Gregar Mathew
യാക്കോബായ സുറിയാനി സഭ നേരിടുന്ന നീതി നിഷേധം പൊതുജനങ്ങളുടെ മുൻപിൽ ബോധ്യപ്പെടുത്താനും മീഡിയ വഴി അതിന് ഒരു കവറേജ് കിട്ടുവാനും വേണ്ടി ആണ് സമരം തുടങ്ങിയത്. ആ ലക്ഷ്യം നമ്മൾ നിറവേറ്റിക്കഴിഞ്ഞു. അപ്പോൾ പിന്നെ സമരം നിർത്തേണ്ടതാണ്. എന്നാൽ ഇപ്പോൾ ചിലർ ചേർന്ന്, സർക്കാർ എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, അത് തങ്ങൾ സമരം ചെയ്തത് കൊണ്ടാണ് എന്ന് വരുത്തി തീർക്കുവാൻ വേണ്ടി ഉള്ള തത്രപ്പാടിലാണ്. ഈ സമരം നിർത്തുകയാണെങ്കിൽ സർക്കാർ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാം. അല്ലെങ്കിൽ വളരെ ബുദ്ധിമുട്ടാണ്.
എന്തുകൊണ്ട് സമരം നിർത്തണം എന്ന് പറയുവാനുള്ള കാരണങ്ങൾ താഴെ കൊടുക്കുന്നു.
സമരം ചെയ്തു കാര്യങ്ങൾ നേടിയെടുക്കുവാൻ ഒരു സർക്കാരും സമ്മതിക്കുകയില്ല. കാരണം പിന്നീട് അത് ഒരു കീഴ്വവഴക്കം ആയി മാറും. ഉദാഹരണങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട് – സോളാർ സമരം, ശബരിമല സമരം, കർഷക സമരം
സഖാവ് പിണറായി വിജയനെ പോലെയുള്ള ഒരു ശക്തനായ മുഖ്യമന്ത്രിയിൽനിന്ന് സമരം ചെയ്തു ഒന്നും നേടുവാൻ സാധിക്കുകയില്ല. ഇതിനേക്കാൾ 100 ഇരട്ടി ശക്തിയിൽ മാസങ്ങളോളം കേരളത്തിനകത്തും പുറത്തും ഇന്ത്യയ്ക്ക് പുറത്തും നടന്ന ശബരിമല സമരം കണ്ടിട്ട് പോലും തൻ്റെ നിലപാടിൽ നിന്ന് ഒരിഞ്ച് പോലും മാറാത്ത ആളാണ് ആണ് സഖാവ് പിണറായി വിജയൻ.
നമ്മുടെ ഭാഗത്താണ് നീതി എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് വളരെ വ്യക്തമായി അറിയാം. അത് അദ്ദേഹത്തിൻറെ മലപ്പുറം പ്രസംഗത്തിൽ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അതുകൊണ്ട് സമരം ചെയ്തു ഇനി ഈ കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. കൂടാതെ തിരുവനന്തപുരത്തു നടന്ന പത്രസമ്മേളനത്തിൽ സഭാ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
താൻ എന്തെങ്കിലും യാക്കോബായ സഭയ്ക്ക് ചെയ്തിട്ടുണ്ടെങ്കിലും, ഇനി ചെയ്യുവാൻ ഉദ്ദേശിക്കുന്നണ്ടെങ്കിലും അത് 90 വയസ് കഴിഞ്ഞ വൃദ്ധനോടുള്ള ആദരവും സ്നേഹവും കൊണ്ടാണ് എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആവർത്തിച്ചു പലതവണ പറഞ്ഞിട്ടുള്ളതാണ്..
സമരത്തിൻറെ വേദി രാഷ്ട്രീയ ലക്ഷ്യത്തോടെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും, ഗവൺമെൻറിന് താൽപര്യമില്ലാത്ത വ്യക്തികളും കയ്യടക്കുന്നത് ഗവൺമെൻറിനെ വെറുപ്പി ക്കാനെ ഉതകുകയുള്ളു. സമരത്തിൻ്റെ വേദിയിൽ വന്നു പ്രസംഗിച്ച ഒറ്റ എംഎൽഎമാർ പോലും നമ്മുടെ പ്രശ്നത്തെപ്പറ്റി നിയമസഭയ്ക്കകത്തു ഒരക്ഷരം പോലും മിണ്ടിയിട്ടില്ല എന്നുള്ളതും ശ്രദ്ധിക്കണം.
സമരത്തിൻറെ മുദ്രാവാക്യം “നിയമനിർമ്മാണം നടത്തി തരിക” എന്നുള്ളത് ഒട്ടും ശരിയായില്ല. “തങ്ങളുടെ വിശ്വാസത്തിൽ ജീവിക്കുവാനും ആരാധിക്കുവാനും മരിക്കുവാനുള്ള അവസരം ഉണ്ടാക്കി തരിക” എന്നായിരുന്നു വേണ്ടത്. അതെങ്ങനെ ഉണ്ടാക്കി തരണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഗവൺമെൻറിന് വിട്ടു കൊടുക്കേണ്ടതായിരുന്നു. അല്ലാതെ ഗവൺമെൻറിനെ അങ്ങോട്ട് കയറി പഠിപ്പിക്കുവാൻ ശ്രമിക്കുന്നത് ഒരു സർക്കാരും താൽപര്യപ്പെടുകയില്ല.
സമരത്തിൽ വിശ്വാസികളുടെ പങ്ക് ദിനംപ്രതി കുറഞ്ഞു കുറഞ്ഞു വരുന്നു. തിരുവനന്തപുരത്ത് സമരം തുടങ്ങിയ ദിവസം കുറഞ്ഞത് 2000 പേരേ പ്രതീക്ഷിച്ചിട്ടു 200 പേര് പോലും തികച്ച് വന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ ഓരോ ഭദ്രാസനങ്ങളിൽ നിന്ന് കുറഞ്ഞത് 50 പേര് വരണം എന്നു പറഞ്ഞിട്ട് ഒരു ദിവസം പോലും അത്രയും പേർ വന്നിട്ടില്ല. നിയമസഭാ മാർച്ചിന് ഒരു അയ്യായിരം പേരെ പ്രതീക്ഷിച്ചിട്ട് പകുതിയുടെ പകുതി പോലും വന്നില്ല. കേരളത്തിലെ എല്ലാ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടു വെറും നാലിടത്തു മാത്രമാണ് നടന്നത്. സഭയിലെ 90% വിശ്വാസികളും അധിവസിക്കുന്ന കൊച്ചി കോട്ടയം വയനാട് തൃശൂർ ഇടുക്കി പത്തനംതിട്ട മുതലായ സ്ഥലങ്ങളിൽ ഇത് നടന്നില്ല. വിശ്വാസികൾക്ക് സമരം എന്ന ഈ ചില ആളുകളുടെ, ക്രെഡിറ്റ് അടിച്ച് എടുക്കുവാനുള്ള നാടകത്തിനോട് താല്പര്യമില്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
സമരത്തിൻറെ വേദിയിൽ നിന്നാണ് പല കുത്തിതിരിപ്പ്, വിഭാഗീയ പോസ്റ്റുകളുടെയും ഉത്ഭവം. മറ്റുള്ള തിരുമേനി മാരെയും, സഭ നേതൃത്വത്തെയും, പഴയ നേതൃത്വത്തേയും മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്ററുകളും, എഴുത്തുകളും ദിനംപ്രതി ഇവിടെ നിന്ന് ഉത്ഭവിക്കുന്നു. അവകാശ സംരക്ഷണ യാത്രയിൽ മാലയിട്ടും, മുണ്ട് ഇട്ടും ആദരിച്ച പല വ്യക്തികളും ആണ് ഇവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത്. ഇവരെല്ലാം തന്നെ തിരഞ്ഞെടുപ്പുകളിലൂടെ ഒരു സ്ഥാനത്തും എത്തില്ലാത്തവരും മറിച്ച് സമര നായകൻ തിരുമേനിയുടെ നോമിനേഷനിൽ മാത്രം പ്രതീക്ഷയർപ്പിക്കുന്നവരും ആകുന്നു.
മീഡിയ അറ്റൻഷൻ സമരത്തിൽനിന്ന് മാറി. മീഡിയയിലും പത്രങ്ങളിലും ഉള്ള കവറേജ് ദിനംപ്രതി കുറഞ്ഞു കുറഞ്ഞ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
സമരം കൊണ്ട് ഉദ്ദേശിച്ചത് പൊതുജനങ്ങളെ കാര്യങ്ങൾ ധരിപ്പിക്കാനും നമ്മുടെ പ്രശ്നങ്ങൾക്ക് മീഡിയ അറ്റൻഷൻ കിട്ടുവാനും ആണ്. ആ ലക്ഷ്യം നമ്മൾ നിറവേറ്റിക്കഴിഞ്ഞു. ഇനി ഗവൺമെൻറിന് പ്രവർത്തിക്കുവാൻ സമയം കൊടുക്കണം. അതിന് സമരം നിർത്തുന്നത് ആയിരിക്കും ഉചിതം. ഗവൺമെൻറ് ഒന്നും ചെയ്തു തരുന്നില്ലെങ്കിൽ പ്രതികരിക്കാനുള്ള അവസരം നിയമസഭാ ഇലക്ഷനിൽ ഉണ്ട്.
*വിശ്വാസികളെ സംബന്ധിച്ച് തങ്ങളുടെ ഇടവക പള്ളികളിൽ തങ്ങളുടെ വിശ്വാസത്തിൽ ആരാധന നടത്താനുള്ള സ്വാതന്ത്ര്യം തിരികെ ലഭിക്കണം.. അത്രയേ ഉള്ളൂ.. അത് സമരത്തിൽ കൂടിത്തന്നെ ലഭിക്കണമെന്നുള്ള പിടിവാശി ഒന്നും സാധാരണ വിശ്വാസികളെ സംബന്ധിച്ച് ഇല്ല. അതുകൊണ്ട് സഭയെ കൂടുതൽ നാണം കെടുത്തുന്നതിനു മുൻപ് തന്നെ ഈ സമരം നിർത്തുന്നതായിരിക്കും സഭയ്ക്ക് നല്ലത്.*