Usthad Vaidyar Hamza Bharatham

അമ്മേ അമ്മയ്ക്കെന്റെ യാത്രാമൊഴി, എന്റെ ഉമ്മയെ കണ്ടാൽ എന്റെ അന്വേഷണം പറയുക……മടിക്കൈയിലെ വീട്ടിലെത്തിയാൽ പറമ്പിലെ നെല്ലിമരത്തിനരികിലെ ഉമ്മയുടെ കബറിനടുത്താണ് ഞാനെറേ നേരം കഴിയാറ്…. ഉമ്മയും ഞാനും മാത്രമുള്ള കുറേ നിമിഷങ്ങൾ.സ്മൃതി നാശം സംഭിവിക്കാത്ത ഏക അവസ്ഥയാണ് എനിക്കെന്റെ ഉമ്മ….ഒരിക്കലും

മടങ്ങാത്തൊരിടത്തേക്കാണ് ഉമ്മ യാത്രയായെതെന്ന് അറിയാമെങ്കിലും ഞാനെപ്പോഴും ആഗ്രഹിക്കുന്നത് ഉമ്മയുടെ തിരിച്ചു വരവാണ്.എന്റെ ഉമ്മയെ ഞാനെല്ലാ ഉമ്മമാരിലും കാണും, എന്റെ സുഹൃത്ത് ശശീന്ദ്രൻ മടിക്കൈയുടെ അമ്മയെ കാണാനായി മാത്രം ഞാനവരുടെ വീട്ടിൽ പോകാറുണ്ട്, ഈ അടുത്ത നാളുകളിലും ഞാനാ അമ്മയെ കാണാൻ പോയിരുന്നു, എപ്പോൾ പോയാലും ഞാനമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കുമായിരുന്നു,

കഴിഞ്ഞ മാസം പോയപ്പോഴാണ് അമ്മയെ ഞാൻ അവസാനമായി കണ്ടത്, പ്രായാധിക്യ സംബന്ധമായ ഓർമ്മ കുറവ് അമ്മയെ ബാധിച്ചിരുന്നെങ്കിലും _ അമ്മേന്ന് വിളിച്ചപ്പോൾ അമ്മ ചോദിച്ചു ഉസ്താദ് ” എപ്പളാ ” വന്നത്. പതിവായി വൈദ്യരെന്നാണ് അമ്മയെന്നെ വിളിക്കാറ്.കുറച്ച് നേരം അമ്മയോടൊപ്പം സംസാരിച്ച് യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ അമ്മ പറഞ്ഞു എന്താ ഇന്ന് ഫോട്ടാ എടുക്കുന്നില്ലെ ?, ഞാനത്ഭുതപ്പെട്ടുപ്പോയി _ കാരണം ഓർമ്മകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അമ്മയാണ് ചോദിച്ചത് ഫോട്ടോ എടുക്കുന്നില്ലേയെന്ന് .

അമ്മയ്ക്കരികിലിരുന്ന് ചേർത്ത് പിടിച്ച് ഞാൻ രണ്ട് ഫോട്ടോകൾ എടുത്ത് അമ്മയെ കാണിച്ചു യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അമ്മ പറഞ്ഞു ” ഇനി വരുമ്പോൾ ഞാനുണ്ടാകുമോയെന്നറിയില്ല “ശരിയാണ് ഇനി അമ്മയില്ല, അമ്മയിന്ന് പുലർച്ചെ എന്റെ ഉമ്മയെ പോലെ ഒരിക്കലും മടങ്ങിവരാത്തൊരിടത്തേക്ക് യാത്രയായി…..

ഒരു പാട് നന്മകളുള്ള ഒരു സ്ത്രീ ജന്മമായിരുന്നു ശശീന്ദ്രൻ മടിക്കൈയുടെ അമ്മ, നാട്ടറിവുകളുടെ നിറകുടമായിരുന്നു അമ്മ, ഒരു പാട് അറിവുകൾ അമ്മയെനിക്ക് പകർന്ന് തന്നിരുന്നു… അച്ഛനും ശശീന്ദ്രനും സഹോദരങ്ങളും ചെറുമക്കളുമൊക്കെ അമ്മയെ ഒരു പാട് ഒരു പാട് സ്നേഹിച്ചിരുന്നു_ പരിചരിച്ചിരുന്നു.

അമ്മേ സ്നേഹാദരം യാത്രാമൊഴി ചൊല്ലുന്നു ഞാൻ, എന്റെ ഉമ്മയെ കണ്ടാൽ എന്റെ അനേഷണം പറയുക…..

ഹംസ.

https://youtube.com/channel/UCaz8IG0SXEKKaBff8DA6SlQ

By ivayana