രചന : മോഹനൻ പി സി പയ്യപ്പിള്ളി
ലീവെടുത്തീടണമെന്നാണെനിക്കേതു –
നേരവുമുള്ളിലെപ്പൂതി
ബോറടി പത്തിവിരുത്തുമിവിടെ നി –
ന്നോടണമെന്നാണു പൂതി
ഓടി , ഡെബിറ്റും ക്രെഡിറ്റും പുളയ്ക്കാത്ത
ലോകത്തിലെത്തിപ്പെടാനും
വീഥിയിലൂടെ നിനവുകൾ ലാളിച്ച്
ഏറെ നടന്നലയാനും
ദാഹിയ്ക്കയാണു ഞാൻ , നീരിന്നുറവുകൾ
തേടുന്ന വേരിനെപ്പോലെ….
ലീവെടുത്താരുമറിയാത്തിടങ്ങളിൽ
പോകണമെന്നാണ് പൂതി
പോയി , മുടുപ്പു കളഞ്ഞു , മനസ്സൂർജ്ജ –
പൂരിതമാക്കുവാൻ പൂതി
മിഥ്യാഭിമാന മുഖപട മൂരിവ –
ച്ചുച്ചത്തിലൊന്നലറാനും
കപ്പയും കള്ളം കഴിച്ചു കറങ്ങിവ – ന്നുച്ചപ്പടത്തിനേറാനും
കത്തും വെയിലിനെക്കൂസാതെ , ബീച്ചിലെ
കക്കകൾ ചിക്കി നോക്കാനും
‘ വട്ട ‘ നെന്നോതുന്ന കൂട്ടർക്കു പുഞ്ചിരി –
മുത്തൊന്നെടുത്തു നീട്ടാനും
ഒക്കെക്കഴിഞ്ഞൊരു കോണിൽ വന്നേകനായ്
നിശ്ചലനായിരിക്കാനും
നിഷ്ഫലമെന്നറിഞ്ഞിട്ടും നിരന്തര –
മെത്ര കൊതിപ്പു ഞാനിന്നും !