രചന : വന്ദന മണികണ്ഠൻ
ഇനി നമുക്കോർമ്മതൻ തോണിയേറാം
പഴയകാലത്തിലേക്കൊന്നുപോകാം
സുഖമുള്ളൊരായിരം കഥയുറങ്ങീടുന്ന
നാട്ടുമാഞ്ചോട്ടിലായ് ഒന്നിരിക്കാം.
സ്നേഹബന്ധത്തിന്റെ നല്ലകാലത്തി‐
ലേക്കൊത്തൊരുമിച്ചു തിരിച്ചു പോകാം
നാട്ടുമാഞ്ചോട്ടിലായ് ഒത്തുചേരുന്നൊരു
നാട്ടുക്കൂട്ടത്തെ തിരഞ്ഞു പോകാം.
ഒരുകൊച്ചുകാറ്റിൽ കൊഴിഞ്ഞുവീഴുന്നൊരു
കണ്ണിമാങ്ങക്കാലം തേടിപ്പോകാം
തേനിറ്റുവീഴുന്ന മാമ്പഴം നുണയുവാൻ
ഭൂതകാലത്തിലേക്കൊന്നുപോകാം.
കുഞ്ഞുമനസിലെ മോഹങ്ങളറിയുന്ന
മുത്തശ്ലൻ മാവിനെയോർത്തുനോക്കാം
തിരികെ മടങ്ങുമ്പോൾ മടിയൊട്ടുമില്ലാതെ
നാളേക്കൊരു മരം നട്ടിറങ്ങാം.