രചന : പ്രകാശ് പോളശ്ശേരി
ഓലമെടയുന്ന ചന്തത്തിലെന്നുമേ
കുന്തിച്ചിരിക്കുന്നെൻ കൂട്ടുകാരീ
കൈവിരൽ ഭംഗിയാൽ മെടയുന്ന ഓലയിൽ
കവിത രചിക്കുന്ന കാഴ്ച ഭംഗി
ഓർമ്മയിലെന്നും കാണുന്ന നിന്റെയാ
കരവിരുതുകളെല്ലാം ഇന്നലെപോൽ
ഓർത്തിരിക്കുന്നു നിന്റെയാ കയ്യിലെ
കയർപിരിതന്നുടെ രേഖകൾ തന്നെയും
ആർത്തു ചിരിച്ചങ്ങനെ പിന്നോട്ട് പിന്നോട്ട്
ചേർത്തു പിരിച്ചങ്ങു നടന്നിടുമ്പോൾ
കുട്ടിക്കൂട്ടി ഇഴചേർത്തു വക്കുന്നു, നീനിന്റെ
ജീവിതമോർത്തു, വിങ്ങുന്നു ഉള്ളവും
ഇന്നു നീ എവിടെയാണെന്നറിയില്ലയെന്നാലും
ഇഴപിരിഞ്ഞില്ലെന്നു കരുതട്ടെ ഞാൻ
ഇണപിരിയാതെ കഴിയുവാൻ പറ്റില്ല
ഇണക്കങ്ങൾ പിണക്കങ്ങൾ ജീവിതഭാരങ്ങൾ
പിന്നോട്ട് പിന്നോട്ട് ഇഴനടന്നങ്ങുനീങ്ങുമ്പോൾ
മുന്നോട്ട് മുന്നോട്ട് നാണയത്തുട്ടുകൾ
ചേർത്തുവച്ച് കൂട്ടിയ നാണയത്തുട്ടുകൾ
ഒന്നിന്നുമാവില്ല, പട്ടിണി മിച്ചവും
റാട്ടിന്റെ തിരിക്കുന്ന പമ്പരക്കറക്കത്താൽ
നാടിന്റെ സ്പന്ദനം അളന്നൊരാ നാളുകൾ
ചീഞ്ഞൊരാ തൊണ്ടിന്റെ ഗന്ധങ്ങളങ്ങനെ
കാറ്റിലലിഞ്ഞു വിങ്ങിയ നാളുകൾ
ഒരു ജനത തന്നുടെ സംസ്കാര നാളുകൾ
ഒരു പറ്റം ജന്മികൾ കയറ്റിയയച്ചതും
ആഗോളമാർക്കറ്റിൽ പേരൊന്നു കേറിയാ
കേരള ദേശത്തെ ഓർമ്മച്ചീന്തുകൾ.