രചന : ബീഗം കവിതകൾ

നോവലിസ്റ്റും കഥാകൃത്തുമായ
പ്രിയ ബേപ്പൂർ സുൽത്താൻ്റെ (വൈക്കം മുഹമ്മദ് ബഷീർ ) സ്മരണകൾക്കു മുന്നിൽ..

സാഹസികത തൻ ചുവടുമായ്
ജീവിത പന്ഥാവിൽ നീങ്ങവെ
ഗാന്ധിജി തൻ കരങ്ങൾ പിടിച്ചു
അഭിമാന നിമിഷങ്ങളയവിറക്കി
ഉപ്പുസത്യാഗ്രഹത്തിൻ ജയ് വിളികൾ
ഉലകം കറങ്ങി ഉണ്മയുമായ്
കെട്ടാത്ത വേഷങ്ങളില്ലരങ്ങിൽ
കാണാത്ത കാഴ്ചകളില്ല പാരിൽ
മനുഷ്യ ദുരതൻ നേർക്കാഴ്ചകൾ
വിശപ്പാം ക്ഷുദ്രജീവിതൻ വിളയാട്ടങ്ങൾ
തങ്കമെന്ന കഥയെഴുതി
തുച്ഛമായ് വന്ന തുട്ടു നാണയങ്ങൾ
കരുത്താർജ്ജിച്ചയനുഭവങ്ങൾ
കൂടെച്ചിരിക്കാൻ മേമ്പൊടി ഹാസ്യവും
ലളിതമാക്കി രചനകൾ
ലോക സഞ്ചാരം ഹരമാക്കിയും
ജീവിതമാമേടുകളിൽ രുധിരം പൊടിഞ്ഞൊരു ബാല്യകാല സഖിയും
ജന്മദിനവും ഓർമ്മക്കുറിപ്പും തിളങ്ങുന്നു സ്മരണയിൽ
വെളിച്ചത്തിനെന്തൊരു വെളിച്ചമെന്ന പ്രയോഗവും
വിറയലില്ലാതെ കുയ്യാനയാക്കിയ കുഞ്ഞിത്താച്ചുമ്മയും
പെണ്ണിൻ്റെ ബുദ്ധിയെന്നോമനപ്പേരിട്ട പാത്തുമ്മയുടെയാടും
പാവപ്പെട്ടവരുടെ വേശ്യയും പാടിപുകഴ്ത്തി
മതിലിനപ്പുറത്തെ നാരായണിയും
മുച്ചീട്ടുകളിക്കാരൻ്റെ മകളും മാടി വിളിക്കുന്നു
ആക്ഷേപഹാസ്യത്തിൽ വിഖ്യാത മൂക്കും
ആർദ്രമാം ബന്ധത്തിൻ പ്രേതമായ് ഭാർഗവീ നിലയവും
അശ്ലീലമാണെന്നെതിർപ്പുകൾ നേടിയ ശബ്ദങ്ങളും
അനാചാരത്തിൻ വിമർശനവുമായ്
അതിഥിയായെത്തിയ മാന്ത്രിക പൂച്ചയും അനശ്വരമായ്
ആനപ്പൂടയും അനുരാഗദിനങ്ങളും
അനർഘനിമിഷങ്ങളുമോടിയെത്തി
ആഘോഷമാക്കിയെഴുത്തുകൾ പിന്നെയും
ആംഗലേയത്തിലും ഖ്യാതി നേടി
അക്ഷര നഭസ്സിലെ പൊൻ താരം
ബേപ്പൂർ സുൽത്താനു
മലയാള ലോകത്തിൻ സ്മരണാഞ്ജലി.

ബീഗം

By ivayana