കെ വേണുഗോപാൽ

മലയാള സിനിമയിൽ മാറ്റുരയ്ക്കാനാവാത്ത നിത്യഹരിത നായകൻ പ്രേംനസീർവിടചൊല്ലിയിട്ട് ഇന്നേയ്ക്ക് 32 വർഷം.

ആ അനശ്വര കലാകാരനെക്കുറിച്ച് 2018-ൽ ‘ജി.കെ. റീഡേർസ് മീഡിയ’ എന്ന എന്റെ പ്രസിദ്ധീകരണസ്ഥാപനത്തിലൂടെ പ്രസിദ്ധപ്പെടുത്തിയ എൻ. ഗോവിന്ദൻകുട്ടിയുടെ – ‘മലയാള സിനിമ അകവും പൊരുളും എന്റെ യാത്രയിൽ’ – എന്ന പുസ്തകത്തിൽ (ആദ്യ പതിപ്പ്) നാം അറിയാത്ത എന്നാൽ കൂടുതൽ അറിയണമെന്നാഗ്രഹിച്ച ആ മഹാനടന്റെ സ്വഭാവ വൈശിഷ്ട്യത്തെക്കുറിച്ച്, എത്രയോ സിനിമകളിൽ ഒത്തൊരുമിച്ചു വേഷമിട്ട, നസീറിനെ നായകനാക്കി എത്രയോ വടക്കൻ പാട്ടു കഥകൾക്ക് തിരക്കഥകൾ രചിച്ച എൻ. ഗോവിന്ദൻകുട്ടി രേഖപ്പെടുത്തിയത്-ആ രണ്ടു മഹാകലാകാരന്മാരോടുള്ള ആദരസൂചകമായി, ഞാൻ പങ്കുവെയ്ക്കുന്നു.

തലമുറയ്ക്കൊരു മാതൃക
ഈ സിനിമാരംഗം ഒരു വെട്ടിപ്പിടിക്കലിന്റെയും നിതാന്തശ്രമത്തിന്റെയും മാത്രമല്ല പലതിന്റെയും യുദ്ധഭൂമിയാണ്. ഈ സമരഭൂമിയിൽ കാണാറുള്ള കാക്കപിടുത്തത്തിന്റെയും
കുതികാൽവെട്ടിന്റെയും കൊച്ചു കൊച്ചു സങ്കുചിത വാസനകളുടെയും പാളയങ്ങളിലൊന്നും ഒരു ജേതാവിനെ-മനുഷ്യ- നെന്നു പറയട്ടെ-നാം കാണുകില്ല.

ആരെന്നല്ലേ?
ശ്രീ. പ്രേംനസീർ.
നസീറെന്ന
നിത്യയുവാവിനെ കാണുമ്പോഴൊക്കെ സെറ്റിലായാലും, വീട്ടിലായാലും, ഒന്നിച്ചു സഞ്ചരിക്കുമ്പോഴായാലും, പൊതുസ്ഥലങ്ങളിലായാലും ഒരിംഗ്ലീഷ് പഴമൊഴി ഓർത്തുപോകാറുണ്ട്. വായിൽ വെള്ളിക്കര ണ്ടിയുമായി ജനിച്ചു എന്നത്. ശ്രീ. നസീറിന്റെ കലാജീവിതത്തെ സംബന്ധിച്ചിടത്തോളം ആ ചൊല്ല് എത്രയ്ക്കു ചേരുന്നു. ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്തു ഇടറിപ്പോകുകയും ഈണം തെറ്റുകയും ചെയ്യാറുള്ള മനുഷ്യജീവിതത്തിന്റെ മുഴക്കത്തിനു നസീറിന്റെ ധന്യമായ ജീവിതത്തെ അപസ്വരപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

ഏതു പ്രശ്നങ്ങളാവട്ടെ നസീറിന്റെ സമീപനത്തിൽ ഒരു പ്രത്യേകതയുണ്ട്. ആ പ്രത്യേകത പെരുമാറ്റത്തിലും സ്പഷ്ടമാണ്. വല്ലാത്തൊരു സമചിത്തതയും പക്വതയും. ആ ക്ഷമാശീലത്തിലും പഴകിത്തെളിഞ്ഞ പരിചയത്തിലുമുള്ള അനുഭവവിശേഷത്തെപ്പറ്റി വിസ്മയിച്ചു പോകും.

അനവധി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി ചെയ്തിട്ടുള്ള സഹായങ്ങളും നല്ല കാര്യങ്ങളും ഓരോന്നായി നിരത്താനോ ഓർമ്മകളിൽ നിന്നുള്ള സംഭവങ്ങൾ നിരത്താനോ, ആദ്യ ചിത്രം മുതൽ ഒരു തിരനോട്ടം നടത്താനോ ഞാനിവിടെ ഉദ്ദേശിക്കുന്നില്ല.
എങ്കിലും ഒന്നു തിരിഞ്ഞുനോക്കിപ്പോകുന്നു.
സെറ്റിലായാലും പുറമെയായാലും നിർദ്ദേശങ്ങൾ നൽകുകയും നർമ്മഭാഷണങ്ങൾ വിളമ്പുകയും ചെയ്യുന്ന ഇത്ര നല്ലൊരു പെരിയവരേയും ഒരു ഉത്തമ സുഹൃത്തിനേയുമാണ് ഈ മനുഷ്യനിൽ ഞാൻ കണ്ടിട്ടുള്ളത്‌. ആദ്യത്തെ കാൽവെപ്പിന്റെ അങ്കലാപ്പോടെ ഒരു പിരിമുറുക്കത്തിൽ പെട്ടു നിന്നുപോകുന്ന സഹനടീനടന്മാരെ നിസ്സഹായതാ ബോധത്തിൽ നിന്ന് ആത്മബോധത്തിന്റെ പീഠത്തിലേയ്ക്കു കൈ കൊടുത്തു കയറ്റി നിർത്താൻ എന്നും ഈ നടൻ മടിക്കാറില്ല.

വെളിച്ചം വീശുന്നവരും വഴികാട്ടിത്തരുന്നവരും വിശ്വാസമേകുന്നവരുമായ ഈ രംഗത്തെ
പലരേയും നേരെ മറിച്ചുള്ളവരേയും
ഈ വരി കുറിക്കുമ്പോൾ ഞാൻ സ്നേഹപൂർവ്വം- നന്ദിപൂർവ്വം സ്മരിക്കുന്നു. വിശ്രമമെന്തന്നറിയാതെ രാപ്പകൽ ഷൂട്ടിംഗ് പരിപാടികളിൽ പങ്കെടുക്കുകയും മദിരാശിയും, മൈസൂരും, ബാംഗ്ലൂരും, ആലപ്പുഴയും വാതിൽ പുറ കാഴ്ചകളുടെ ചിത്രീകരണത്തിനായി മറ്റു പല ദേശങ്ങളിലും സഞ്ചരിക്കുകയും ചെയ്യുകയും അതിനിടെ സ്വന്തം കുടുംബത്തിലേയും സുഹൃത്തുക്കളുടെ കുടുംബത്തിലേയും വിശേഷങ്ങളിലും വിലാപങ്ങളിലും പങ്കു ചേരുകയും, പൊതുപരിപാടികളിൽ പങ്കെടുക്കുകയും, പുതിയ പുതിയ പുസ്തകങ്ങളും പത്രമാസികകളും വായിക്കാനും, ലേഖനങ്ങൾ എഴുതാനും സമയം കണ്ടെത്തുകയും മറ്റും ചെയ്യുന്നതെങ്ങിനേയെന്ന് അത്ഭുതത്തോടെ ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്.

ഒപ്പം ആ യൗവ്വനം നിലനിർത്തുന്നതും. ഏതിനും അടുക്കും ചിട്ടയുമുള്ള ആ ജീവിതക്രമം നമുക്കു സാധനപാഠമായിരിക്കട്ടെ.
ഒട്ടേറെ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. വെള്ളിത്തിരയിൽ ശത്രുക്കളെപ്പോലെ ഞങ്ങൾ വിലസി. ജീവിതത്തിലോ ഉറ്റ ചങ്ങാതിമാരുമായി. ഞാൻ തിരക്കഥയെഴുതിയ ‘പടയോട്ട ‘മാണ് ഞങ്ങൾ അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം.
കുളമാവിൽ ‘തച്ചോളി അമ്പു’വിന്റെ ഷൂട്ടിംഗ് നടക്കുന്ന വേളയിൽ ഉണ്ടായ ഒരു സംഭവം ഞാൻ ഓർത്തു പോകുന്നു.
കൊള്ളക്കാർ പാഞ്ഞു വരുന്ന ഒരു സീനിൽ കാല് തെറ്റി ഒരു കുതിര താഴെ വീണു. ആ വീഴ്ചയിൽ കുതിരക്ക് നല്ല പരിക്കുപറ്റി. മറിഞ്ഞു മറിഞ്ഞ് അത് ഒരു തടാകത്തിന്റെ ഒരു വശത്തേക്കു ചെന്നു വീണു.
മരണത്തോടു മല്ലിട്ട് ആ കുതിര രണ്ട് ദിവസം അവിടെ കിടക്കുന്നത് ഞാനുൾപ്പെടെ എല്ലാവരും പോയി കണ്ടു. ഒരു ദിവസം അവിചാരിതമായി നസീർ ഈ കുതിരയുടെ ദയനീയാവസ്ഥ കാണാൻ ഇടയായി.

കുതിരക്കു ചുറ്റും മുകളിൽ കഴുകനും, പരുന്തും പറക്കുന്നു. നസീർ ഏറെനേരം നോക്കിനിന്നതിനു ശേഷം എന്നെ വിളിച്ച് – ”അസേ കാണുന്നില്ലേ ഒരു മിണ്ടാപ്രാണി ഇങ്ങനെ കിടക്കുന്നത് വളരെ കഷ്ടമാണ്. നമ്മളെപ്പോലെ അവർക്കും ജീവനില്ലേ?”
ഞാൻ തരിച്ചുനിന്നു പോയി. ഈ മനുഷ്യന്റെ മനസ്സ് അന്നാണ് ഞാൻ ശരിക്കും കണ്ടത്.
”ഞാൻ അപ്പച്ചൻ മുതലാളിയെ കണ്ട് എന്തായെന്നു വെച്ചാൽ ചെയ്യിക്കാം.”
നസീർ: ”അങ്ങേയ്ക്ക് പറയാൻ ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പറയാം. ഇങ്ങിനെ കൊല്ലുന്നതിൽ ഭേദം അതിനെ വെടിവെച്ചു കൊല്ലുന്നതാണ് ഉചിതം.”

അന്നുമുതൽ ഈ കുതിര മരിക്കുന്നതു വരെ നസീറിന്റെ മുഖത്ത് ഒരു ഉന്മേഷമോ പ്രസരിപ്പോ കണ്ടില്ല. സത്യം പറഞ്ഞാൽ ഭക്ഷണം നേരാംവണ്ണം കഴിച്ചില്ല. പിറ്റേ ദിവസം ആ കുതിര ചത്തു.
നസീറിന്റെ സഹായം പറ്റാത്ത ഒരു സിനിമാക്കാരനും ഇല്ലെന്നു തന്നെ പറയാം. ഒരിക്കൽ ഒരു കാർ വാങ്ങുന്ന സമയത്ത് വിചാരിച്ച പോലെ കയ്യിൽ പണം വന്നു ചേർന്നില്ല. രണ്ടായിരം രൂപയുടെ കുറവുണ്ടായിരുന്നു. ഞാൻ നസീറിനെ വിളിച്ച് കാര്യം പറഞ്ഞു:
” അതേ, ഇപ്പോൾ എന്റെ കയ്യിൽ കാശ് ഒന്നും തന്നെയില്ല. എന്ന് വെച്ച് കാർ വാങ്ങാതിരിക്കേണ്ട. പണം അവിടെ ഉടനെ എത്തിച്ചു തരാം.”

കയ്യിൽ രൂപയില്ലാഞ്ഞിട്ട് മദ്രാസ് കോടമ്പാക്കം ബ്രാഞ്ചിലെ കാനറാ ബാങ്കിൽ നിന്നും രൂപയെടുത്ത് എന്റെ കയ്യിൽ കൊണ്ടുവന്നു തന്ന വലിയ മനുഷ്യനാണ് നസീർ.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ ആ പണം തിരിച്ചുകൊടുത്തു. ഒന്ന് ചിരിച്ചിട്ട് നസീർ പറഞ്ഞു:
”അസേ ഈ പണം കയ്യിൽ വെയ്ക്കൂ. അത്യാവശ്യം വരുമ്പോൾ എനിക്കു തന്നാൽ മതി.”
അന്ന് ആ പണം നസീർ വാങ്ങിയില്ല.

ഏതൊരു സെറ്റിൽ ചെന്നാലും അവരുടെ ശൈലി പോലെ പെരുമാറുവാൻ നസീർ ശ്രമിക്കും.
555 സിഗരറ്റ് കൊടുത്താലും വലിക്കും. ചാർമിനാർ കൊടുത്താലും വലിക്കും.
ആര് എന്ത് സമ്മാനിച്ചാലും വേണ്ടായെന്ന് പറയുന്ന സ്വഭാവം നസീറിനില്ല.

ഞങ്ങൾ ഒരുമിച്ചഭിനയിച്ച ‘പണിതീരാത്ത വീടി’ന്റെ റിക്കാഡിംഗിന്റെയിടയിൽ നന്ദിതാബോസിനെ മലയാളം പഠിപ്പിക്കണം. സംഭാഷണം ടെയ്പ്പിലിട്ട് നന്ദിതയെ കേൾപ്പിച്ച് അതുപോലെ പറയിപ്പിക്കണം.
ഈ നേരത്ത് നസീർ എനിക്ക് കൂട്ടായി വന്നിരിക്കും. രാത്രി ഒരു മണി വരെ. ഷൂട്ടിംഗ് കഴിഞ്ഞ് പിന്നെയാണ് എന്നെ സഹായിക്കാൻ വന്നിരിക്കുന്നത്.
ആ മനുഷ്യന്റെ സ്വഭാവവും, പെരുമാറ്റവും കണ്ട് പഠിക്കാൻ ഇന്നത്തെ തലമുറ ഓർത്താൽ നന്ന്.
നസീർ ദേഷ്യപ്പെടുന്നതും ദേഷ്യത്തോടെയിരിക്കുന്നതും ഞാൻ കണ്ടിട്ടില്ല. നസീറിന് ദേഷ്യം വരുകയില്ലെന്നാണ് പൊതുസംസാരം. എന്റെ ആ ചങ്ങാതിയെ അവസാനമായി ഒന്നു കാണുവാൻ പോലും സാധിച്ചില്ല എന്നുള്ള ദുഃഖം മാത്രം മനസ്സിൽ അവശേഷിക്കുന്നു.

കെ വേണുഗോപാൽ

By ivayana