രചന : സജി കണ്ണമംഗലം
ഹിമഗിരി നന്ദിനിയാകിയ ദേവി
ഹരനൊടു കൂടെ വനത്തിൽ രമിക്കേ
വാരണമായതു കാരണമുളവാം
വാരണവദനൻ ശ്രീ ഗണനാഥൻ
വിരവേ വിഘ്നനിവാരണമാകാ-
നരുകിലിരുന്നു തുണയ്ക്കുക നമ്മേ
താമര തന്നിലിരുന്നു വിളങ്ങും
തായേ,താവക മടിയിലിരുത്തി
തൂമയെഴുന്നൊരു സാഹിത്യത്തിൻ
കാമനയുണരും ദുഗ്ദ്ധം നൽകൂ!
പല്ലവപാണികൾ കൊണ്ടടിയത്തിൻ
തെല്ലും ഗുണമില്ലാത്തൊരു തലയിൽ
തെല്ലു തലോടണമപ്പോഴിവനുടെ
വല്ലഭമല്പം വന്നു ഭവിക്കും!
ഭക്ഷണമില്ലാതുള്ള ജനങ്ങൾ
ഭക്ഷിപ്പാനൊരു മാർഗ്ഗം കാട്ടി
രക്ഷിക്കേണമതിന്നു സമസ്ഥൻ
സക്ഷമനാകിയ വിഷ്ണു തുണയ്ക്കൂ
ഭക്ഷണമെല്ലിന്നിടയിൽക്കയറീ-
ട്ടിക്ഷിതി തന്നിലഹങ്കാരത്താൽ
ലക്ഷണഹീന സ്വഭാവം കാട്ടും
കക്ഷികളേയും കാക്കുക ഭഗവാൻ!
കേരളനാട്ടിലനേകമനേകം
നാരികളുണ്ടവരാന കണക്കേ
കാരണഹീനം ഭക്ഷിച്ചൊടുവിൽ
ധാരാസിങ്ങ് കണക്കായല്ലോ!
അന്തിക്കള്ള് കുടിച്ചുപെടുത്തി-
ട്ടന്തഃക്കരണം വാടിയ പുരുഷർ
ചന്തത്തീറ്റകൾ ടച്ചിങ്ങാക്കീ-
ട്ടെന്തൊരു കോലം ശിവ ശിവ ശംഭോ!
*അയ്യാറെട്ടുകളായ കിടാങ്ങൾ
വയ്യാതായതു വെറുതേയല്ലാ
വയ്യാവേലികൾ വായിൽത്തിരുകാൻ
അയ്യോ , രക്ഷകരാശിക്കുന്നു!
ഷുഗറും പ്രഷറും ഗ്യാസും വന്നീ
ഫിഗറില്ലാതെ വരുന്ന ജനത്തെ
പിഴിയാനായിട്ടാതുരശാലകൾ
ഒഴിവില്ലാതെ പ്രവർത്തിക്കുന്നു!
ചന്തിയിൽ മുഴുവൻ സൂചി കയറ്റി,
ചന്തത്തിൽ പല ടെസ്റ്റുകൾ ചെയ്തും
നിന്തിരുവടിയേ ഹോസ്പിറ്റലുകൾ
എന്തൊരു ചൂഷണമാണു നിനച്ചാൽ!
എണ്ണയിൽ മുക്കിപ്പൊക്കിയെടുക്കും
വണ്ണമിയന്നൊരു ബജിയും പപ്പ്സും
തിണ്ണമടിച്ചുകയറ്റിയൊടുക്കം
വണ്ണം വെച്ചൊരു ജനതതി നമ്മൾ!