Bijukumarmithirmala
മലയാളകവിതയില്‍ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച, ഇരുപതാം നുറ്റാണ്ടില്‍ മലയാള ഭാഷ കണ്ട ഏറ്റവും മഹാനായ കവി എന്നുവിശേഷിക്കപ്പെടുന്ന, മഹാകവി എന്‍.കുമാരനാശാന്‍ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ തൊമ്മൻവിളാകം വീട്ടില്‍ പെരുങ്കുടി നാരായണന്റേയും കാളിയമ്മയുടേയും മകനായി *1873* ഏപ്രില്‍ *12* ന് ജനിച്ചു. കുമാരു എന്നായിരുന്നു മാതാപിതാക്കള്‍ നല്‍കിയ പേര്. പതിനാലാം വയസില്‍ സര്‍ക്കാര്‍ മലയാളം പള്ളിക്കൂടത്തില്‍ അധ്യാപകനായി. തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് വക്കം സുബ്രഹ്മണ്യ ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. ഈ കാലഘട്ടത്തിലാണ് അദ്ദേഹം ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടതും അദ്ദേഹത്തിന്റെ ശിക്ഷ്യനാകുന്നതും.
*1907* നവംബറില്‍ മിതവാദി പത്രികയില്‍ വീണപൂവ് പ്രസിദ്ധീകരിച്ചതോടെയാണ് ആശാന്‍ പെട്ടന്ന് പ്രസിദ്ധനായത്. മലയാള കവിതാചരിത്രത്തില്‍ കാല്പനിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്. ബാലരാമായണം, പുഷ്പവാടി, ലീല, നളിനി അഥവാ ഒരു സ്‌നേഹം, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, പ്രരോദനം, ചിന്താവിഷ്ടയായ സീത തുടങ്ങിയവയാണ് പ്രധാനകൃതികള്‍.
*1903* ജൂണ്‍ *4* ന് ശ്രീനാരായണ ധര്‍മ്മപരിപാലന യോഗം *(SNDP)* സ്ഥാപിച്ചപ്പോള്‍ കുമാരനാശാന്‍ ആയിരുന്നു അതിന്റെ ആദ്യ സെക്രട്ടറി. യോഗത്തിന്റെ മുഖുപത്രമായി പ്രസിദ്ധീകരിക്കപ്പെട്ട വിവേകോദയത്തിന്റെ പത്രാധിപരും അദ്ദേഹമായിരുന്നു. *1922* തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ അംഗമായി. *1922* ല്‍ വെയില്‍സ് രാജകുമാരന്‍ പട്ടും വളയും സമ്മാനിച്ചു.
*1924* ജനുവരി *16* വെളുപ്പിന് മൂന്നുമണിക്ക് പല്ലനയാറ്റിൽ ട്രാവൻകൂർ ആന്റ് കൊച്ചിൻ മോട്ടോർ സർവ്വീസ് വക റെഡീമർ എന്നുപേരുള്ള ഒരു ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് മഹാകവി കുമാരനാശാൻ അന്തരിച്ചത്. *51* വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
തിരുവനന്തപുരം ജില്ലയിൽ, തോന്നയ്ക്കലില്‍ ആശാൻ താമസിച്ചിരുന്ന വീട് അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിന്റെ ഭാഗമായി ഇന്നും സംരക്ഷിക്കപ്പെട്ടുവരുന്നു.