രചന : ശ്രീജിത് ഇരവിൽ
ഷഷ്ഠിപൂർത്തിയായി പെണ്ണെ,
ശിഷ്ട്ടകാലമേറേയില്ല .
ആദ്യപ്രേമത്തിലെനിക്കൊരു
മകളുണ്ടായിരുന്നുവെങ്കിൽ
നിന്നോളം വളർന്ന് നിവർന്ന് നിന്നേനെ ..
എന്റെ നരയിൽ നിന്ന് കൈയെടുക്കൂ ..
തലയിൽ ഉന്മാദ സിരകളുണരുന്നു!
കൗതകം കൊണ്ടെന്നെ ചുംബിക്കരുത് നീ..
കറ പിടിച്ച ചുണ്ടുകളിൽ ബീഡി മണമാണ്!
പങ്കിടുവാനുണ്ടായ കരളിന്റെയിടത്ത്
നഷ്ട്ടഗന്ധത്തിന്റെ പുകമറയാണ്.
ഇന്നീ നിമിഷം നിന്നെ ചേർത്ത് വെച്ചാലും
നാളെ നിനക്കെന്നെ മടുക്കുമേറെ വൈകാതെ.
പല്ലുകൾ കൊഴിഞ്ഞൊരുനാൾ
ഞാനെന്റെ മോണകാട്ടി ചിരിക്കുമ്പോൾ;
ദേഹം തളർന്നൊരുനാൾ ഞാൻ നിന്റെ
പൂത്തമേനിയിൽ തൊടാതെയിരിക്കുമ്പോൾ ;
പരസഹായമില്ലാതെയെനിക്കെന്നെ
നനയ്ക്കാനാകാതിരിക്കുമ്പോൾ;
നിന്റെയീ പ്രസന്ന മുഖമായിരിക്കില്ല
പെണ്ണേ ഞാൻ കാണേണ്ടത് !
തിരിച്ചുപോകാനൊരുക്കമല്ലെങ്കിൽ
പ്രണയമോഹത്തിനെന്ത് പ്രായം .!
തിമിരരോഗികളെ കാര്യമാക്കേണ്ട .
ഇനിയുമിനിയും ഒട്ടിയിയിരിക്കൂ..
നമ്മുക്ക് രസമുകുളങ്ങൾ നുണഞ്ഞ് ചുംബിക്കാം!.