്കിൽ ഫോൺ വിളിച്ചു കാത്തിരിക്കണം എന്നായി
എന്നിട്ടും മരുമകളായ ശ്രീകുട്ടിയെ ഒരിക്കലും വെറുത്തില്ല. അവൾ വിദ്യാഭാസമില്ലാത്ത തന്നെ അവജ്ഞയോടെ കണ്ടപ്പോൾ, തനിക്ക് വൃത്തിയില്ല എന്ന കാരണം പറഞ്ഞു വീട്ടിൽ എത്തിയാൽ ഒരു കവിൾ വെള്ളം പോലും കുടിക്കില്ല എന്നു മനസിലാക്കിയപ്പോൾ അറിഞ്ഞു അത് അഹങ്കാരത്തിന്റെ മറ്റൊരു ലക്ഷണം ആണെന്ന്.
ആറു മക്കളെ പെറ്റു പോറ്റി വളർത്തിയപ്പോൾ ആരും ഒരു കുറ്റവും പറഞ്ഞു തന്നെ മാറ്റിനിർത്തിയില്ല വിദ്യാഭാസവും സംസ്കാരവും ഒന്നിനും ഒരു വിലങ്ങുതടി ആയില്ല.
മകൻ മാതാപിതാക്കളിൽ നിന്നും, കുടുംബത്തിൽ നിന്നും അകന്നകന്നു ഭാര്യയുടെ വീട്ടിലേക്കും തുടർന്നു അവരുടെ അടുത്തു മറ്റൊരു വീടെടുത്ത് താമസം തുടങ്ങിയപ്പോൾ സ്വയം സമാധാനിച്ചു. മോന് രണ്ടു കുഞ്ഞുങ്ങൾ പിറന്നപ്പോൾ ആ മക്കളെ ഒന്ന് താലോലിക്കാൻ കൊതിച്ചു.
എല്ലാം വെള്ളത്തിൽ വരച്ച വരപോലെ ആയി. പേരക്കുട്ടികൾ വിരുന്നു വരുന്ന ഓണ നാളുകൾക്കായി കാത്തിരുന്നു.
ആദ്യമാദ്യം ഓണത്തിനെങ്കിലും മോൻ അവളും പുള്ളേരുമായി വന്നു പോയിരുന്നു. പിന്നെ അതും ഒരു സ്വപ്നമായി.
അവൾക്കു ടീച്ചർ ആയി ജോലി കിട്ടിയപ്പോഴേക്കും അവൾ നിന്നെയും അകറ്റി നിർത്താൻ തുടങ്ങി.
അന്നൊന്നും മോനെ നീയത് മനസിലാക്കിയില്ലേ.. അവൾ കുടുംബ മഹിമ പറഞ്ഞ്, അച്ഛന്റെ പോരായ്മകൾ പറഞ്ഞ് നിന്നെ തരം താഴ്ത്തുമ്പോൾ, നിന്നെ ഒഴിവാക്കാൻ മക്കളുമൊത്ത് അവളുടെ വീട്ടിലേക്കു താമസം മാറ്റിയപ്പോൾ നീയെന്തേ ഒന്നും പ്രതികരിച്ചില്ല..
നിന്റെ ജോലിക്ക് മഹത്വം പോരാ എന്നു പറഞ്ഞ് വിദേശത്തേക്ക് നിന്നെ അയച്ചപ്പോൾ, അവിടെ ജോലി ചെയ്തു കിട്ടുന്ന പണം മുഴുവൻ അവളുടെ പേരിൽ അയക്കുമ്പോൾ എങ്കിലും നീ നിന്നെക്കുറിച്ചു ചിന്തിച്ചില്ലേ..
നാട്ടിൽ വന്നു ഭാര്യയുടെ പേരിൽ വലിയ വീടും സ്ഥലവും വാങ്ങുമ്പോൾ എങ്കിലും നിനക്കൊരു തിരിച്ചറിവ് ഉണ്ടാകും എന്നു ഞാൻ വെറുതെ പ്രതീക്ഷിച്ചു. അവസാനം എല്ലാം കൈക്കലാക്കി നിന്നെ നിന്റെ വീട്ടിൽ നിന്നും ആട്ടി പുറത്താക്കിയപ്പോൾ സമയം ഒരുപാടു കടന്നു പോയിരുന്നു.
ഒരനാഥനെ പോലെ നീ ഒക്കെ നഷ്ടപ്പെട്ടു കുഞ്ഞുങ്ങളെ ഒന്നു കാണാൻ കൊതിച്ചു കഴിഞ്ഞപ്പോൾ അവളുടെ ഏതു സംസ്ക്കാരം ആയിരുന്നു അവൾക്കു സന്തോഷം നൽകിയത്.. അവളുടെ ഏതു അറിവുകളായിരുന്നു ന്യായീകരിക്കാൻ സാധിക്കുമായിരുന്നത്…
നീ ഒരു പാവപെട്ട അച്ഛന്റെ മകനായി പിറന്നതായിരുന്നോ നിന്റെ കുറ്റം. വിദ്യാഭാസം കുറഞ്ഞ ഒരു സ്ത്രീയുടെ മകനായി, പിറന്നതായിരുന്നോ നിന്റെ കുറ്റം.
അതോ അഞ്ചു സഹോദരിമാരുടെ കുഞ്ഞാങ്ങളയായി പിറന്നതിന്റെ പ്രാരാബ്ദം കൊണ്ടോ… ഇതൊക്കെ അറിഞ്ഞല്ലേ അവൾ നിന്നെ വിവാഹം കഴിക്കാൻ തയ്യാറായത്. പിന്നെന്തിനു മകനെ അവൾ സമ്പത്തും ജോലിയും ആയപ്പോൾ നിന്നെ തള്ളി പറഞ്ഞു..
നിന്നോടുള്ള, നിന്റെ കുടുംബത്തോടുള്ള പക മൂത്തു നിന്റെ അച്ഛൻ മരിച്ച വിവരം അറിഞ്ഞിട്ടും, അഹങ്കാരത്തോടെ ആ പാവം കുഞ്ഞുങ്ങളെയും കൂട്ടി ഒരുങ്ങി സ്കൂളിൽ പഠിപ്പിക്കാൻ പോയത് എങ്ങനെ ന്യായീകരിക്കും.
നിന്റെ അമ്മയായ ഞാൻ മരിച്ചപ്പോൾ പോലും എന്റെ പേരക്കുട്ടികളെ ഒരുക്കി സ്കൂളിൽ അയച്ചില്ലേ. സ്ത്രീക്ക്
അനുകൂലമായ നിയമവും, നിയമ സംവിധാനവും മുതലാക്കി അഹങ്കാരത്തോടെ ഞാൻ വിജയിച്ചു എന്നുകരുതി ജീവിക്കുന്ന അവളെ ഓർത്തു മകനെ നീ എന്തിനു ഇന്നും ഇങ്ങനെ ജീവിക്കുന്നു.
എന്തിന്റെ പേരിൽ, സ്നേഹത്തിന്റെ പേരിലോ, അഗ്നി സാക്ഷിയായി വിവാഹം ചെയ്തതിന്റെ വാഗ്ദാനം പാലിക്കാനോ, നിന്റെ ആത്നഭിമാനത്തെ, നിന്റെ സത്തയെ കരുതിയോ…
ഗോപു ഞാൻ നിന്നെ പ്രസവിച്ച നിന്റെ അമ്മയാണ്.
നിനക്ക് എന്റെ കാര്യത്തിൽ നിന്റെ അച്ഛന്റെ കാര്യത്തിൽ ഒരു ചിന്തയും ഇല്ലേ.. ഞങ്ങൾ വെറും ആത്മാക്കൾ.. പക്ഷേ ഗോപു നീ ഇനിയെങ്കിലും ഞങ്ങളുടെ അവസ്ഥ ഒന്നു മനസ്സിലാക്കുക.. ഗോപു. ഗോപു നീ കേൾക്കുന്നില്ലേ.. നീ മനസിലാക്കുന്നില്ലേ.. ഗോപു.. മോനെ ഗോപു..
പുറത്തെ ശക്തമായ മഴയുടെ ആരവം കേട്ടു ഗോപു ഞെട്ടിയുണർന്നു.. അപ്പോഴേക്കും പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു ആ ആത്മാവ് മുറ്റത്തെ മഴയിലേക്കലിഞ്ഞു ചേർന്നു
നേരം നന്നേ പുലർന്നിരിക്കുന്നു. ഇത്രയും നേരം അമ്മ സ്വപ്നത്തിൽ വന്നു തന്നോട് സംസാരിക്കുകയായിരുന്നു എന്നു വിശ്വസിക്കാൻ കഴിയുന്നില്ല.
ഗോപു പഴയ ചില്ലു ജനാല കിടക്കയിൽ കിടന്നുകൊണ്ട് തള്ളിത്തുറന്നു. .മുറ്റത്തെ വെളുത്ത കനകാംബര പൂക്കൾ ഒന്നൊഴിയാതെ എല്ലാം കൊഴിഞ്ഞു കിടക്കുന്നു.. അതു കണ്ടപ്പോൾ ഗോപു ഒരിക്കൽ അമ്മ പറഞ്ഞത് ഓർത്തു.
ഈ വെളുത്തു മനോഹരമായ കനകാംബര പൂക്കൾ ചില മനുഷ്യരുടെ ജീവിതം പോലെയാണ് സുഗന്ധം ഇല്ലാത്തതിന്റെ പേരിൽ അവഗണിക്കപ്പെടുന്ന വെളുത്ത കനകാംബര പൂക്കൾ അർച്ചനയ്ക്ക് ഉത്തമം ആണെങ്കിലും അതിന്റെ വിലയറിയാതെ ചിലർ പുറംതള്ളും.. ഈ അമ്മയുടെ ജീവിതം പോലെ
ഗോപു മനസ്സിൽ ഓർത്തു എന്തിനാവാം അമ്മ തന്നോട് ഇത്രയും സംസാരിക്കാൻ തുനിഞ്ഞത് .
ഈ കുന്നിൻ മുകളിലെ വീട്ടിൽ ഏകാകിയായി താൻ താമസിക്കുന്നത് അമ്മക്കു വിഷമമായി കാണണം പാവം അമ്മ മരണ ശേഷവും തന്നെയോർത്തു വേവലാതി കൊള്ളുന്നു.. മക്കൾ അറിയാത്ത അമ്മ മനസുകൾ. അവർ ആത്മാവുകളായി മാറിയാലും മക്കളോട് സംവദിച്ചുകൊണ്ടേയിരിക്കും.. അമ്മമാർ അങ്ങനെയാണ്..മരിച്ചാലും മക്കളുടെ വേദനയിൽ സങ്കടത്തോടെ കരയും ഈ വെളുത്ത കനകാംബര പൂവുകൾ പോലെ… നെടുവീർപ്പോടെ ഉറക്കമുണർന്ന ഗോപു വേഗം കുളിച്ചു തയ്യാറായി കുന്നിറങ്ങി…
അമ്മയുടെ പരിഭവം തീർക്കാൻ പുതിയ ഉപാധികൾ കണ്ടെത്താൻ .