ഹാരിസ് ഖാൻ
“അരണ കടിച്ചാൽ ഉടനെ മരണം” (മരണം കടിച്ച അരണക്കാണോ അതോ കടിയേൽക്കുന്ന മനുഷ്യർക്കാണോ എന്നതിന് മേൽ പറഞ്ഞ പ്രസ്താവനയിൽ വ്യക്തതയില്ല…ഒരു അരണയും കടിച്ച അറിവില്ലാത്തതിനാൽ ഞങ്ങളത് വിശ്വസിച്ചു പോന്നു…
ഇപ്പോഴും ഈ വിശ്വാസത്തിന് ഭംഗം വരതക്ക ചെയ്തികളൊന്നും അരണകളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതായിട്ട് അറിവുമില്ല…) “കുട്ടികൾ കട്ടിലിൽ ഇരുന്നു കാലാട്ടിയാൽ മാതാ പിതാക്കൾക്ക് വലിയ ആപത്ത് വരുമെന്ന് പറയും പഴയ കാലത്ത്…. “(പഴയ വീടുകളിൽ കട്ടിലിനടിയിൽ മുത്തഛൻെറ തുപ്പൽ കോളാമ്പിയുണ്ടാവും അയിനാ…)
കോങ്കണ്ണുള്ള കുഞ്ഞുങ്ങൾ പിറന്നാൽ പറയും കുട്ടിയുടെ അഛന് അത് ഐശ്വര്യം കൊണ്ട് വരുമെന്ന് .. (ഇത് കുഞ്ഞിനോ, അപ്പനോ കോങ്കണ്ണ് സംബന്ധമായി കോംപ്ലക്സൊന്നും വർക്കൗട്ട് ചെയ്യാതിരിക്കാൻ അത്തരം കുഞ്ഞുങ്ങളുടെ പാവം അമ്മമാർ പറഞ്ഞുണ്ടാക്കിയതാവാനെ തരമുള്ളൂ… ജന്മം നൽകുന്നതിൽ “പാതിമെയ്യായ പിതാവിനോടോ..”എന്നെല്ലാം കവിതയിൽ പാടി തുല്ല്യത ഏറ്റെടുക്കാറുണ്ടേലും വൈകല്യങ്ങളുടെ ഉത്തരവാദിത്വം പൊതുവെ തുല്ല്യമായി ഞങ്ങളേറ്റെടുക്കാറില്ല…
അത് അമ്മമാർക്കാണ് അന്നും ഇന്നും എ…. അപ്പോൾ ചെറുപ്രായത്തിൽ മുടി നരച്ചാൽ ഭാഗ്യ നരയാണെന്ന് പറയുന്നതോ ..? (അത് സ്വയം സമാധാനിക്കാനുള്ള അവനവൻെറ സൈക്ക്ളോടിക്കൽ മൂവ്, അല്ലാണ്ടെന്ത് …? ) നമ്മുടെ പൊക്കിളിൽ നിന്ന് ചോരയൂറ്റിക്കുടിച്ചാണ് ഓന്ത് നിറം മാറിയിരുന്നതെന്ന കാര്യം നിങ്ങൾക്കറിയാമോ… ? (അത് സത്യമാണ്… നിക്ക്യനുഭവണ്ട്…..ഹൊ ഒരോന്തിനെ കണ്ടിട്ട് നാളെത്രയായി.
പണ്ട് കാണാത്ത കുറുക്കനെയും, കീരിയേയും, വെരുകിനെയുമെല്ലാം ദിനവും കാണുന്നുണ്ട് താനും ..സുകൃതക്ഷയം ല്ലാണ്ടെന്താ പറയാാ… ) “കാണാതായ രാമൻനായരുടെ ആട് “(പഴയ പാഠപുസ്തകത്തിലെ കഥയിലെ എന്നെ കൺഫ്യൂഷനാക്കിയ ഒരു വരിയാണ് …ഇവിടെ കാണാതായത് ആടിനെയാണോ, അതോ രാമൻ നായരെയോ…? രണ്ട് സാധ്യതകളാണുള്ളത്..പണ്ടെന്നോ നാട്ടിൽ നിന്ന് കാണതായ രാമൻനായർ എന്ന ആളുടെ ആടാവാം അത്.
അല്ലേൽ രാവിലെ കയറും പൊട്ടിച്ചോടി രാമൻനായർ അന്വേഷിച്ച് നടക്കുന്ന കാണാതായ ആടാവാം …കൺഫ്യൂഷൻ തീർക്കണമേ…) തമിഴനും മലയാളിയും മുല്ലപെരിയാർ കടക്കുകയായിരുന്നു..വള്ളത്തിനടുത്ത് കൂടെ പുളഞ്ഞ് പോവുന്ന നീർക്കോലിയെ ചൂണ്ടി മലയാളി പറഞ്ഞു.”ദാ ഒരു നീർക്കോലി …,””ആമ” തമിഴൻ തല കുലുക്കി.”ആമയല്ല നീർക്കോലി ” മലയാളി തറപ്പിച്ച് പറഞ്ഞു”ആമ.. ആമ “എന്ന് തമിഴൻ ആവർത്തിച്ചു .ആ വഴക്ക് പിന്നെ എങ്ങിനെ തീർന്നുവോ ആവോ…
“വടകരയിൽ നിന്ന് വന്നു ” എന്ന് മലയാളി പറയുമ്പോൾ “വടകരയിൽ ഇര്ന്ത് വന്തേൻ” എന്നേ തമിഴൻ പറയൂ…മലയാളി വടകരയിൽ നിന്നിട്ട് വരുമ്പോൾ തമിഴൻ അവിടെ ഇരുന്നിട്ട് വരുന്നത് എന്തിനാവും..? “കാക്ക കുളിച്ചാൽ കൊക്കാവുമോ ..? “
(കാക്ക കുളിക്കുന്നത് അതിൻെറ കറുപ്പിലുള്ള അപകർഷത കൊണ്ടാണെന്ന് നാം മനുഷ്യർ തീരുമാനിച്ചിരിക്കുന്നു….മനുഷ്യരുടെ ഓരോ ഫെയർ ആൻഡ് ലൗലി ചിന്തകൾ…)