രചന :ഗീത മന്ദസ്മിത

പിച്ചവെച്ചു നടന്നൊരാ മുറ്റവും
അക്ഷരങ്ങൾ പഠിച്ചോരകങ്ങളും
കൂട്ടിവെച്ചൊരാക്കുന്നിക്കുരുക്കളും
കൂട്ടുകൂടിയ കുന്നിൻ പുറങ്ങളും
പൂക്കളങ്ങളൊരുക്കിയ മുറ്റവും ,
കാത്തുവെച്ചൊരാ പിച്ചകവള്ളിയും
തൂത്തുവാരിയോരുമ്മറക്കോലായും
ഓർത്തെടുക്കുവാനാവതില്ലൊന്നുമേ…!
ജന്മനക്ഷത്രമെണ്ണിനോക്കിച്ചിലർ
പെൺകിടാവിനെ അന്യയായ് മാറ്റുന്നു
മാറ്റു നോക്കുന്നതില്ലിവർ പെണ്ണിന്റെ
മാറ്റുകൂട്ടുന്നു പൊന്നിന്നനുദിനം..!
പെൺകുരുന്നിൻ കുരുതിക്കളങ്ങളോ
പുണ്യഭൂമിയിൽ നിത്യമായ് മാറുന്നു..!
ജന്മവീട്ടിൽനിനന്ന്യയായ്പ്പോയവൾ
ചെന്നവീട്ടുകാർക്കന്നം വിളമ്പുവോൾ
ജന്മജന്മങ്ങളതെത്ര പിന്നീടിലും
ജന്മദോഷങ്ങൾ മാറുകയില്ലയോ
കർമ്മദോഷങ്ങളെന്നു പറഞ്ഞവർ
ധർമ്മനീതികൾ ചെയ്യാതെ പോകയോ.

ബാലികാ ദിനം ….. ആർക്കോ പറ്റിയൊരക്ഷരത്തെറ്റാണവ’ൾ”അവൻ’ നു പകരം ‘അവൾ’ആയിപ്പോയതിനാൽ എല്ലാം അന്യമായ്പ്പോയവൾ.

ഗീത മന്ദസ്മിത

By ivayana