രചന : ശിവൻ മണ്ണയം
ലത :എന്താ ശ്യാമവിടെ ഒരു വെട്ടും കിളയും.. എന്തു പറ്റി .. വില്ലേജാഫീസിലെ ജോലി വിട്ട് കൃഷിപ്പണിയിലേക്ക് തിരിഞ്ഞോ..?
ചാരു: ഒന്നും പറയണ്ട ലതേ .. ഇന്ന് ഉറക്കത്തീന്ന് ഇടത് തിരിഞ്ഞാ ശ്യാം എണീറ്റത്.. ഉറക്ക പ്രാന്ത്..അതിതുവരെ മാറീല്ലന്ന് തോന്നുന്നു.. ഉറക്കപ്പായേന്ന് എണീറ്റു പോയി മൺവെട്ടിയെടുത്തതാ.. ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ പോലും വന്നിട്ടില്ല..
ലത :ശ്യാമിന്റെ കിളി പോയോ..?
ചാരു: പോയെന്നാണ് തോന്നുന്നത് .. ഇന്നലെ ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടത്രേ..
ലത :എന്ത് സ്വപ്നം ..
ചാരു: ഒരു പൂമ്പാറ്റ തേൻ കിട്ടാതെ വിശന്ന് മരിച്ച സ്വപ്നം ..
ലത :ഭീകര സ്വപ്നം ..
ചാരു: ആ സ്വപ്നത്തിന്റെ ഹാങ്ങോവറിലാശ്യാമിപ്പോഴും.. ഇനിയൊരു പൂമ്പാറ്റയും തേൻ കിട്ടാതെ വിശന്ന് മരിക്കരുതത്രേ..
ലത :അതിന് മണ്ണ് കുഴിച്ചാൽ തേൻ കിട്ടുമോ?
ചാരു: മണ്ണ് കിളക്കുന്നത് ചെടി നടാനാ.
ലത :ഓഹോ.. ചെടികൾ വളർന്ന് പൂവിടുമ്പോൾ പൂമ്പാറ്റകൾക്ക് ഇഷ്ടം പോലെ തേൻ കുടിക്കാമല്ലോ.. നല്ല നന്മയുള്ള പ്രവർത്തി ..
ചാരു: ഓഫീസിൽ പോകാതെ ചെടി നടുന്നതാണോ നല്ല പ്രവർത്തി. ഒരു ജോലിക്കാരനെ വച്ചിരുന്നെങ്കിൽ അയാൾ ഒരു മണിക്കൂർ കൊണ്ട് തീർത്തിട്ടു പോയേനെ..
ലത :സ്വന്തമായിട്ട് ചെയ്താലേ ഒരാത്മസംതൃപ്തി ഉണ്ടാവൂ.. വല്ലവരും നടുന്ന ചെടി നമ്മുടെ മുറ്റത്ത് പൂവിട്ട് നിൽക്കുന്നത് കാണുമ്പോൾ മനസ്സിൽ വലിയ സന്തോഷമൊന്നും ഉണ്ടാകില്ല. ശ്യാം അവൻ കണ്ട സ്വപ്നത്തിന് പിറകെ പൊയ്ക്കോട്ടെ. വല്ലപ്പോഴും ഇങ്ങനെ വല്ല പ്രാന്തിന് പുറകെ പോയില്ലെങ്കിൽ ജീവിതത്തിന് പിന്നെന്താ ഒരു രസം..
ചാരു: നീയും ശ്യാമിനെ സപ്പോർട്ട് ചെയ്യുകയാന്നോ?
ലത :ഈ വീടിന് മുന്നിൽ ഒരു പൂന്തോട്ടം അത്യാവശ്യമാ.. നടട്ടന്നേ.. നല്ല ഭംഗിയായിരിക്കും.. നീ വാ നമുക്ക് കോളേജിൽ പോവാം..
ശ്യാം: അല്ലാ.. ആരിത് ലതയോ.. എപ്പോ വന്നു..
ലത :ഇപ്പോ വന്നതേയുള്ളൂ..
ശ്യാം: ഞാൻ ഒരു പൂന്തോട്ടമുണ്ടാക്കാൻ തീരുമാനിച്ചു. ചിത്രശലഭങ്ങൾക്ക് വേണ്ടിയാ..
ചാരു: ഓ.. വലിയൊരു ഉദ്യാനപാലകൻ വന്നിരിക്കുന്നു..
ലതാ :നടാൻ ചെടികളെവിടെ..?
ശ്യാം: നടാൻ മണ്ണൊരുക്കിയിട്ടുണ്ട്. ചെടികൾ ഇപ്പോ എത്തും…
ചാരു: എന്തോ ചെയ്യ്.. ഞാൻ കോളേജിൽ പോകാൻ പോവുന്നു..
ശ്യാം: എന്നെ ഒന്ന് സഹായിക്ക്.. കോളേജിൽ നാളെ പോകാം.
ചാരു: എനിക്ക് ശ്യാമിനൊപ്പം കുട്ടിക്കളികളിച്ചു നില്ക്കാൻ സമയമില്ല.. എനിക്ക് കോളേജിൽ പോയേ പറ്റൂ.
ശ്യാം: നീ ഇന്ന് പോയില്ലെങ്കിൽ കോളേജ് ഇടിഞ്ഞു വീഴുമോ?
ചാരു: ആ .. വീഴും..
ലത : ഞങ്ങൾ കോളേജിൽ പോയിട്ട് വന്നിട്ട് സഹായിക്കാം.. ഇപ്പോൾ ഞങ്ങൾ പോട്ടെ ശ്യാമേ..
ശ്യാം: എനിക്കാരേം സഹായം വേണ്ട. ഒറ്റക്കിത് ചെയ്യാനുള്ള ആരോഗ്യം എനിക്കുണ്ട്. പക്ഷേ ഒരു കാര്യം.. ഞാൻ നടുന്ന ചെടികൾ പൂവിടുമ്പോഴുണ്ടല്ലോ, പൂ പറിക്കാൻ ഒറ്റ എണ്ണം വന്നു പോകരുത്..
ചാരു: ഞങ്ങൾക്ക് ശ്യാമിന്റ പൂവ് വേണ്ട .. മൊത്തം ശ്യാമിന്റ പൂമ്പാറ്റകൾ എടുത്തോട്ടെ. വാ ലതേ. നമുക്ക് പോവാം..
ശ്യാം: പൂമ്പാറ്റകളോട് കരുണയില്ലാത്ത ദുഷ്ടസ്ത്രീകൾ… ഹും..!
- * * * * *
പ്രകാശൻ: ശ്യാമേ ഞാനെത്തി..
ശ്യാം: സാധനം കൊണ്ടുവന്നോ..
പ്രകാ: ചെടികളല്ലേ .. കൊണ്ട് വന്നിട്ടുണ്ട്. ദേവു നട്ടിരുന്ന ചെടികളിൽ നിന്ന് മോഷ്ടിച്ചതാ.. മുല്ല പിച്ചി ജമന്തി റോസ… റോസമൂന്ന് തരമുണ്ട് ,പിന്നെ അരളി ഡാലിയ ചെമ്പകം.. ഇഷ്ടം പോലെയുണ്ട്.
ശ്യാം: നീയാണടാ എന്റെ ആത്മാർത്ഥ സുഹൃത്ത്.. വാ.. ഞാൻ നിന്നെയൊന്ന് ആലിംഗനം ചെയ്തോട്ടെ…
പ്രകാ: അയ്യേ.. അതൊന്നും വേണ്ട. നിന്റെ മനസില് ഇതിന്റ നന്ദി ഉണ്ടായിരുന്നാൽ മതി.
ശ്യാം: ഉണ്ടായിരിക്കും.. നന്ദിയുണ്ടായിരിക്കും.. എന്നു മുണ്ടായിരിക്കും.. ചത്താലും മറക്കല പ്രകാശാ നീ ചെയ്ത സഹായം. എന്റ വൈഫുണ്ടല്ലോ ,പ്രൊഫസർർ ർർ ചാർറു.. അവളെന്നെ സഹായിച്ചില്ല.. അവളെന്നെ പുച്ഛിച്ചു. എനിക്കവളോട് പ്രതികാരം ചെയ്യണം..
പ്രകാ: ചാരുവിനെ കൊല്ലാനാണോ നിന്റെ പ്ലാൻ ..
ശ്യാം: പോടാ അവിടന്ന് .. ഈ വീടിന്റെ മുറ്റത്ത് വലിയൊരു ഉദ്യാനം ഒരുക്കണം നമുക്ക്.അത് കണ്ട് അവൾ ചമ്മി നില്ക്കണം .. അങ്ങനെ നമുക്ക് ചാരുവിനോട് പ്രതികാരം ചെയ്യണം..
പ്രകാ: ഞാൻ റെഡി. പെണ്ണുങ്ങളോട് പ്രതികാരം ചെയ്യാൻ എനിക്ക് വലിയ ത്രില്ലാണ് ..
ശ്യാം: നീയാ ചെടികളൊക്കെ എടുത്ത് നട് ..
പ്രകാ: എടാ ഒരായിരം രൂപതര്യോ…?
ശ്യാം: എന്തിനാ ..?
പ്രകാ: ഒരു ഫുള്ളെടുക്കാം. രണ്ടെണ്ണം അടിച്ചോണ്ട് ചെടി നട്ടാൽ നല്ല ത്രില്ലായിരിക്കും. ചെടികൾ പെട്ടെന്ന് പൂക്കും ..
ശ്യാം: നീയെന്താ ഈ പറയുന്നത് .. നമ്മളൊരു നല്ല കാര്യമാചെയ്യാൻ പോകുന്നത്. അത് മദ്യപിച്ചോണ്ട് ചെയ്താൽ ഫലം കിട്ടില്ല.
പ്രകാ: പൈസ ചിലവാക്കാൻ മടിയാണെങ്കിൽ അത് പറഞ്ഞാ പോരേ..
ശ്യാം: നീയാദ്യം ചെടി നട് .ബാക്കിയൊക്കെ പിന്നെ.. ഞാൻ ഏറ്റു .. നീ ധൈര്യമായിട്ട് നട് ..
പ്രകാ: നീ ഏറ്റല്ലോ .. ഇപ്പ ശര്യാക്കിത്തരാം .. എപ്പ നട്ട് തീർത്തെന്ന് ചോദിച്ചാൽ മതി..
ശ്യാം :മുല്ലയും പിച്ചിയുമൊക്കെ നമുക്കീ മതിലിന്റെ അരികിൽ നടാം.. ഇത് വളർന്നു വരുമ്പോൾ ഇവിടെ എനിക്കൊരു ലതാഗൃഹം ഉണ്ടാക്കണം..
പ്രകാ: ലത.. നമ്മുടെ ലതക്കോ .. ലതക്കെന്തിനാ ഇവിടെ നീ ഗൃഹം ഉണ്ടാക്കുന്നത് ..
ശ്യാം: എടാ ലതാഗൃഹം എന്ന് വച്ചാൽ മുല്ലപ്പന്തൽ എന്നൊക്കെ പറയില്ലേ അതാണ്. വൃന്ദാവനത്തില് കണ്ണന് ഒരു ലതാഗൃഹമുണ്ടായിരുന്നു. അവിടെയാണ് കണ്ണൻ ഗോപികമാരോടൊത്ത് ഉല്ലസിച്ചിരുന്നത് ..
പ്രകാ: മുല്ലപ്പന്തലുണ്ടാക്കി ഇവിടേക്ക് പെണ്ണുങ്ങളെ വിളിച്ചു കേറ്റാനാണോ നിന്റെ പ്ലാൻ .. ചാരുവിന്റെ കൈയിൽ നിന്ന് നീ എനിക്ക് കൂടെ അടിവാങ്ങിത്തരുമോ..?
ശ്യാം: ലതാഗൃഹം എന്ന് പറഞ്ഞപ്പോൾ കണ്ണനെ ഒന്ന് ഓർത്തു പോയി .അങ്ങനെ പറഞ്ഞതാ. തെറ്റിദ്ധരിക്കല്ലേ പ്രകാശാ ..
പ്രകാ: ശരി നീ വാ .. നമുക്ക് ചെടി നടൽ തുടരാം.. - * * * * *
ശ്യാം: ചാരു.. ചാരൂ .. ഇങ്ങോട്ടൊന്ന് വന്നേ..
ചാരു: എന്താ ശ്യാമേ..
ശ്യാം: മുറ്റത്തേക്കൊന്ന് നോക്ക്..
ചാരു: മുറ്റത്തെന്താ..
ശ്യാം: കണ്ണ് തുറന്ന് നോക്കെടീ..
ചാരു: മുറ്റത്തൊരു കാക്ക ..
ശ്യാം: എന്നെക്കൊണ്ടൊന്നും പറയിക്കരുത്.. ചാരു എന്റ പൂന്തോട്ടത്തിലേക്ക് നോക്ക്..
ചാരു:ങ്ഹാ.. ചില ചെടികളൊക്കെ പൂവിട്ടല്ലോ..
ശ്യാം: ബാക്കി ചെടികളും ഉടനെ പൂക്കും ..
ചാരു: പിച്ചിയും മുല്ലയുമൊക്കെ പൂത്തല്ലോ.’
ശ്യാം: കാറ്റടിക്കുമ്പോ എന്ത് മണമാഅല്ലേ.. ശ്വാസകോശങ്ങളൊക്കെ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു. ഹാ.. ഹാ.. എന്തൊരു സുഗന്ധം..
ചാരു: കുറച്ച് പിച്ചിപ്പു ഞാൻ പറിച്ചോട്ടെ.. തലയിൽ വയ്ക്കാനാ..
ശ്യാം: പൂ പറിച്ചാൽ നിന്റെ കൈ ഞാൻ വെട്ടും .. അന്ന് ഞാൻ ,ചെടി നടാൻ ഒന്ന് സഹായിക്കാൻ നിന്നോട് യാചിച്ചില്ലേ..? അപ്പോൾ നീ എന്തു പറഞ്ഞു? കോളേജിൽ പോകണമെന്ന് .നീ കോളേജിൽ പോയി പൂ പറിക്ക്. എന്റ പൂന്തോട്ടത്തിൽ കയറിപ്പോകരുത്..
ചാരു: എനിക്ക് വേണ്ട ശ്യാമിന്റ പൂവ്.20 രൂപ കൊടുത്താലേ, ഇതിനേക്കാൾ മണമുള്ള പിച്ചിപ്പൂ പൂക്കടേന്ന് കിട്ടും. ഞാനത് വാങ്ങി വച്ചോളാം.
ശ്യാം: അങ്ങനെ വാങ്ങിയാൽ മതി. അല്ലാതെ ആരും എന്റെ പുന്തോട്ടത്തിലെ പൂവ് കണ്ട് കൊതിക്കണ്ട. ഹും പൂവ് വേണം പോലും.. പൂവേ!
ചാരു: ഹും.. ഞാൻ പോകുന്നു. ഒരു കോലോത്തെ പൂന്തോട്ടം.. ശ്യാമിനിന്ന് ബ്രേക്ക് ഫാസ്റ്റില്ല..
ശ്യാം:ങേ അതെന്താ..?
ചാരു: ഞാനൊറ്റക്കുണ്ടാക്കിയ പ്രാതലാ .. ആരും എന്നെ സഹായിക്കാൻ വന്നില്ല. ഞാനുണ്ടാക്കിയ പ്രാതൽ ഞാനാർക്കും കൊടുക്കില്ല..
ശ്യാം :ചാരൂ .. വേണമെങ്കിൽ ശകലംപൂവ് ഞാൻ തരാം ..
ചാരു: എനിക്ക് വേണ്ട ..
ശ്യാം: അങ്ങനെ പറയരുത്. ഒരു ഭർത്താവിനോട് നീ ഇങ്ങനെയൊന്നും പറയരുത്. കുറച്ച് പൂവ് നീ സ്വീകരിച്ചേ പറ്റൂ. നീ വാ ..
ചാരു: കൈയീന്ന് വിട്..
ശ്യാം: ഈ വാർമുടിയിൽ കുറച്ച് മുല്ലപ്പൂ ചൂടിയാൽ എന്ത് ഭംഗിയായിരിക്കും നിന്നെ കാണാൻ ..രവിമേനോൻ ചിത്രം പോലിരിക്കും..
ചാരു: രവിവർമ്മ ..
ശ്യാം: ഞാൻ മനപൂർവം തെറ്റിച്ച് പറഞ്ഞതാ, നിന്റെ പിണക്കം മാറ്റാൻ ..
ചാരു: എന്റെ പിണക്കം മാറിയില്ലല്ലോ ..
ശ്യാം: നിന്റെ പിണക്കം ഞാനിന്ന് മാറ്റും. എന്റെ പൂന്തോട്ടത്തിലെ മുഴുവൻ പൂവും നീ പറിച്ചോ .എനിക്കൊരു പരാതിയുമില്ല. ഞാനീ ചെടികളായ ചെടികളൊക്കെ ആർക്കു വേണ്ടിയാ നട്ടത്? എന്റ ചാരുവിന് വേണ്ടി. സത്യം .
ചാരു: എനിക്ക് കുറച്ച് പൂവ് മതി .അത് ഞാൻ പിന്നേട് പറിച്ചോളാം..
ശ്യാം: അപ്പോ ബ്രേക്ക് ഫാസ്റ്റ് ..വരട്ടെ..
ചാരു:ങ്ഹാ.. വന്ന് കഴിച്ചോ..
ശ്യാം: നല്ല ഭാര്യ.. മുല്ലപ്പൂ വിന്റെ നിറമുള്ള മനസാ നിനക്ക്..
ചാരു: വാചകമടിക്കാതെ വാ .. - * * * * *
ചാരു: എന്താ ശ്യാമേ അവിടെ ..?
ശ്യാം: ഇവിടെ എന്ത്? ഇവിടെ ഒന്നുമില്ല.
ചാരു: അവിടെ ആരോ സംസാരിക്കുന്നത് കേട്ടല്ലോ..
ശ്യാം: ഞാൻ പുമ്പാറ്റകളോട് സംസാരിക്കുകയായിരുന്നു. നോക്ക് എന്റെ ഉദ്യാനത്തില് എത്രയിനം പുമ്പാറ്റകളാ.. അവ വന്ന് ഇഷ്ടം പോലെ തേൻ കുടിച്ച് പോകുന്നു. ഇനി ഈ പ്രദേശത്ത് ഒരൊറ്റ പൂമ്പാറ്റയും തേൻ കിട്ടാതെ വിശന്ന് മരിക്കില്ല. നോക്ക്, ഇന്നെന്റ അരളിയും ചെമ്പകവും പുത്തു.എന്തു സുഗന്ധമാണെന്ന് നോക്ക്..
ചാരു: കഥ പറച്ചില് നിർത്ത്..ശ്യാമ് ആരോടാ സംസാരിച്ചത് .. സത്യം പറ..
ശ്യാം :ശ്ശെടാ .. ഇതെന്തൊരു കൂത്ത് .. ഞാൻ പറഞ്ഞില്ലേ .. ഞാൻ പൂമ്പാറ്റകളോടാ സംസാരിച്ചത് ..
ചാരു: ഒരു പെൺ ശബ്‌ദം ഞാൻ കേട്ടല്ലോ.. പൂമ്പാറ്റ പെൺ ശബ്ദത്തിൽ സംസാരിക്കുമോ?
ശ്യാം: നിനക്ക് തോന്നിയതായിരിക്കും..
ചാരു: ഞാനൊന്ന് നോക്കട്ടെ.. ഈ കാട്ടിനിടയിൽ ശ്യാമാരെയെങ്കിലും ഒളിപ്പിച്ചിട്ട് വച്ചിട്ടുണ്ടോന്ന്..
ശ്യാം: ഇത് കാടല്ല.. ഇതെന്റ ഉദ്യാന മാ ണ്..
ചാരു: ഇവിടെ ആരേം കാണാനില്ലല്ലോ ..
ശ്യാം: ഞാൻ പറഞ്ഞില്ലേ .. എല്ലാം നിന്റെ തോന്നലാണ്.
ചാരു: ഇവിടെയൊരു പെൺകുട്ടി ഉണ്ടായിരുന്നു. ശബ്ദം ഞാൻ കേട്ടു.ഒറപ്പാണ്..
ശ്യാം: നീയിങ്ങനെ ഓരോന്ന് ഉറപ്പിച്ചിട്ട് എന്നോട് ചോദ്യങ്ങൾ ചോദിക്കല്ലേ .ഇവിടെയൊരു പെണ്ണും വന്നിട്ടില്ല, ഞാനാരേം കണ്ടിട്ടുമില്ല. നീ വിശ്വസിക്കുന്നെങ്കിൽ വിശ്വസിക്ക് ..
ചാരു: ഉം.. തത്കാലം ഞാൻ വിശ്വസിച്ചു.പക്ഷേ വല്ല ചുറ്റിക്കളിയും ശ്യാമിനുണ്ടെങ്കിൽ ചാരു ഭദ്രകാളിയാകും ഓർത്തോ .
ശ്യാം: ഞാനങ്ങനെയൊരു ചുറ്റിക്കളിക്കാരനല്ല.’ സത്യം ..
പുറത്ത് നിന്നുംപ്രകാശൻ: ശ്യാമേ.. ശ്യാമേ..
ശ്യാം: ഞാനിവിടെ പൂന്തോട്ടത്തിലുണ്ടെടാ.. ഇങ്ങോട്ട് വാ..
പ്രകാ: ഇപ്പോ ഇവിടന്ന് ഇറങ്ങിപ്പോയ പെണ്ണേതാടാ .. നല്ലൊരു സുന്ദരിക്കുട്ടി.. നീ വെലസടാ.. വെലസ്…(പെട്ടെന്ന് ഞെട്ടലോടെ) അയ്യോ.. ചാരുവോ? ചാരു ഇവിടെ ഒണ്ടാരുന്നോ.എന്താ ചാരു പൂന്തോട്ടത്തില്..ന്റമ്മേ..
ശ്യാം: നശിച്ച് .. എല്ലാം നശിച്ച് ..
ചാരു: പറശ്യാമേ.. ഇവിടന്ന് ഇറങ്ങിപ്പോയ പെണ്ണേതാ.. എനിക്കിപ്പം ഉത്തരം കിട്ടണം –
ശ്യാം: ചാരു അത്.. അത് ..
പ്രകാ: പറഞ്ഞ് കൊടുത്തേക്ക് ശ്യാമേ.. എന്തു ചെയ്യാം എല്ലാം കൈവിട്ടു പോയി. ഇനി വരുന്നത് അനുഭവിക്കുക അത്ര തന്നെ. ചാരു നിന്നെ തൂക്കിക്കൊല്ലുകയൊന്നുമില്ലല്ലോ .. സത്യം പറ.
ശ്യാം: പോടാ കുടുംബം കലക്കീ.. ഇരുതലമൂലീ .. നീ ഒറ്റ ഒരുത്തൻകാരണമാ…
പ്രകാ: എന്നെ എന്തിനാ തല്ലാൻ വരുന്നത് .. ഞാനെന്ത് പെഴച്ചു ..
ചാരു: ശ്യാം പറഞ്ഞത് ശരിയാ, പ്രകാശൻ ഒറ്റ ഒരുത്തൻ കാരണമാ ശ്യാമിന്റെ കള്ളക്കളി വെളിച്ചത്തായത്..
ശ്യാം: എന്തു കള്ളക്കളി ..
പ്രകാ: പൂന്തോട്ടത്തിലുള്ള നിന്റെ ക്രിക്കറ്റ് കളി.. ഞാനിനി ചാരുവിന്റെ സൈഡാ..
ശ്യാം: (പ്രകാശ നോട് കുശുകുശുക്കുന്നു) സുഹൃത്തിനൊരു ആപത്ത് വന്നപ്പോ കാലുമാറുന്നോടാ കണ്ട കാലാ.. നിന്നെ പാമ്പ് കടിക്കും..
പ്രകാശനും പതിയെ :ഈ ചെടികളൊക്കെ കൊണ്ടുവന്നതും നട്ടതുമൊക്കെ ഞാനല്ലേ?എന്നിട്ടൊരു ഫുള്ള് വാങ്ങിത്തരാമെന്ന് പറഞ്ഞിട്ട് നീ വാങ്ങിത്തന്നോ?വിശ്വാസവഞ്ചകർക്ക് വധശിക്ഷയാണ് എന്റെ നിഘണ്ടുവില് .അനുഭവിക്ക് ..
ശ്യാം: ഒന്നല്ല രണ്ട് ഫുള്ള് വാങ്ങിത്തരാം ..
പ്രകാ: എന്ന് ..?
ശ്യാം: ഇന്ന് —
പ്രകാ: ഒറപ്പാണല്ലോ..
ശ്യാം: പാറപോലെ ഒറപ്പ്..
പ്രകാ: OK.. ഞാനിത് സോൾവാക്കിത്തരാം ..
ചാരു: എന്താ അവിടെയൊരു കുശുകുശുപ്പ് ..
പ്രകാ: ഏയ് ഒന്നൂല്ല.. ഞാൻ ശ്യാമിനോട് കാര്യങ്ങൾ നൈസിന് ചോദിച്ചറിഞ്ഞതാ. ചാരൂ നീ ഇങ്ങനെ പോലീസ് മോഡലിൽ ചോദ്യം ചെയ്താൽ ശ്യാം പേടി കൊണ്ട് വല്ലതും പറയുമോ? ഭർത്താവല്ലേ ഒരു മയത്തിലൊക്കെ ചോദിക്ക്.
ചാരു: മയത്തില് തന്നാ ചോദിച്ചത്. പക്ഷേ പറയുന്നത് മൊത്തം നുണയാണ് പ്രകാശാ ..
പ്രകാ: ചാരുവിനും അറിയാം എനിക്കും അറിയാം,ശ്യാം അങ്ങനെ ഒരു ചീത്ത സ്വഭാവമൊന്നും ഉള്ള ആളല്ല. ചാരു വെറുതെ സംശയിച്ചാൽ ചിലപ്പോൾ ഇവൻ വിചാരിക്കും, മര്യാദിക്ക് നടന്നിട്ടും എന്നെ സംശയിക്കുന്നല്ലോ.. എങ്കിൽ പിന്നെ ചാരു സംശയിക്കുന്നത് പോലെ അങ്ങ് നടന്നേക്കാം എന്ന് .. എങ്കിൽ ഈ വീട് മുഴുവൻ പെണ്ണുങ്ങളെ കൊണ്ട് നിറയും.. അത് വേണോ പെങ്ങളേ..
ചാരു: എന്റെത് വെറും സംശയമല്ല. ഞാൻ കിച്ചണിൽ നിന്നപ്പോൾ ശ്യാമിന്റ പൂന്തോട്ടത്തിൽ ഒരു പെണ്ണിന്റെ ഒച്ച കേട്ടു .ഞാനോടി വന്ന് അതാരാ എന്ന് ചോദിച്ചപ്പോൾ ശ്യാം പറയുന്നു ഇവിടെയാരു മില്ല ഞാൻ പൂമ്പാറ്റകളോട് സംസാരിച്ചതാ എന്ന്. ഞാനിവ ടെ വന്നപ്പോൾ ഈ പൂന്തോട്ടത്തിൽ ഒരു പെണ്ണുണ്ടായിരുന്നു.അത് ശ്യാം എന്നിൽ നിന്നും ഒളിച്ചു. ഞാൻ കാണാതെ ഇവിടെ നിന്ന് അവളിറങ്ങി ഓടി.പ്രകാശന്റെ കണ്ണിൽ അവൾ പെട്ടതുകൊണ്ട് ഞാനതറിഞ്ഞു.രണ്ട് കാര്യം എനിക്കറിയണം ,..
ശ്യാം: എന്തൊക്കെയാ..
ചാരു: ഇവിടെ ഒരു പെണ്ണ് വന്ന കാര്യം എന്തിനാ ശ്യാം ഒളിച്ചു വച്ചത്? അവൾ എന്തിനാ ഞാൻ കാണാതെ ഒളിച്ച് വെളിയിൽ ചാടി ഓടിയത്.. എനിക്കറിയണം.
പ്രകാ: ശ്യാം നല്ലവനാണെന്ന് എനിക്കറിയാം.. പറശ്യാമേ നടന്നതെല്ലാം ..
ശ്യാം: ചാരു..അപ്പുറത്തെ കല്ലുവാ ഇവിടെ വന്നത്..
പ്രകാ: ങേ.. കല്ലോ .. കല്ലല്ല അതൊരു പെണ്ണ് തന്നാ.. ഞാൻ കണ്ടതാ ..
ശ്യാം: കല്ലല്ലടാ കൊരങ്ങാ…കല്ലു.. കല്യാണി..
ചാരു: ഓ..ഓമനപേരിട്ടൊക്കെ വിളിച്ചുതുടങ്ങിയോ..
പ്രകാ: (സ്വയം) ഇവനെ പ്രൊട്ടക്ട് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല ..
ശ്യാം: അതൊരു കൊച്ചു കുട്ടിയല്ലേ..?
പ്രകാ: ശരിയാ ഞാനും കണ്ടു.. അതൊരു കൊച്ചു കുട്ടിയാ..
ചാരു: ബീ കോമിന് പഠിക്കുന്ന പെണ്ണാ അത് ..
ശ്യാം: എല്ലാവരും അവളെ കല്ലു എന്നാ വിളിക്കുന്നത്. അത് കേട്ട് ഞാനും വിളിച്ചു.
പ്രകാ: നീയിനി കല്യാണി എന്ന് വിളിച്ചാൽ മതി. ചാരുവിന് ഇഷ്ടമില്ലാത്തതൊന്നും നീ ചെയ്യണ്ട കേട്ടല്ലോ….
ശ്യാം: കല്യാണി രാവിലെ വന്ന് എന്നോട് ചോദിക്കുവാ കുറച്ച് പൂ തര്വോന്ന്..
ചാരു: അപ്പോ കൊടുത്തല്ലേ കാമദേവാ..
പ്രകാ: ഹി ഹി.. കാമദേവനെന്ന്..
ശ്യാം: കൊടുത്തില്ല ചാരു.ഞാൻ പറഞ്ഞു ഈ പൂക്കളെല്ലാം പൂമ്പാറ്റകൾക്കുള്ളതാണെന്ന്..
പ്രകാ: അപ്പോ കല്യാണി പറഞ്ഞു ഞാനും ഒരു പൂമ്പാറ്റയാണെന്ന്..
ശ്യാം: അത് കേട്ട് ഞാൻ പറഞ്ഞു മനുഷ്യപൂമ്പാറ്റകൾ ഈ ഉദ്യാനത്തിലേക്ക് വരണ്ടാ ന്ന്..
പ്രകാ: ഉടനെ കല്യാണി പറയുകയാ ഞാൻ പൂക്കൾക്ക് പകരം ഒരു കുറ്റിമുല്ലത്തെെ തരാമെന്ന് ..
ശ്യാം: ഈ പൂന്തോട്ടത്തില് കുറ്റിമുല്ല ഇല്ലല്ലോ. ഞാനങ്ങ് സമ്മതിച്ചു പോയി ചാരു..
ചാരു: സത്യം സത്യം പോലെ പറഞ്ഞാലെന്താ.. ഞാൻ പിടിച്ച് തിന്നുമോ.. എന്നോടെന്തിനാ കള്ളം പറഞ്ഞത്?
ശ്യാം: പേടിച്ചിട്ടാ ചാരു.. വേറെയൊരു പെണ്ണിന് പൂ കൊടുത്താൽ നീ ദേഷ്യപ്പെടുമെന്ന് വിചാരിച്ചു ..
ചാരു: ഇവിടെ ഇഷ്ടം പോലെ പൂക്കൾ ഉണ്ടല്ലോ.
പ്രകാ: അതെ കൊടുത്തോ.. ഇഷ്ടം പോലെ കൊടുത്തോ.. ചാരു സമ്മതിച്ചിരിക്കുന്നു ..
ചാരു: ആർക്കും വെറുതെ കൊടുക്കണ്ട.. ഫ്രീയായിട്ട് പെണ്ണുങ്ങൾക്ക് എന്ത് വേണോ കൊടുത്തോ.. പക്ഷേ പൂ മാത്രം കൊടുക്കരുത്. മനസ്സിലായോ ശ്യാമിന് ..
പ്രകാ: ശരിയാ ..പൂവും പെണ്ണും ചേർന്നാൽ അത് പ്രണയമായിപ്പോകും..
ശ്യാം: ഇനി ഞാൻ കാശ് വാങ്ങിക്കോളാം ചാരൂ ..
ചാരു: ശരി ഞാൻ പോകുന്നു ..
ശ്യാം :എന്നോട് ദേഷ്യമോ സംശയമോ മറ്റോ ഉണ്ടോ ചാരു..
ചാരു: ഇല്ല ..
ശ്യാം: ഹോ.. സമാധാനമായി..
പ്രകാ: എനിക്കും സമാധാനമായി.. ശ്യാമേ രണ്ട് ഫുള്ള്.. പെട്ടെന്ന് എടുത്തു താ..
ശ്യാം: എന്തിന്..?
പ്രകാ: ഞാനല്ലേ ഈ പ്രശ്നത്തില് നിന്നെ ഒരു തരത്തിൽ രക്ഷപ്പെടുത്തിത്തന്നത് ..
ശ്യാം; എന്തു പ്രശ്നം.. ഞാനാകുട്ടിക്ക് കുറച്ച് പൂ കൊടുത്തു.. അതിലെന്താ പ്രശ്നം? നീയാവന്ന് പ്രശ്നം ഇത്രേം വഷളാക്കിയത്.
പ്രകാ: ഓഹോ.. കാര്യം കഴിഞ്ഞപ്പോ ഞാൻ വെറും കറിവേപ്പില .. ശ്യാമേ നീ മൂർഖൻ പാമ്പിനെയാ ചൊറിഞ്ഞു വിട്ടിരിക്കുന്നത് .. നീ അനുഭവിക്കും.നിന്റെ ഈ പൂന്തോട്ടം ഞാൻ കുളം കോരിയില്ലെങ്കിൽ നീ എന്റെ പേര് മാറ്റി നിന്റെ പട്ടിക്കിട്ടോ.. കേട്ടോടാ പിശുക്കാ.. - * * * * * * * *
ലത :ഹായ്.. എത്ര മനോഹരമാ ശ്യാമിന്റ പൂന്തോട്ടം.. എത്ര തരം പൂക്കളാ.. ഇന്നാട്ടിൽ സുലഭമല്ലാത്ത ഒരു പാടിനം പൂക്കളുണ്ട്.ഞാൻ കേറി കണ്ടു. ഒരു കിലോമീറ്ററിനപ്പുറം വരെ വരുന്നുണ്ട് ഈ പുന്തോട്ടത്തിലെ പൂക്കളുടെ മണം. ഞാൻ ദിവസവും ഈ വീട്ടിലേക്ക് വരുന്നതേ ഈ പൂക്കളുടെ സുഗന്ധം ആസ്വദിക്കാനാ. ഓൺലൈൻ പത്രങ്ങളിലൊക്കെ ഇപ്പോൾ ശ്യാം സ്റ്റാറാ.. ഉദ്യാനപാലകനായ വില്ലേജ് ഓഫീസർ എന്നൊക്കെ പറഞ്ഞ് ഒരു പാട് വാർത്തകളാവരുന്നത് ..
ചാരു: ഓ.. എല്ലാം ഞാൻ കാണുന്നുണ്ട്..
ലത :ശ്യാം ഉണ്ടാക്കിയ ആ വള്ളിക്കുടിലുണ്ടല്ലോ.. മുല്ലയും പിച്ചിയും ഒക്കെ കേറി പടർന്ന് കിടക്കുന്ന .. ആ വള്ളിക്കുടിലിൽ വച്ച് ശ്യാം എടുത്ത ഫോട്ടോ ഉണ്ടല്ലോ. അതിപ്പോൾ വൈറലാ..
ചാരു: അത് കല്യാണി എടുത്ത ഫോട്ടോയാ.. അവളാ അത് അപ് ലോഡ് ചെയ്തത്..
ലത :ആരാ ഈ കല്യാണി..
ചാരു: നീയൊന് മിണ്ടാതിരിക്ക്.. മറുഷ്യനിവിടെ ആകെ സ്വസ്ഥത കെട്ടിരിക്കുകയാ.
ലത :എന്താ ചാരൂ – നീയാകെ അസ്വസ്ഥയാണല്ലോ..
ചാരു: മനസമാധാനം പോയിരിക്കുകയാ ലതേ .ഒരു പൂന്തോട്ടം വന്നതിൽ പിന്നെ ഇവിടെ നിറച്ചും പെണ്ണുങ്ങളാ.. പൂക്കൾ കൊടുക്കുന്നു .. സെൽഫിയെടുക്കുന്നു.. ഹോ ആകെ ബഹളം തന്നെ..
ലത :പൂക്കളുള്ളിടത്ത് പൂമ്പാറ്റകൾ മാത്രമല്ല പെണ്ണുങ്ങളും വരും.. രണ്ട് കൂട്ടർക്കും പൂക്കളെന്ന് പറഞ്ഞാ ജീവനാ..
ചാരു: അതാണ് ലതേ എന്റെ പ്രശ്നവും. എനിക്കിതൊന്നും ഇഷ്ടപ്പെടുന്നില്ല ..
പ്രകാ: എന്താ ഇവിടെയൊരു ഗൂഢാലോചന ..
ലത :രണ്ട് സ്ത്രീകൾ തമ്മിൽ സംസാരിക്കുന്നത് കണ്ടാലുടനെ അത് ഗൂഢാലോചനയാണെന്ന് കരുതുന്ന നിന്നെ ആദ്യം വധിക്കണം.. എവിടെ ചാരൂ കറിക്കത്തി..
പ്രകാ: അയ്യോ ഞാനൊരു തമാശ പറഞ്ഞതാണേ.. എന്നെ അറ്റാക്ക് ചെയ്യല്ലേ.. ഞാനെപ്പോഴും പെണ്ണുങ്ങടെ പക്ഷമാ.. ശ്യാമെവിടെ..
ചാരു: പുതിയ ചെടികൾ തേടി പോയിരിക്കുകയാ.. മൈസൂരിലേക്ക്…
പ്രകാ: എന്റെ ചാരൂ .. ഞാൻ പറഞ്ഞന്ന് ശ്യാമിനോട് പറയണ്ട.. ഇതൊക്കെ അവന്റെ ട്രിക്കാ.. പെണ്ണുങ്ങളെ ചുറ്റും കൂടിക്കാനുള്ള ട്രിക്ക് ..
ചാരു/ലത :ങേ..
പ്രകാ: സത്യം .പൂന്തോട്ടം ഉണ്ടാക്കിയാൽ പെണ്ണുങ്ങൾ പാറി പറന്നു വരും എന്ന കാര്യം ശ്യാമിനറിയാം. അവന് ഒരു പാട് കാമുകികൾ വേണമെന്ന് ഒരു ദിവസം അവനെന്നോട് പറഞ്ഞു.. പൂമ്പാറ്റയെ സ്വപ്നം കണ്ട കഥയൊക്കെ തട്ടിപ്പാ..
ലത :കള്ളം ..
പ്രകാ: സത്യമാ ലതേ .. ഞാൻ ശ്യാമിന്റ പക്ഷമാ..പക്ഷേ ചാരുവിന്റെ നന്മക്കു വേണ്ടിയാ ഞാനിത് പറയുന്നത് ..
ലത :ശ്യാമൊരു പൂന്തോട്ടം ഉണ്ടാക്കി.അത് കണ്ട് ചുറ്റുവട്ടത്തുള്ള പെമ്പിള്ളാരൊക്കെ പൂവിനായി വന്നു. സ്വാഭാവികം. ഇല്ലാ കഥകൾ ഉണ്ടാക്കല്ലേ പ്രകാശാ ..
പ്രകാ: ആ ലതാഗൃഹം കണ്ടോ..
ചാരു: ലതാഗൃഹമോ ..
പ്രകാ: ആ വള്ളിക്കുടില്.. പിച്ചിയും മുല്ലയും ഒക്കെ പടർത്തി വിട്ട് ഉണ്ടാക്കിയിരിക്കുന്ന..
ലത :ഉം കണ്ടു.. അതിനെന്താ കുഴപ്പം..?
പ്രകാ: വൃന്ദാവനത്തില് കണ്ണന് ഇങ്ങനെയൊരു ലതാഗൃഹമുണ്ടായിരുന്നെന്ന് ശ്യാം എന്നോട് പറഞ്ഞു. അവിടെയാ ഗോപികമാരോടൊത്ത് കണ്ണൻ രാസലീലകളാടിയിരുന്നത്.
ചാരു: രാസലീല..?!
പ്രകാ: ആ.. അതു തന്നെ.ഈ പൂന്തോട്ടം ഒരു വൃന്ദാവനമാണ് ചാരൂ .. ആ ലതാഗൃഹം കണ്ണന്റെ രാസക്രീഡാ കേന്ദ്രവും .. ശ്യാം ശ്യാമവർണ്ണ കൃഷ്ണനായി മാറിക്കൊണ്ടിരിക്കുകയാണ് ചാരു.. ചാരു എത്രേം പെട്ടെന്ന് ഇടപെട്ടില്ല എങ്കിൽ ചാരുവിന് ജീവിതകാലം മുഴുവൻ ഒരു രാധയായി കരഞ്ഞ് ജീവിക്കേണ്ടി വരും.
ലത :പോ പ്രകാശാ പിച്ചും പേയും പറയാതെ..
പ്രകാ: ഞാൻ പറഞ്ഞു എന്നേ ഉള്ളൂ.. ബാക്കി എല്ലാം ചാരുവിന്റെ ഇഷ്ടം.. (പതിയെ) എനിക്ക് ഫുള്ളെടുത്ത് തരാത്ത ചതിയൻ ശ്യാമേ, നിനക്ക് ഞാൻ വച്ചിട്ടുണ്ട് വലിയൊരു ആപ്പ്. ഊരാമെങ്കിൽ ഊരിക്കോ.. - * * * * * * * *
ശ്യാം: ചാരു എങ്ങോട്ടാ ഈ ബേഗുമൊക്കെയായിട്ട് ..
ചാരു: ഞാനെന്റ വീട്ടിലേക്ക് പോവുകയാ..
ശ്യാം: എന്താ മുത്തശ്ശിക്ക് വീണ്ടും അസുഖം കൂടിയോ..
ചാരു: മുത്തശ്ശിക്കൊരു പ്രശ്നവുമില്ല..
ശ്യാം: പിന്നെന്തിനാ ചാരു പോകുന്നത് ..
ചാരു: ഇവിടെ ശ്യാമിന് ഒരു പാട് പെണ്ണുങ്ങളുണ്ടല്ലോ ,രാസകേളികളാടാനായിട്ട്, പിന്നെ ഞാനെന്തിനാ ഇവിടെ നിക്കുന്നത് ..
ശ്യാം: രാസകേളികളോ.. എന്തൊക്കെയാ നീയീ പറയുന്നത് ..
ചാരു: ശ്യാം കൃഷ്ണനെ അനുകരിക്കുകയാണെന്നും, വൃന്ദാവനവും ലതാഗൃഹഹും ഉണ്ടാക്കി ഗോപികമാരെ ആകർഷിക്കുകയാണെന്നും രാസകേളികളാടുകയാണെന്നും പ്രകാശൻ പറഞ്ഞല്ലോ..
ശ്യാം: അവന് ഭ്രാന്താണ്.. ഞാൻ ചാരായമെടുത്തു കൊടുക്കാത്തതു കൊണ്ടുള്ള ഭ്രാന്ത് ..
പ്രകാ: എനിക്കങ്ങനെ ചാരായ ക്കൊതിയൊന്നുമില്ല.. നിന്റെ കറുപ്പ് മൂടി വക്കാൻ എന്നേം കൂടി ചേർത്ത് കറുപ്പിക്കല്ലേ ബ്രദർർർ ..
ശ്യാം: ആഹാ.. നീയിവിടെ ഒളിച്ച് നിപ്പുണ്ടായിരുന്നോ..
ചാരു: ശ്യാം ഓഫീസിൽ പോകാനിറങ്ങിയതല്ലേ..
ശ്യാം: അതെ
ചാരു: കൈയിലെന്താ?
ശ്യാം: കുറച്ച് പൂക്കൾ.ഓഫീസിലെ ലേഡീസ് സ്റ്റാഫിനാണ്.. കൊണ്ടു ചെല്ലാൻ അവർ പറഞ്ഞിരുന്നു..
പ്രകാ: കണ്ടാ ചാരൂ .. ഇവനും ഇവന്റ’ പൂക്കളും ലോകം മൊത്തം വ്യാപിക്കുകയാണ്.കണ്ണിൽ കണ്ട പെണ്ണ്ങ്ങൾക്കൊക്കെ പുക്കൾ കൊടുത്ത് നടക്കലാണ് ഇപ്പോ ഇവന്റ പണി .കള്ളകാമദേവൻ ..
ചാരു: എല്ലാം എനിക്ക് മനസിലായി –
ശ്യാം: ചാരു ഇവൻ പറയുന്നതൊന്നും നീ വിശ്വസിക്കരുത്..
ചാരു: അതെന്തോ ആയിക്കോട്ടെ. ഞാൻ പോവുകയാണ്…ഈ പൂന്തോട്ടത്തിലെ ചെടികളെല്ലാം വെട്ടിക്കളഞ്ഞ് പഴയതുപോലെയാക്കിയാൽ ഞാൻ തിരിച്ചു വരാം.. ഇല്ലെങ്കിൽ എന്നെ മറന്നേക്ക് ..
ശ്യാം: ചാരു പോകരുത്..
പ്രകാ: പോയി രക്ഷപ്പെട്ചാരു..
ശ്യാം :ഡാ…
പ്രകാ: പോഡാ ..
ശ്യാം :ഈ പൂന്തോട്ടം നശിപ്പിക്കുന്ന കാര്യമോർക്കുമ്പോ..
പ്രകാ: ഞാനല്ലേ നട്ടത്.. ഞാൻ തന്നെ നശിപ്പിച്ചേക്കാം.. പൂന്തോട്ടത്തെക്കാൾ വലുതാണ് ശ്യാമേ, ചാരു..
ശ്യാം: വളരെ നന്ദി പ്രകാശാ..
പ്രകാ: നന്ദി പോരാ.. ഇത് കൊലപാതകമാണ്.. ചെടികളുടെ കൊലപാതകം.. രണ്ട് ഫുള്ള് തരണം ..
ശ്യാം: വാങ്ങിത്തരാം ..
പ്രകാ: പണ്ടത്തെ രണ്ട് ഫുള്ള്, ഇപ്പഴത്തെ രണ്ട് ഫുള്ള്.. മൊത്തം നാല് ഫുള്ള്. അത് വാങ്ങിക്കൊണ്ട് വന്നാ അപ്പോ പണിതുടങ്ങാം. എനിക്ക് പിശുക്കൻമാരെ വിശ്വാസമേ .. ഇല്ല”.