രചന : സി. ഷാജീവ് പെരിങ്ങിലിപ്പുറം
വെയിൽ കുളിച്ച കടവിൽ
പ്രണയത്തിന്റെ പക്ഷി
തൂവൽ മിനുക്കുന്നു.
കാറ്റിന്റെ ചില്ലയിൽ
ഇണയുടെ തേങ്ങൽ.
പ്രണയത്തിനു ചിറകുകൾ കിട്ടുന്നത്
ഇരുട്ടു നിലാവാകുമ്പോഴെന്നു –
രാത്രി.
ഉറക്കത്തിൽ സ്വപ്നത്തിന്റെ
പാലങ്ങൾ തകരുന്നു.
ഞെട്ടിയുണരുമ്പോൾ
ഇരുട്ടിൽ
ബലിക്കാക്കതൻ ചിറകടി…
കണ്ണുകളിൽ പൂർവികപ്രണയത്തിന്റെ
നരച്ചകാഴ്ചകൾ.
മഴകൊള്ളുമോർമതൻ
പഴയ മുറ്റത്തഴപ്പിൽ
നനഞ്ഞ കൈയടി നിറയുന്നു.
പ്രണയമൊരു കറുത്തകല്ലിന്റെ
അലിയുന്ന മഞ്ഞെന്നു സൂര്യൻ.
പൂമണം വിടരുന്ന
നനുത്ത കാറ്റിൽ
സാന്ത്വനത്തിന്റെ പുതപ്പുകൾ.
കുളിക്കടവിലിപ്പോൾ
പ്രഭാതത്തിരയിളക്കം.
നനഞ്ഞ പുഴമണലിൽ
ഒറ്റപ്പെട്ടുപോയ
അവ്യക്തസ്പന്ദനം പോലെ
ഒരു തൂവൽ…