രചന : പള്ളിയിൽ മണികണ്ഠൻ

ഒരാർത്തനാദം…
പിന്നെയൊരു കൂട്ടക്കരച്ചിൽ…

നിവർന്നുനിൽക്കാനുള്ള
വഴിയടഞ്ഞെന്ന
വൈദ്യനിരീക്ഷണത്തിനൊടുവിൽ,
അവസാനത്തെ പരീക്ഷണങ്ങളും കഴിഞ്ഞ്
നടുവൊടിഞ്ഞവന്റെ
നിറംമങ്ങിയ സ്വപ്‌നങ്ങൾ
വീട്ടുമുറിയുടെ നിശ്ശബ്ദതയിലേക്ക്.!

ഒന്നാം ദിവസം..

“എടീ”യെന്ന വിളി പൂർത്തിയാക്കുംമുമ്പേ
അരികിലെത്തിയ
പ്രിയതമയുടെ സ്നേഹത്തിന്,
വിറയ്ക്കുന്ന വിരലുകൊണ്ടയാളുടെ
സ്നേഹസ്പർശം.

രണ്ടാം ദിവസം..

വീണ്ടുമൊരു വിളി.
“ദാ വരുന്നെന്ന് ” മറുപടി.

മൂന്നാം ദിവസം..

പിന്നെയും വിളി..
“തിരക്കിലാണെന്ന് ” വിളിക്കുത്തരം.

നാലാം ദിവസം…
അഞ്ചാം ദിവസം…
ആറാം ദിവസം….

വിളികളുടെ എണ്ണം പെരുകിക്കൊണ്ടേയിരുന്നു.
വിളികേൾക്കലുകൾമാത്രം
കുറഞ്ഞുകുറഞ്ഞങ്ങനെ…….. !!!!

ഉടൽ തളർന്നിട്ടും
മനസ്സ് ചാകാത്തവന്റെ മോഹങ്ങൾ
ചുമരുകൾ തുളച്ച്
പുറത്തേക്കു പറന്നിട്ടും
വിലക്കുകളുടെ കമ്പിവേലികളിൽതട്ടി
യൗവനം ചുമച്ചുനരച്ച്
കൊഞ്ഞനംകുത്തി
തിരികെ മുറിക്കുള്ളിലേക്ക്.

ആയകാലത്തിന്റെ
കരുത്തും പ്രൗഢിയുമൊക്കെ
ഓരോ അവശരെയും നോക്കി
എന്നും പല്ലിളിച്ചിട്ടേയുള്ളൂ.

നിവർന്നുനിൽക്കുന്നവർക്കൊപ്പം മാത്രം
ചിരിച്ചുനിൽക്കുന്ന
ഓരോ പ്രിയപ്പെട്ടവർക്കും
അവശർ പിന്നെയൊരു
‘ഒടുങ്ങാത്ത ഭാര’മാണ്.

പള്ളിയിൽ മണികണ്ഠൻ

By ivayana