ആവിഷ്കാരം : ഹരിഹരൻ എൻ കെ

ഞാനൊന്ന്
നിന്നെ നന്നായിക്കണ്ടോട്ടെ !
നിന്നെ നന്നായി കണ്ടോട്ടെ.
ആനന്ദം പകുക്കുമ്പോൾ
ആയുസ്സും പകുക്കരുതെന്നൊന്ന് പറഞ്ഞോട്ടെ.
നിന്റെ വൈകുന്നേരങ്ങൾ നീ പലർക്കും പകുക്കാറുണ്ടല്ലോ. ഇനിയും അതുവേണ്ടെന്ന് പറഞ്ഞോട്ടെ.
നീ അറിയുന്നില്ലേ പലരാൽ ശൂന്യമാക്കപ്പെട്ട നിൻപാതിയുടെ രാത്രികൾ നാളത്തെ കുറ്റബോധത്തിനുള്ള നിന്റെ തടവറയാവുമെന്ന് ….
അതിനാൽ നീ നിന്റെ കെട്ടിയവളെ ഇങ്ങനെ നരകിപ്പിക്കരുതെന്ന് ഞാനൊന്ന് ഓർമ്മിപ്പിച്ചോട്ടെ.
നിന്റെ കുഞ്ഞുങ്ങൾക്ക് ഒരു നല്ല നാളെയെ പ്രാപ്തമാക്കാൻ നീ നല്ലവനായേതീരൂ എന്ന് നിന്നെ അറിയിച്ചോട്ടെ.
നീ എന്നെ തൊടുമ്പോൾ പലപ്പോഴും നീയൊന്ന് കാളിയിരുന്നില്ലേ.
വേണ്ടെന്ന് നിന്നുള്ളം വീണ്ടും വീണ്ടും മന്ത്രിച്ചതല്ലേ. ഇനിയെങ്കിലും നീ എന്നെ വിട്ട് നിന്റെ അർദ്ധാങ്ഗിനിയെ സന്തോഷിപ്പിക്കൂ എന്നൊന്നുപദേശിച്ചോട്ടെ.
നീ ചെയ്യുന്നതെന്തെന്ന് നീ അറിയുന്നില്ല.
നിന്നിലേക്കാവാഹിക്കപ്പെടുന്ന ഞാനും അതറിയുന്നില്ല.
എനിക്കോ നിനക്കോ വേണ്ടിയല്ലാതെ മറ്റൊരുവന്റെ കീശവീർപ്പിക്കുന്ന ഈ ലഹരി വീണ്ടും ഒഴിക്കുംമുമ്പെ
അവസാനമായി ഞാൻ
നിന്നെ ഒന്ന് നന്നായിക്കണ്ടോട്ടെ.
നിന്നെ നന്നായി കണ്ടോട്ടെ.
എന്ന്,
ഇന്നലേകളിൽ നിന്റെ സ്വന്തമായിരുന്ന,
മറ്റൊരുവൻ നന്നാവാൻ നീ നശിക്കാൻ കാരണക്കാരനായിത്തീരുന്ന,
എന്റെ തെറ്റ് ഞാനറിയാത്ത,
നിന്റെ തെറ്റുകൾക്ക് മുടന്തൻ ന്യായങ്ങൾ നിന്നെക്കൊണ്ട് പറയിപ്പിക്കുന്ന,

അങ്ങനെയങ്ങനെ ഒരുപാട് വിശേഷണങ്ങൾക്കുടമയെന്ന് പലരും പറയുന്ന

മദ്യം.

By ivayana