രചന : വാസുദേവൻ കെ വി
തീന്മേശയിൽ യുദ്ധം പൊട്ടിപ്പുറപ്പെടും പുലർവേളകളിൽ..
അപ്പോൾ അമ്മമാർക്ക് ചട്ടുകം വാളും ഉറുമിയുമാവും.
രണ്ടു ദോശക്കപ്പുറം പിന്നെയുള്ളതിനു നോ എൻട്രി നൽകി മക്കൾ. ഭക്ഷ്യ നിയമം കർക്കശമായി നടപ്പിലാക്കാൻ വിട്ടുവീഴ്ച്ച ഇല്ലാതെ അമ്മമാർ കൊണ്ടിടും മൂന്നാമത്തെ ധാന്യ വിഭവം. മുറവിളി ഉയരും.. പ്രതിഷേധം കനക്കും.. നിർദ്ദാക്ഷണ്യം അമ്മമാർ കർണ്ണകൈയേറ്റങ്ങൾ.. ഗ്ലാസുകളിലെ ജല പീരങ്കി..
സമരം ഒത്തു തീർപ്പാക്കാൻ സ്വോവോമോട്ടോ ആയി ഗൃഹന്യായാധിപൻ ഇറങ്ങി ഇലക്കും മുള്ളിനും കേടില്ലാത്ത “സ്റ്റേ “അങ്ങട് പ്രഖ്യാപിക്കും.
അകത്തളത്തിൽ രണ്ടിൽ ഒതുക്കുന്ന പിള്ളേർക്ക് ഭിന്ന മുഖം തട്ടുകടയിൽ ചെല്ലുമ്പോൾ.. സ്ത്രൈണ പാചകം കണ്ടു മടുത്ത പിള്ളേർക്ക് കൗതുകം പാചക പുരുഷവേഗം. നാലും ആറും വരെ തട്ടുന്നത് കണ്ട് അങ്കലാപ്പോടെ തള്ള മനം. നിർവൃതി കൊണ്ട് താത മനം.
പെണ്ണിന്റെ പാചകപൊങ്ങച്ചങ്ങൾക്കു മേൽ പൂവൻ മേൽക്കോയ്മ.. അവന് ആനന്ദ ദായകം..
ജൈവ നിയമങ്ങളാൽ മാലിന്യങ്ങളെ ശുദ്ധിവരുത്തുന്ന പുഴുക്കൾ ഇണചേർന്ന് നുരയുന്ന അഴുക്ക് ചാലിന് മുകളിരുന്നാണ് തീറ്റാ മാമാങ്കം. സോയാ പിണ്ണാക്കും, സോഡാകാരവും ചേർത്ത മാവ്. കേരചണ്ടിയും, കടലയും സമാസമം ചേർത്ത ചട്ണി.. അറവു പൊടി സമ്പുഷ്ട സാമ്പാർ… നാല് നാൾ സ്ഥിരമാക്കിയാൽ കുഞ്ഞു വയറുകൾ അരിപ്പയാവും. ജവാനും നെപ്പോളിയനും ജൂലിയസ് സീസറുമൊക്കെ നടത്തിയ ആയുധപരീക്ഷകൾ അതിജിവിച്ച നമ്മുടെ ആമാശയങ്ങളത് പ്രതിരോധിക്കും.
പിടക്കോഴിയോടും കുഞ്ഞുങ്ങളോടും ഇതൊന്നും വിളമ്പാനാവാതെ പാവം പാവം പൂവന്മാർ..
പാചകകല എന്നല്ലേ ..
ആൺ ചുടുന്ന ദോശക്ക് പെൺ പാചകം പോലെ പൂർണ്ണ സോമ ബിംബ രൂപമല്ല പലയിടത്തും. നീണ്ടു വളഞ്ഞ ചിത്രണം അവന്റെ കൈ വിരുതാല് ദോശക്കല്ലിൽ..
ഹോർമോൺ ചെലുത്തുന്നു കലയിലും കാവ്യത്തിലും അതാത് ഭേദങ്ങൾ… രൂപങ്ങൾ …
ആവോളം രുചിക്കുക
ജീവിക്കാൻ വേണ്ടി തിന്നുന്നവരും ..
തിന്നാനായി ജീവിക്കുന്നവരും..