രചന : മുരളി രാഘവൻ

മറക്കാനും പൊറുക്കാനും
മറന്നുപോയവർക്കായ്
മറവിയുടെ മറക്കുടയ്ക്കുള്ളിൽ
ഇപ്പോഴും മൗനത്തിലാണ്
ഓർമ്മിക്കില്ലയെന്നവാശിയിൽ.

ഓർമ്മ നശിച്ചവർക്കുപോലും
പേരുണ്ട് ,ഓർക്കാതിരിക്കുന്നവർ
നൽകിയ നാമക്രിയയിൽ രോഗം
മറന്നുപോയ് മറവിരോഗം
മറക്കാതിരിക്കുന്ന രോഗമായ്.

ഓർത്തിരുന്നവർക്ക് സംഘമുണ്ടായ്
മനുഷ്യരല്ലേ സംഘം ചേരും
മൃഗവാസനയുടെ ബാക്കിപത്രത്തിൽ
ആദ്യത്തെ അദ്ധ്യായത്തിൽ
അവസാത്തെ ഖണ്ഡികയിൽ.

ആദ്യവരി മാനവികതയിൽ നിന്നും
മദം പൊട്ടിയൊഴുകിയതിനാൽ
ജാതിയിൽ തുടങ്ങി വർണ്ണത്തിൽ
ഒടുവിൽ സാഗരം മതമായ്..
മതവിദ്വേഷത്തിൻ തിരമാലയായ്.

എന്നിട്ടുമെവിടെയോ ഉയിർത്തേഴുന്നേറ്റവർ
അവരുടെ മുഖം വികൃതമാക്കിയ സത്യം
ക്രൂശിക്കപ്പെട്ടപ്പോഴാണ് മനുഷ്യരിൽ ചിലർ
കറുത്ത ധാന്യം ഭക്ഷണമാക്കിത്തുടങ്ങിയത്
എഴുതപ്പെട്ട ചരിത്രം തിരുത്തിയെഴുതിയതും.

ഇനിയും മരിക്കാത്ത ഭൂമി വിവസ്ത്രയായ്.
മരണം വരിക്കാൻ അവസാനത്തെ ഊഴവും
കാത്തിരുന്ന മീൻകുഞ്ഞും, കൊറ്റിയിൽ
കുടുങ്ങി, കാത്തിരുന്ന ഞണ്ടും അക്ഷമനായ്
ഒടുവിൽ വരണ്ട ഭൂമിയും സാക്ഷിയായ്..

ഭാവിയും ഭൂതവും കൊത്തിയെടുത്ത
തത്തമ്മക്കുട്ടി പറഞ്ഞു ഭാവിയിൽ
പ്രളയവും, അഗ്നിയും തിന്നു തീർക്കും
നിന്നെയും പിന്നെ ഭൂഗോളത്തെയും
വിഴുങ്ങുന്ന സൂര്യന്റെ കർമ്മകാണ്ഡം.

മരിക്കില്ല ഓർമ്മകളുടെ ഭണ്ഡാരം
മനസ്സുകളിൽ ജീവിക്കും, മദംപൊട്ടിയൊലിച്ച
ചിന്തകൾ മരത്തണലിൽ ജീവിതം
ആഘോഷമാക്കിയവരുടെ ജോതിഷം
കഥയിൽ നാടകാന്തം കവിത്വമായ്.

മുരളി രാഘവൻ

By ivayana