രചന : റഫീഖ് ചെറവല്ലൂർ
ഇനി വയ്യെനിക്കെൻ മക്കളേ…
ഇനിയൊടിയീ കാൽപാദം
പറിച്ചു വെക്കാനെനിക്കു വയ്യ.
വാർദ്ധഘ്യമെന്തെന്നു പറയാനുമെനിക്കു വയ്യ.
മക്കൾക്കു പിച്ച വെക്കാൻ
ഞാൻ നീട്ടിയയീ വിരലുകൾ,
ഇന്നെനിക്കൊന്നു നീങ്ങുവാൻ
നിങ്ങളെനിക്കു തന്നയീ ഉന്തുകസേര,
ഇവക്കിടയിൽ ഞാൻ നടന്ന ദൂരം,
താണ്ടിയ കടൽ, ചുമന്ന ഭാരം-
ഇതെല്ലാമളക്കണമെങ്കിൽ മക്കളേ. നിങ്ങളുമെന്നെപ്പോലെയിരിക്കണമിവിടെ
നിങ്ങൾ തള്ളി നീക്കുന്നയീ ചക്രക്കസേരയിൽ.
ചലനം നിലച്ച കൈയ്യുമായ്,
നീരു കെട്ടിക്കനം വെച്ച കാലുമായ്
മനസ്സിലുള്ളതു പറയാനാവാതെ,
ഞാന്നു വിറക്കുന്ന ചുണ്ടുമായ്,
ഉമ്മ വെക്കാനറക്കും ചുളിഞ്ഞ കവിളുമായ്,
കണ്ണീർതിരയടിച്ചുപ്പിച്ച കണ്ണുമായ്,
അടുക്കു തെറ്റും ചിന്തകളെപ്പെറുക്കി വെച്ച്
ഈ ചക്രക്കസേരയിലിരുന്നീ
ചുമരുകൾക്കുള്ളിലൊതുങ്ങണം !
അകമഴിഞ്ഞു കിട്ടുന്നൊരു
സ്നേഹത്തലോടലിനായ് കാത്തിരിക്കണം.
മറ്റുള്ളവർക്കൊരു വിഴുപ്പുഭാരമായെന്ന ചിന്തയിൽ
ദിനരാത്രങ്ങൾക്കു മനസിനെ കാർന്നു തിന്നാൻ കൊടുത്ത്
ഇതു പോലിരിക്കണമീ ചക്രക്കസേരയിൽ.
അപ്പൊഴേ നിങ്ങളറിയൂ
വാർദ്ധഘ്യമെന്ന മഹാഭാരം.
ചിത്രം: പുത്രൻ ഫത്തൂസിന്റെ വര