യാസിർ എരുമപ്പെട്ടി

വെള്ളിയാഴ്ച ദിവസം ഞങ്ങടെ പള്ളിയിലേക്ക് ഒരു ഉപ്പയും മകനും വരുമായിരുന്നു. ഒരു ചെറിയ മോന്‍…. പ്രത്യക്ഷത്തില്‍ കണ്ണൊഴിച്ചാല്‍ തൊലി പോലും കാണാത്ത രൂപത്തില്‍ വികൃതമാക്കപ്പെട്ട (ആ വാക്ക് തന്നെ തെറ്റാണ് ) ഒരു മോന്‍.

നോര്‍മ്മലായത് എന്ന് സ്വയം തോന്നിക്കുന്ന ആളുകള് തന്നെ ആ പ്രായത്തിലുള്ള മക്കളെ പള്ളിയിലേക്കൊന്നും കൊണ്ടുവരാറില്ല എന്നിരിക്കേ ആ മനുഷ്യനെന്തിനാണ് ഈ കുഞ്ഞിനേയും കൊണ്ട് ആള്‍ക്കൂട്ടത്തിന്റെ സഹതാപം ഏറ്റുവാങ്ങാന്‍ വരുന്നതെന്ന് ഞാനിടക്ക് ചിന്തിക്കാറുണ്ട്… അതിന് എന്‍റെ ചങ്കില്‍ തന്നെ ഒരു മറുപടിയുമുണ്ടായിരുന്നു. “എന്‍റെ ഹാദിക്ക് ഇതുപോലെയാണെങ്കില്‍ അവനെ റൂമിലിട്ട് പൂട്ടിയാണോ ഞാന്‍ വളര്‍ത്തുക” എന്നൊരു മറുപടി… ഓര്‍ക്കുമ്പോള്‍ പിടച്ചിലോടെ സുജൂദുകള്‍ക്കിടയില്‍ ഞാനൊരു ഷുക്ക്റ് മറന്ന് വെക്കും.

നിസ്ക്കാര സമയം അയാള്‍ അവനെ ഒന്നൂടെ തന്നോട് ചേര്‍ത്ത് പിടിക്കുന്നത് വല്ലാത്തൊരു സ്നേഹത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്… നിസ്ക്കാരത്തിന് മുമ്പുള്ള ഖുത്തുബ(പ്രസംഗം) നടക്കുമ്പോള്‍ അവന്‍ ഉപ്പാനെ നോക്കി ചിരിക്കും.. അയാള്‍ അവനേയും… ഇപ്പോളാ കാഴ്ച ഓര്‍ക്കാന്‍ കാരണമുണ്ട്… സലിം കോടത്തൂരിന്‍റെ പൊന്നുമോള്‍ ഹന്ന ഇങ്ങനെ എത്രയോ പേരുടെ സഹതാപത്തിന് മുഖം നല്‍കേണ്ടി വന്ന കുഞ്ഞാണ്… പക്ഷെ അവളെ അയാള്‍ ആഘോഷിച്ച രീതി വല്ലാതെ ഹൃദയം തൊടുന്നതാണ്.

മുന്‍പ് നിറയെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതൊരു മനോഹരമായ വാര്‍ത്തയായി കൊണ്ടാടിയിരുന്നു. അപ്പോഴൊന്നും അതിനെപറ്റി എഴുതണമെന്ന് തോന്നിയില്ല,.. പക്ഷെ ഇന്നലെ വടക്കേക്കാട് ഒരു ഷോപ്പിന്‍റെ ഉല്‍ഘാടനത്തിന് പോയത് സലിം കോടത്തൂരും അയാളുടെ ഹന്നമോളും കൂടിയാണ്. ഉല്‍ഘാടനാനന്തരം ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ അവരോടൊപ്പം ക്ഷണിക്കപ്പെട്ട മറ്റു പ്രശസ്തരായ രണ്ടുപേരുമുണ്ടായിരുന്നു.. അവരുടെയൊക്കെ ചിരികളില്‍ എന്തോ വല്ലാത്ത കുറവുള്ളപോലെ…

എന്നാല്‍ ഹന്നമോളെയും എടുത്ത് സലിം കോടത്തൂര്‍ എന്ന പിതാവ് ക്യാമറക്ക് മുന്‍പില്‍ മനോഹരമായി ഹൃദയം തുറന്ന്‍ ചിരിക്കുന്ന ഒരു ലൈവ് വീഡിയോ കണ്ടപ്പോള്‍ എന്തോ അയാളെ ഒന്ന് ചേര്‍ത്ത് പിടിക്കണമെന്ന് തോന്നി.നിറയേ ആല്‍ബങ്ങളിലൂടെ ഒരു കൂട്ടം ആളുകളുടെ ഫേവറേറ്റ് ലിസ്റ്റിലുള്ള അത്യാവിശ്യം നാലാള് അറിയുന്ന ഒരാള്‍ തന്‍റെ കുഞ്ഞിനേ ‘കുറവുകളുടെ’ ലിസ്റ്റില്‍ പെടുത്താതെ മറ്റു രണ്ട് മക്കളെക്കാള്‍ മനോഹരമായി ആഘോഷിക്കുന്നത് സത്യമായും സ്നേഹമല്ലാതെ മറ്റെന്താണ്…

എന്‍റെ തൊട്ടടുത്ത നാട്ടില് ഒരു പിതാവുണ്ടായിരുന്നു മകന്‍റെ മരണം ഡോക്ടര്‍മാര്‍ മുഴുവന്‍ സ്ഥിരീകരിച്ച സമയത്ത് അവനേ വീട്ടിലേക്ക് കൊണ്ടുവന്ന്‍ ചങ്ക് കലങ്ങി യാത്രയയപ്പ് നല്‍കിയൊരു മനുഷ്യന്‍…അയാളെപറ്റി രണ്ടുവരി കൂടി കൂടുതലെഴുതാന്‍ മനസ്സിന് ശക്തിയില്ല…. ജനിച്ച മൂന്ന്‍ കുഞ്ഞുങ്ങളാണ് റബ്ബിലേക്ക് യാത്രപോയത്… പരലോകമില്ലെങ്കില്‍ ഇങ്ങനെ കൊതി തീരാതെ പാതി മുറിഞ്ഞ് മണ്ണോട് ചേരുന്ന പൂക്കള്‍ക്കൊക്കെ എവിടെവെച്ചാണ് നീതി ലഭിക്കുക…

മക്കളെ ആഘോഷിക്കുന്ന മാതാപിതാക്കളോട് എക്കാലത്തും വലിയ സ്നേഹവും ബഹുമാനവുമാണ്… നമ്മള് ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങളില്ലതാകുന്ന സമയത്തെപറ്റി ഓര്‍ത്താലൊക്കെയും ആഴമേറിയ ശൂന്യതയിലേക്ക് രണ്ട് നനവിറങ്ങിയ കണ്ണുകള്‍ ഊളിയിട്ടിറങ്ങും…സലിം കോടത്തൂരിനെപ്പോലെ നിറയേ മാതാപിതാക്കളുണ്ട്… അങ്ങനെയുള്ള കുഞ്ഞുങ്ങളെ ഒറ്റപ്പെടുത്തുന്ന “എല്ലാം തികഞ്ഞ കുഞ്ഞുങ്ങളുടെ” മാതാപിതാക്കളാകരുത് നമ്മളെന്നാണ് എനിക്ക് പറയാനുള്ളത്…

നമ്മുടെ കുഞ്ഞുങ്ങളോട് അങ്ങനെയുള്ള മക്കളെ സൗഹൃദത്തില്‍ മനോഹരമായി പങ്ക് ചേര്‍ക്കാന്‍ പറയണം… അവരോട് സഹതാപമോ വെറുപ്പോ കാണിക്കരുത് എന്നും നാളെ നിങ്ങള്‍ക്കും അത്പോലെ വന്നാലോ എന്നുമുള്ള ചോദ്യങ്ങളെക്കൊണ്ട് തന്നെയാകണം വളര്‍ത്തേണ്ടത്…എല്ലാം തികഞ്ഞതെന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യരല്ല ഇവിടെ വലിയ സാദ്ധ്യതകള്‍ തുറന്നിട്ടുള്ളത്… അത് “കുറവെന്ന്‍” നമ്മള് പറഞ്ഞ് മാറ്റി നിര്‍ത്തിയ മനുഷ്യരാല്‍ തന്നെയാണ്…. അവരെ അങ്ങനെയൊന്നും സഹതപിച്ച് അണ്ടര്‍സ്റ്റിമേറ്റ് ചെയ്യരുത്..!!

ഈയടുത്ത് വൈറലായ ഒരു വീഡിയോ നിങ്ങളില്‍ പലരും കണ്ടുകാണും… തന്‍റെ ഇഷ്ട ഫുട്ബോള്‍ ടീമിന്‍റെ കളി കാണാന്‍ കാഴ്ചയുള്ള കൂട്ടുകാരന്‍ അവന്‍റെ പ്രിയപ്പെട്ട “കാഴ്ചയില്ലാത്ത” കൂട്ടുകാരനെയും കൊണ്ട് ഗാലറിയില്‍ നില്‍ക്കുകയാണ്… കളിയുടെ ഓരോ മനോഹര നിമിഷങ്ങളും കാണുന്നവന്‍ കാണാത്തവന് പറഞ്ഞ് കൊടുക്കുന്നുണ്ട്… അവനേ ചേര്‍ത്തും അണച്ചും പൊട്ടിച്ചിരിക്കുന്നുണ്ട്…

കാഴ്ചയുള്ളവന്‍റെ അതേ പൊലിവിലാണ് കണ്ണില്ലാത്ത സുഹൃത്ത് മനോഹരമായി കാണുന്നത്… ഒടുവില് അവരുടെ ടീം ഗോളടിക്കുമ്പോള്‍ അതിന്‍റെ ഏറ്റവും ആവേശകരമായ മൊമന്‍റ് വിരിയുന്നത് കണ്ണില്ലാത്തവന്‍റെ മുഖത്താണ്… യാദൃശ്ചികമായി ക്യാമറ കാണികളിലേക്ക് തിരിഞ്ഞപ്പോള്‍ മാത്രം കണ്ട കാഴ്ചയാണിത്…ആ കണ്ണുള്ളവന്‍റെ മനസ്സിന്‍റെ പ്രകാശം കൊണ്ട് കൂട്ടുകാരന്‍ എത്ര മനോഹരമായാണ് കാഴ്ചകള്‍ കാണുന്നത്… രണ്ടാളും കൂടെ ഒരു ആഘോഷമുണ്ട്…

ആ ഗോള് തീർത്ത ഏറ്റവും ഗംഭീരമായ കാഴ്ച അതാണ്…സ്നേഹിക്കാന്‍ തുടങ്ങിയാല്‍ മനുഷ്യനോളം പോന്ന എന്ത് അത്ഭുതമാണീ ലോകത്തുള്ളത്…സഹതപിക്കാന്‍ എന്തെളുപ്പമാണ്‌….ചേര്‍ത്ത് നിര്‍ത്താനാണ് പാട്…ചേര്‍ത്ത് നിര്‍ത്തിനോക്കൂ….ചേല് കൂടും….!!

By ivayana