രചന : അജികുമാർ
ഗർഭപാത്രത്തിൽ ഞെട്ടറ്റു
ചിന്നിച്ചിതറിയ ലക്ഷോപ ..
ലക്ഷം ബീജകണികകളിൽ
ഒരുവനായിരുന്നു ഞാനും നീയും ……
ഒന്നായിരുന്ന കണികകളെ
കൂടപ്പിറപ്പുകളെ ചതിച്ചും
ചവിട്ടിമെതിച്ചും ജീവന്റെ ..
തുടിപ്പിനെ നേടിയവർ നാം
അറിഞ്ഞോ അറിയാതയോ
ചതിയുടെ ആദ്യപാഠങ്ങൾ
തുടങ്ങിയത് അവിടെ നിന്നാകാം ….
അതിൽ ഞാനും നീയും തുല്യരാകാം ……
പൊക്കിൾകുടിയുടെ തണലിൽ
തൊട്ടിലാടിയവർ തടിച്ചുകൊഴുത്തവർ
സന്തോഷസൂചകമായി ഗർഭപാത്രത്തെ ….
തന്നെ ചവിട്ടിരസിച്ച നന്ദിയില്ലാത്തവർ …..
ഒൻപതുമാസമൊൻപതു വിനാഴിക…
അമ്മമനസ്സിനും ശരീരത്തിനും …
അസ്വസ്ഥതയുടെ വിത്തുവിതച്ചവർ
പ്രാണവേദന പകർന്നു ജന്മമെടുത്തവർ
അമ്മമാറിൽ നിന്നുംരക്തമൂറ്റുമ്പോഴും
മറുമുലഞെട്ടിനെ ഇരുവിരൽകൊണ്ട് ..
കശക്കിരസിച്ചവർ ഞാനും നീയും …
ഉരുളയൂട്ടിയ വിരലുകളെ കടിച്ചുപറിച്ചവർ …
താതൻ വിയർപ്പിനെ ഭുജിച്ചും കുടിച്ചും
വിസർജിച്ചും വളർന്നവർ ..നാളെയാ …
ദേഹം ദേഹിവെടിഞ്ഞെന്നാൽ
ഒരുരുളചോറാൽ ബന്ധംമുറിക്കുവോർ
നാളെയുടെ ജീവൽ തുടിപ്പിനെ
സ്വാർത്ഥതയാൽ വികലമാക്കി …
വിസ്മൃതിയുടെ വിശാലതയിലെറിയുന്നോർ
ശേഷം പ്രളയമെന്നു കരുതും വിഡ്ഢികൾ
അതിരുകളില്ലാത്ത ആകാശ ,ഭൂമിക്കും
അലസസരസ്സമായ് അലതീർക്കും കടലിനും
അതിർ തിരിച്ചവകാശം മുഴക്കുന്നോർ ..
ഞാനും നീയും മനുഷ്യനെന്നുരയുന്നു ….