Meera Murali
ഈ സ്‌നേഹദീപം ഓർമ്മകൾക്ക് മുന്നിലെ കെടാവിളക്ക് ആകുന്നു കുറത്തിയാടൻ പ്രദീപിന്…. പ്രണാമം
മരണച്ചിരിക്കിനിയേറെയില്ലനുരാഗ
മധുഹാസമെങ്ങോ മറഞ്ഞുപോയി
മിഴികളിൽ തെളിയുന്നു സുഖ ബാല്യ കൗമാര
പകലുകൾ സ്വപ്നമായ് നിറവിലിന്നും
അരുമയാം ബാല്യം കൊഴിഞ്ഞതീയോർമ്മയിൽ
ഒരു പനീർമൊട്ടായി, ശലഭമായി
തണലുപോലേട്ടൻ വിരിഞ്ഞുനിന്നെപ്പൊഴും
പരിചയായ്, പടരുന്ന സ്നേഹമായി
നറുനിലാവെട്ടമായ് പുണരുന്ന വാൽസല്യ
മധുരമായമ്മതൻ പൂപ്പുഞ്ചിരി.
ഹൃദയത്തിലോളം തുടിക്കുന്നഹങ്കാര
മഹിമയായ് ശക്തനായച്ഛനെന്നും
മരണം മണക്കുന്ന വഴികളിൽ യൗവനം
എരിയാതെ തീരാതെയരുവിയായി
പ്രണയത്തുടിപ്പുകൾക്കിടയിലൂടൊഴുകിയ-
ങ്ങൊടുവിലൊരു പെണ്ണിൻ കരം പിടിച്ചു.
പതിയായ്, പിതാവായി പലവേഷധാരിയായ്
പഴകിത്തുടങ്ങവേയറിയുന്നിതാ
നറുമണം പൊഴിയാതെ പൂവായ് കൊഴിഞ്ഞിടും
പടുജൻമമായി ചതഞ്ഞുവീഴും
മരണച്ചിരിക്കിനിയേറെയില്ലവസാന
മിഴിവാണു തീയായ് ജ്വലിപ്പതിന്ന്
ഹൃദയത്തിലുണ്ടെന്നുമരുമയാം സ്നേഹത്തി-
നടരുകൾ മായാതെയെന്നുമെന്നും.
കുറത്തിയാടൻ
ആലാപനം: ഡാനി