പറയത്തക്ക കാരണങ്ങൾ
ഒന്നുമില്ലെന്നിരിക്കിലും
തീരാത്തൊരു പക
കൊണ്ട് നടക്കും പോലെ
നമ്മളെ വെറുക്കുന്നവരെ
ശ്രദ്ധിച്ചിരുന്നോ..?
മുന്നോട്ട് വെയ്ക്കുന്ന
ഏതൊരു കാൽപ്പാടും
നമ്മൾ കാണാതെ തന്നെ
എന്നോ
അവർ എയ്തിട്ട
അമ്പുകളിലൂടെയാണ്
കടന്ന് പോവുക.
അകാരണമായി
നമ്മൾ
മുറിപ്പെട്ടു പോവുന്നുണ്ടാവുമപ്പോൾ.
അപ്രതീക്ഷിതമായി
ഇടയ്ക്കെപ്പോഴോ
നിലച്ചു പോകുന്ന
ഒരു ശ്വാസം നമുക്ക്
കുറുകെ
ചാടിയേക്കാം.
ഒരു മാത്ര നമ്മൾ അതിൽ
വിലങ്ങി നിൽക്കുന്നത്
ആ വെറുപ്പിന്റെ കോമ്പല്ലിലാണ്.
ജീവിക്കുന്നു എന്ന് വരുത്തി തീർക്കാൻ
ഒരിടവേളയിലെങ്കിലും
നമ്മളാഗ്രഹിക്കുന്ന
ഒരു ആത്മഹത്യ ഇല്ലേ?
അവർ വിരിച്ചിട്ട പായൽ കുളങ്ങളാണത്
പൊട്ടിപ്പൊളിഞ്ഞ വട്ടകിണറാണത്.
തവണകളായി
ജലം കൊണ്ട് പരിക്ക് പറ്റിയെന്നു
വേവലാതിപ്പെട്ടു
നനഞ്ഞ ദേഹം
തുടച്ചു കളയുകയല്ലേ നമ്മളപ്പോൾ…
ചുരുള് നിവരാത്ത
ഉറക്കത്തിൽ
നിറയെ
ഉറുമ്പിൻകൂടുകൾ
വിതറിയിട്ടവർ
മറഞ്ഞു നിൽപ്പുണ്ടാവും.
ചെരിഞ്ഞും മറിഞ്ഞും
ചുവന്നു വീർത്ത
രാത്രിയെ
കൈവിരലുകൾ ചേർത്തു
തിരുമ്മിതെളിയിച്ചു നോക്കിയിട്ടില്ലേ…?
ശൈത്യമൊട്ടും ഇല്ലാഞ്ഞിട്ടും
ഇടയ്ക്കു വരണ്ടു തുടങ്ങുന്ന
ചിരിയിലെ ചുണ്ടുകളെ
ഒറ്റയടിക്ക്
അവർ മായ്ച്ചു കളയുന്നുണ്ട്
കണ്ണാടിയിൽ
രണ്ടാമതൊരു സൂക്ഷ്മ നോട്ടത്തിൽ
ആ ചുണ്ടുകൾ
നിറം മങ്ങുന്നത് കാണാറില്ലേ?
വെറുപ്പ് കൊണ്ട് കുത്തി വരഞ്ഞ
പാടുകൾ ദൃശ്യമാവുന്നില്ലേ അപ്പോൾ?
നിഴലൊന്നു നീണ്ടു തുടങ്ങുമ്പോൾ
കടലോളം വിഷാദത്തിൽ
താഴ്ന്നു പോകാറില്ലേ..?
അവരുടെ ചുഴികളാണ്
അവരുടെ ചൂണ്ട കൊളുത്തുകളാണ്
അവരുടെ വെറുപ്പിന്റെ
വേലിയേറ്റങ്ങൾ മാത്രമാണതൊക്കെയും.
നമ്മുടെ ശ്വാസം വീണു കിടക്കുന്ന പാടുകളിൽ
മുഴുവനും
അവർ വിരിച്ചു വെച്ച ചതിക്കുഴികളാണ്..
ഗൗരി