രചന : രഘുനാഥന്‍ കണ്ടോത്ത്
സാമ്യമില്ലാഗൃഹാതുരപൂർണ്ണിമയാണെന്നും
ഗ്രാമ്യജീവിതപദനിസ്വനമാർന്ന നാളുകൾ
രമ്യമാം നാട്ടിടവഴികൾ നയിച്ച ബാല്ല്യങ്ങ,ളഭി‐
കാമ്യമാം കമാനങ്ങളായ് വള്ളിക്കുടിലുകൾ!
മധുവൂറും ഋതുമതിപ്പൂക്കളീവഴിത്താരയിൽ
മദഭരമാർന്ന ദർശനപുണ്യമേകവേ
മതിമറന്നു പാറിപ്പറന്നെന്റെ യൗവ്വനം
മതിവരാരതിതൃഷ്ണ!വിജൃംഭിതനായി ഞാൻ!
മാരുതിയിക്കിളിക്കൂട്ടും തരുക്കൾതൻ
സരോവരങ്ങളിൽ കമലങ്ങൾ കൺതുറക്കും
സൃഷ്ട്യുന്മുഖഗുഹാമുഖങ്ങൾ ചൂണ്ടി
സാഷ്ടാംഗപ്രലോഭിതം സീമന്തരേഖകൾ നീളും
പൃഷ്ഠഭരോദ്വഹനം കഠിനമെങ്കിലും
ഇഷ്ടം കണ്ണിനാ ഹംസപ്രിയനടനം,മോഹനം
ഇന്നുമേകാന്തതകളിൽ കാറ്റിലുണ്ടോമലേ!
അന്നത്തെ കൗമാരപ്രണയമന്ത്രണം!
അരുതാരുമറിയരുതിപ്രിയം പ്രിയനേ
അറിഞ്ഞാലതപ്രിയമാകും പലർക്കുമേ
രമണ‐ചന്ദ്രികാ കാവ്യമൊളിച്ചുവായിക്കയാൽ
രമണിക്കു കിട്ടിയ പീഡനമോർക്കുക
വരിക നാട്ടിടവഴിയിലൂടന്തിമയങ്ങവേ
വരുമെതിരെയെന്നനുജത്തിയാൾ
കരുതുകവശ്യമൊരു സന്ദേശം കയ്യിലായ്
തരികെനിക്കായതു ഭഗിനീസമക്ഷമേ!!
എത്ര സായന്തനസംഗമമാർന്നു നാം
എത്രയാമങ്ങൾ തൻ മറപറ്റി നിന്നു നാം
ജന്മതൃഷ്ണകൾ വിശപ്പിൻ തീക്കുണ്ഡമാകവേ
ചാരമായ് വിലക്കും വിഷക്കനിജാലവും!
നാട്ടിടവഴികൾ പീഡിതരാകും
ഗ്രാമീണതയുടെ ബാല്ല്യവധുക്കൾ
പതിതനു പറുദീസകളവയല്ലോ
പനിമതി മഴയിൽ കുളിച്ച ഗ്രാമം.