രചന : കല ഭാസ്കർ

ചില മരങ്ങളുണ്ട്.
കട പറിഞ്ഞിട്ടും ഉലയാതെ
നിൽക്കുന്ന ഒറ്റപ്പെട്ട മരങ്ങളുണ്ട്.
കാറ്റ് പല തരത്തിൽ;
അല്ല,പല തരം കാറ്റുകൾ
പലവിധം ശ്രമിച്ചു നോക്കും.

വീഴുമോ
ഉള്ളുണങ്ങിയോ
പച്ചയോ പുതലിച്ചതോ
കാതൽ എന്ന് കണക്കെടുത്തു
കാലം കടന്നു പോവും.

ഉണങ്ങിക്കഴിഞ്ഞ,
പൊറ്റ കെട്ടിയ മുട്ടുകളിൽ
പൂവിട്ട കാലത്തിൻ്റെ
ഓർമ്മ പോലുമില്ലെന്ന്
അവർ സ്വസ്ഥരാവും.

ഗ്രീഷ്മം കത്തുന്ന
കണ്ണുകൾ കൊണ്ടവളെ
കുത്തി നോക്കും.
തീക്കാറ്റൊന്നിനെ
പറഞ്ഞയക്കും.
അവൻ മദ്യപനായ
കവിയെ പോലെ
കവിതകളുമായി
ഇടറിയിടറി അവളിലൂടെ
ഇടക്കിടെ കടന്നു പോകും.

കവിത തൊട്ടാൽ
കരുണ തൊട്ടാൽ
പൂക്കുന്ന കരളെവിടെയോ
ബാക്കിയുണ്ടെന്ന് കണ്ടെത്തും.
കൈവിരൽത്തുമ്പുകളിൽ
ഉമ്മ വെച്ചാൽ ഓർമ്മകളിൽ
കാട്ടുതീ പടരുമെന്ന് അറിയും.
കണ്ണീരിൻ്റെ കടലൊരെണ്ണം
ഉള്ളിൽ തിരയിളക്കുന്നതിൻ്റെ
ഒച്ച കേൾക്കും വരെ
കാതോർത്തിരിക്കും.
അകം തുടുക്കുന്നതും
തുളുമ്പുന്നതും കാത്തിരിക്കും.

സ്വയം തുളുമ്പുന്ന നിമിഷം,
കരളുറങ്ങുന്ന കണ്ണിൽ
മൂർച്ചയുള്ളൊരു
കത്തി തുളഞ്ഞിറങ്ങും.
ഉള്ളിൽ പച്ചച്ചോരയുടെ
പൊടിപ്പ് കാണും വരെ
ആഴ്ന്നിറങ്ങുമാ മൂർച്ച.
നോവ് കിനിഞ്ഞിറങ്ങുന്നതിൻ മുന്നെ
മുറിവിൽ കടൽപ്പുറത്തെ
പരൽമണ്ണ് വാരിയിട്ട്
കടന്നു കളയും.

ഉപ്പേറ്റ് ഉള്ളുനീറി
വേരു പൊള്ളി അവൾ
മരിച്ചുവീഴുന്ന കാലത്ത്
തിരിച്ചു വരണമെന്നോർക്കും.
തിരിഞ്ഞു നോക്കാതെ പറക്കും.

തിരിഞ്ഞു നോക്കിയാൽ കാണാം.
ചില മരങ്ങളുണ്ട്.
ഒരു പിടി മണ്ണുകൊണ്ട്
വായ്ക്കരി വെയ്ക്കാനാവാത്ത
ചില മരങ്ങളുണ്ട്.
മലരുപോലെ പൊരിയുന്ന
മണൽ പോലെ ചൊരിയുന്ന
വാക്കുകളിലവർ നോവേറ്റ്
ഏറെ മുഷിഞ്ഞ കവിത കാണും.
കടൽക്കാറ്റിൻ്റെ മുറിഞ്ഞ
ഇടനെഞ്ച് കാണും.
ഏതൊക്കെയോ പുഴകൾ കൊണ്ടിട്ട
നനമണ്ണുമായ് കലർന്നു പോയ
കണ്ണീരിൻ്റെ ഉപ്പുതരികൾ കാണും.

അതെല്ലാമെടുത്ത് അലയുന്ന,
ഒരു ചില്ലയിലുമിരിക്കാനാവാത്ത
അലച്ചിലിൻ്റെ കലമ്പലാണവൻ്റെ
കവിതയെന്നു കേൾക്കും.

അവൾക്കോ,
ആ പച്ചമുറിവിന്
ഉള്ളുനീറ്റലൊരൊറ്റമൂലിയാവും.
കടക്കലെ പഴയ വെട്ട് മറന്നേ പോവും.
ഓർമ്മപ്പൊത്തുകളിലെല്ലാം
കാറ്റു വാരിയിട്ടു പോയ
വാക്കിൻ്റെ തരികളിൽ നിന്നവൾ
ഏതോ നദീതീരത്തെ
പശിമരാശിയുള്ള
പച്ചമണ്ണിൻ്റെ കനിവ്
കിനിയുന്നത് മാത്രം കണ്ടെടുക്കും.

ഓർമ്മയുടെ തൃക്കണ്ണു പോലാ
മുറിവവളിൽ സദാ തുറന്നിരിക്കും.
ചെമന്ന് തുടുത്ത ചോരപ്പിൽ
ഒരു വസന്തം ഒളിച്ചിരിക്കും.
ആരുമറിയാതൊരിതൾ
കവിതയായത്
ഇടയ്ക്കിടയ്ക്ക് പൊഴിയ്ക്കും.

മറക്കാനാവാത്ത വാക്കുകൾ
ഒരു വരി ഇലപ്പച്ചയാവും.
എത്താക്കൊമ്പത്ത്
കാണാക്കനിയായ്
കരള് കായ്ച്ച് കിടക്കും.
വീണ് മണ്ണായ
സകലതിനെയും വേരുകൾ
കൊണ്ടത് വാരിപ്പിടിക്കും.
വേര് ചെന്ന് തൊടുന്നിടത്തെല്ലാം
ഓർമ്മകളുടെ പച്ച പൊടിച്ച്
അവളൊരു കാടാവും.

ഒരു കണ്ണിലും ഒരു മരമെന്ന്
കാഴ്ചപ്പെടാത്ത
കയറിയാലിറങ്ങാൻ
കാറ്റിനും വഴിയില്ലാത്ത
ഒരു സൂര്യനും
എത്തിനോക്കാനാവാത്തൊരു
കറുത്തു തഴച്ച കാടാവും.

കല ഭാസ്കർ

By ivayana