രചന : ഷാജു. കെ. കടമേരി

വീടിനകത്തും പുറത്തും
നെഞ്ച് മാന്തിപ്പൊളിക്കുമൊരു
പേടി ഇഴഞ്ഞു നീങ്ങുന്നുണ്ട്.
പതിഞ്ഞ ചവിട്ടടികളിൽ
കൊമ്പ് കോർത്ത നിഴലുകൾ.

ഭർത്താവിനെ കാത്തിരുന്ന
അവളുടെ കണ്ണുകൾ
നീണ്ട് നീണ്ട് ഓർമ്മക്കടൽ നീന്തി
മുറിയിൽ പതുങ്ങിയിരുന്നു.

വായിച്ചുകൊണ്ടിരുന്ന
പുസ്തകത്തിലെ
കത്തുന്ന വാക്കുകൾ
കഥകൾ പൂത്ത
നക്ഷത്രക്കുന്നുകളിറങ്ങി

പ്രതീക്ഷിച്ചുകൊണ്ടിരുന്ന
കാലൊച്ചകളിൽ
ഇരുൾച്ചിത്രങ്ങൾ ഓടിമറഞ്ഞു.

തേടിയെത്തുന്ന
ഒരു വിളിക്കുമുമ്പേ ചിന്തകൾ
കനൽക്കാടുകൾക്ക്
മുകളിലൂടെ പറന്നു.

ആകുലതകൾ വ്യാകുലതകളായ്
നെഞ്ചിടിപ്പുകളിലേക്ക്
മൊഴിമാറ്റം ചെയ്യപ്പെട്ടു.
ഭാര്യയെ വെട്ടിക്കൊന്ന
ഭർത്താവ്‌ സ്റ്റേഷനിൽ…..
മേശമേലിരുന്ന
പത്രതാളിലേക്ക് വീണ്ടും
കണ്ണുകളുടക്കി.

പിടിവിട്ട് പോകുന്നൊരു രോഷം
ഇടനെഞ്ചിൽ തിളച്ച് മറിഞ്ഞു.
നിലതെറ്റി ചിതറിവീണ
ഗദ്ഗദങ്ങളിൽ
ഇടിമിന്നലുകൾ കെട്ടിപ്പുണർന്നു.

കാത്തിരുന്ന കാലൊച്ചകൾ
കോണിപ്പടി കയറി
വാതിൽ തുറന്നു.
പുറത്ത് പ്ലാവിലകളിൽ
കാറ്റ് വിരലുകളോടിച്ചു.
വായിച്ച കഥയിലെ കരിമൂർഖൻ
ഇലയനക്കങ്ങളിൽ
ഇര തേടിയിറങ്ങി……..

ഷാജു. കെ. കടമേരി

By ivayana