രചന : എൻ.കെ അജിത്ത്
എന്തോ ഇങ്ങനെയിരിക്കമ്പോൾ അവളോടൊരു ചോദ്യം,
ടീ അടുത്ത ജന്മമുണ്ടെങ്കിലും നമ്മൾ ഭാര്യാഭർത്താക്കന്മാർ ആയിരിക്കുമോ?
അതെന്താ ഇപ്പോ അങ്ങനെ ഒരു ചോദ്യം എന്നായി അവൾ..
അല്ല വെറുതേ ചോദിച്ചൂവെന്നു മാത്രം , ഞാൻ പറഞ്ഞു.
എന്തിനാണെന്നറിയാതെ എൻ്റെ കണ്ണു നിറഞ്ഞു വന്നു,
അവൾ അവളുടെ ജോലിയിൽ വ്യാപൃതയായി
പുറകോട്ടു ഞാനൊന്നു സഞ്ചരിച്ചു…
25 വർഷം മുമ്പ് ഞാനാരായിരുന്നു എന്നതായി ചിന്ത.
ഏറെ പ്രതീക്ഷകളൊന്നുമില്ലാതെ മുംബൈയിലെത്തിയ കാലം ഞാൻ ഓർത്തെടുത്തു.
താമസിക്കാൻ ഒരു റൂം വേണ്ടിയിരുന്ന നാളുകൾ ഓർത്തെടുത്തു,
ജയ്ക്കോച്ചിലെ ട്രാൻസിറ്റ് ക്യാമ്പ്
ജോഗേശ്വരിയിലെ മേഘവാഡി ചാലിലെ താമസം
ഭഗത് സിംഗ് നഗറിലെ ,മോത്തിലാൽ നഗറിലെ, വീരാറിലെ, വിക്രോളിയിലെ, കല്ല്യാണിലെ താമസങ്ങൾ….
ഇതിൽ ഏറ്റവും ഭീകരമായത് വീരാറിലെ താമസമായിരുന്നു.
ഒരു കുടുംബത്തിലെ നാലുപേർ ഒരുമിച്ച് ആത്മഹത്യ ചെയ്ത വീട്ടിലെ ഒറ്റയ്ക്കുള്ള താമസം… സത്യത്തിൽ റൂം എടുത്ത് രണ്ടാഴ്ച കഴിഞ്ഞു പലചരക്കു കച്ചവടക്കാരൻ ലോബോ പറയുമ്പോഴാണ് സംഭവം ഞാനറിയുന്നതുതന്നെ.
പകലുറക്കത്തിൽ ബിൽഡിംഗിനോട് ചേർന്നു നില്ക്കുന്ന തണൽമരത്തിലിരിക്കുന്ന പ്രാവു കുറുകുമ്പോൾ, രാത്രിയിൽ മുറുക്കിയടയ്ക്കാത്ത പൈപ്പിലെ വെള്ളം തുള്ളിയിറ്റിക്കുമ്പോൾ അറിയാതെ ഒരു ഭയം പിന്നീട് അരിച്ചു കയറിയിരുന്നു. ഗതികിട്ടാതെ വിഷം കഴിച്ചു മരിച്ചവരുടെ ആത്മാക്കൾ പിടയുന്നുണ്ടോ എന്ന തോന്നൽ, നുരയും പതയും വന്ന മുഖങ്ങൾ….
അങ്ങനെ രണ്ടുമുഖങ്ങൾ പണ്ട്, അതായത് 1988 ലോ മറ്റോ വീയപുരത്ത് ഞാൻ കണ്ടതാണ്. വിവാഹം നിഷേധിക്കപ്പെട്ട കമിതാക്കൾ ഒരു ശ്മശാനം പോലുള്ള സ്ഥലത്ത് വിഷം കഴിച്ചു മരിച്ചുകിടക്കുന്ന കാഴ്ച ഞാൻ കണ്ടിരുന്നു.. ചോരമയമുള്ള പതയും നുരയും മൂക്കിലും വായിലും പൊട്ടാറായി നുരച്ചുനിന്ന കാഴ്ച.
ആദ്യത്തെ ആ ഭയം പതിയെ മാറി..
ഞാൻ ഒറ്റയ്ക്ക് അവിടെ ഒന്നര വർഷം താമസിച്ചു. പിശാചിനേക്കാൾ വലിയ പൈശാചികതയുള്ളവനെക്കണ്ട് അവർ ഒതുങ്ങിപ്പോയതാവാം.
ഒരിക്കൽ ചിക്കൻപോക്സുവന്ന് എണീക്കാനാവാതെ 10 ദിവസം കിടന്നിട്ടും ആരുമറിഞ്ഞില്ല. 15 ആം പക്കമാണ് അയൽവാസി ചോദിക്കുന്നത് ആഹാ താങ്കൾ നാട്ടിലായിരുന്നോ എന്ന്!
ഒറ്റയ്ക്ക് വച്ചുണ്ട് ജോലിക്കു പോയി തിരികെ വരുമ്പോൾ നാടിനെ ഓർക്കും. വൃക്ഷത്തണലുള്ള ബാൽക്കണിയിലിരുന്ന് വല്ലപ്പോഴും നടന്നു പോകുന്ന കോളനി നിവാസികളെക്കണ്ട് ഞാൻ സിഗരറ്റ് വലിക്കും.
ഒന്നല്ല, ഒന്നിനു പിറകേ ആറെണ്ണം ഒരുമിച്ച് .. എല്ലാം തീരുമ്പോൾ തലയ്ക്ക് നല്ല കനമാകും, അപ്പോൾ വല്ലതും കഴിച്ച് പാത്രം കഴുകി വച്ച് ‘മേലോട്ടു നോക്കി, കറങ്ങുന്ന പങ്ക നോക്കിക്കിടക്കും. ആ സിഗരറ്റു വലിക്ക് വലിയ വിലകൊടുക്കേണ്ടി വന്നതിനാൽ പിന്നീടതും ഉപേക്ഷിച്ചു. കഫക്കെട്ടുവന്ന് ഞാൻ ചാകുമെന്നായപ്പോൾ അതു നിർത്തി. പക്ഷേ അന്നൊക്കെ എഴുത്തുശീലമാക്കിയിരുന്നെങ്കിൽ മഹാകാവ്യങ്ങൾ തന്നെ പിറക്കുമായിരുന്നു.
ഏകാന്തമായ ശനിയും ഞായറും വീട്ടുജോലി കഴിഞ്ഞാൽ ആർ.ഡി.ബർമ്മൻ്റെയും, എസ്ഡി ബർമ്മൻ്റെയും പാട്ടുകേൾക്കും. എത്രയോ ഗൃഹാതുരത്വ ഭരിതനാകും ഞാനപ്പോൾ! കല്ല്യാൺ ജി, ആനന്ദ് ജി എന്നിവർ ചിട്ടപ്പെടുത്തിയ ഗാനങ്ങളും, ദാസേട്ടനും, ജഗജിത് സിംഗ്, പങ്കജ് ഉദാസ് ഇവർ പകലും രാത്രിയിലും സംഗീതം പൊഴിച്ചുകൊണ്ടേയിരിക്കും. ഏകാന്തത സത്യത്തിൽ ജീവിതത്തിലെ വസന്തകാലമായി ഞാൻ ആസ്വദിച്ചു.
ഞാൻ സ്നേഹിച്ചവരെ, എന്നെ വെറുത്തിരുന്നവരെയൊക്കെ ഓരോരോ രാഗങ്ങളും ഓർമ്മിപ്പിക്കുമായിരുന്നു.
അങ്ങനെയുള്ള എൻ്റെ ഏകാന്ത ജീവിതത്തിലേക്ക് ഒച്ചയായിട്ടാണ് ഇവൾ വന്നത്. ഇപ്പോൾ കുറെക്കാലമായി മരണ ചിന്തയാണ് എന്നെ മഥിക്കുന്നത്. അങ്ങനെയൊരു സന്ദർഭത്തിലാണ് എൻ്റെ ചോദ്യം,
ടീ അടുത്ത ജന്മവും നമ്മൾ ഭാര്യാഭർത്താക്കന്മാരായിരിക്കുമോ?
ജോലി കഴിഞ്ഞെങ്കിൽ എണീറ്റുപോയി മയങ്ങൂ മനുഷ്യാ, വേറെ പണിയൊന്നുമില്ലേ?
അല്ലെടീ അടുത്ത ജന്മവും നീ എന്നെ സഹിക്കേണ്ടി വരുമെന്നോർക്കുമ്പോഴാസങ്കടം !
ആ അതു ശരിയാ… എന്നവൾ….
ബു ഹ ഹ ഹ എന്നു ഞാനും
എന്താല്ലേ?
എന്നെ സഹിക്കുന്ന ഇവൾക്ക് സഹന മന്ദാകിനി അവാർഡ് കൊടുക്കണം…