രചന : സതി സുധാകരൻ
നീലക്കുളമേ, നീലക്കുളമേ നീയൊരു കാരിയം ചൊല്ലുമോ,
നീയൊരു കാരിയം ചൊല്ലുമോ?
പന്തൽ വിരിച്ച കടപ്ളാവിലകൾ
മേനി തലോടാറുണ്ടോ,നിൻ്റെ മേനി തലോടാറുണ്ടോ?
കൈതപ്പൂവിൻ പരിമളം നിന്നെ കുളിരണിയിക്കാറുണ്ടോ
നിന്നെ,കുളിരണിയിക്കാറുണ്ടോ?
നെൽവയലിലെ കതിർക്കുലകൾ കൊയ്തെടുക്കാറുണ്ടോ?
നീയുംകൊയ്തെടുക്കാറുണ്ടോ?
കുഞ്ഞോളങ്ങളിൽ കുഞ്ഞിപ്പായൽ മന്ത്രം ചൊല്ലാറുണ്ടോ ,
കാതിൽ മന്ത്രം ചൊല്ലാറുണ്ടോ?
നാരായണക്കിളി നാമം ചൊല്ലാൻ
അരികിൽ വരാറുണ്ടോ നിന്നരികിൽ വരാറുണ്ടോ?
രാവിൻ്റെമാറിൽ ചേർന്നുറങ്ങാനൊരു താമരക്കൂടുണ്ടോ?
സൂര്യകിരണങ്ങൾ ഏറ്റിട്ടിപ്പോൾ താമര വിരിയാറുണ്ടോ?
നീലത്താമര,വിരിയാറുണ്ടോ?
വർണ്ണക്കൊലുസ്സിട്ടനീലപ്പൊന്മാൻ
നീരാട്ടിന്നിറങ്ങാറുണ്ടോ?
തംബുരു മീട്ടി കുഞ്ഞാറ്റക്കിളി നൃത്തമാടാറുണ്ടോ?
നിന്നരികിൽ നൃത്തമാടാറുണ്ടോ?
ആകാശക്കാഴ്ചകൾ കണ്ടു നീ,മയങ്ങുമ്പോൾ
എന്നെയുമോർക്കാറുണ്ടോ?