രചന : അനീഷ് കൈരളി

സ്കൂൾ വിട്ട് പോരുമ്പോൾ
‘വീടില്ലാത്തവൻ’
എന്ന് പറഞ്ഞ്,
അവർ…,
അവനെ കളിയാക്കി.

വീടെനിക്ക്
അപ്പനുമമ്മയുമാണെന്ന്
അവൻ മറുവാക്ക് പറഞ്ഞു.

വലിയ
രാജ്യത്തിൻ്റെ പുറം ചുവരിൽ,
അപ്പനവനൊരു
വീട് വരച്ചു.

പുറം ചുവരാണെന്നറിഞ്ഞിട്ടും
അകം ചോരാതിരിക്കാൻ
സ്വപ്നങ്ങൾ മെടഞ്ഞൊരു
മേൽക്കൂര തീർത്തു.

വീട് വിട്ട്
സ്കൂളിലേക്ക് പോകുമ്പോൾ
വെട്ടമില്ലാത്തവനെന്ന് പറഞ്ഞ്
അവരവനെ കളിയാക്കി.

വെളിച്ചമെനിക്ക്
അപ്പനുമമ്മയുമാണെന്ന്,
അവനവരോട് മറുവാക്കോതി.

അവൻ്റെ
കൺമുമ്പിലിപ്പോഴും
അവരങ്ങനെ കത്തിനിൽപ്പുണ്ട്.

അനീഷ് കൈരളി

By ivayana