രചന : എം. എ. ഹസീബ്
അരച, ഞങ്ങളുടെയാകാശ
നീലിമയും
ഞങ്ങളുടെ ഭുവനത്തിൻ
ഹരിതാഭയും
മാരിവില്ലോർമ്മപോൽ
മാഞ്ഞു പോയി.!
രാമ,
മാരുതനന്ദനൻ,
മൈഥിലിക്കായ്
അരണി എരിച്ചു
പടർത്തിയ കാട്ടുതീ,
ലങ്ക വിട്ടയോദ്ധ്യതൊട്ടഖില
രാജ്യം പുകയുകയാണിന്നും.!
ക്രൂരനാം ദശാനനൻ,
ചവച്ചിടും വേദവതി
ജ്വലിച്ചു തുപ്പും
പ്രതികാര വഹ്നിയിൽ,
മോഹവലയത്തിൽ
സീതയെക്കുരുക്കുവാൻ,
മോഹനം, കൃഷ്ണ മൃഗമായ്
മാരീചൻ പിറക്കുന്നെവിടെയും.
മാർഗ്ഗം മുടക്കുവാൻ
മുഗ്ദ്ധാനുരാഗ
നിശാചരി താടക,
മല്ലീശ്വരന്റെ പൂവമ്പുമായ്
കാത്തുനിൽപ്പുണ്ടവീടിവിടം.!
ധർമ്മാസ്ത്രമില്ലേ
ദാശരഥി,
നിന്നാവനാഴിയിൽ.?
സ്നേഹരാജ്യം വാഴുവാൻ
വനവാസം വെടിഞ്ഞു
നീ വരുമ്പോൾ
ഊഷര ശാപ ശിലയിൽ
ഉർവര ശ്രീയായഹല്യയുണരും,
അന്നു മാനിഷാദ
ചൊല്ലാതെയും
മാനവീകത
അറിയുമെൻ
മാതൃരാജ്യം !