രചന : ശ്രീകൃഷ്ണ

കാലങ്ങൾക്കിപ്പുറം
അർത്ഥമില്ലാത്തൊരു
വാക്കുകൊണ്ട്
ഞാനെന്റെ മരണത്തെ
ഒറ്റുകൊടുക്കുന്നു,,,

അങ്ങനെ
ആത്മഹത്യയുടെ
വളവിൽ വച്ച്
ഞാനൊരു
ചൂതാട്ടക്കാരനായി
പരിണമിക്കുന്നു,,,

ആദ്യ പന്തയത്തിൽ
എനിക്കെന്റെ ധനവും,,
രണ്ടാമത്തേതിൽ
രാജ്യവും,,
മൂന്നാമത്തെ പന്തയത്തിൽ
സൗഹൃദവും
എനിക്ക് നഷ്ടമാകുന്നു…

ഒടുവിലത്തെ
പന്തയം കൊണ്ട്
പാതിമെയ്യായ
പത്നിയെയും
അവളുടെ സ്വപ്നങ്ങളെയും
ചൂതു പലകയിൽ
പണയം കൊടുക്കുന്നു…

പരാജിതനായി
തലകുനിക്കവേ
പെണ്ണവൾ എന്റെ
മുഖത്ത് തുപ്പുന്നു,,

ദുരയുടെ കറുത്ത
പൂമുഖത്ത് നിന്നും
ഞാൻ
പുറത്താക്കപ്പെടുന്നു,,

അവിടെ വച്ചാണ്
എന്റെ കൈത്തണ്ടയിലെ
നിലച്ചുപോയ
വാച്ചിൽ നിന്നും
കുരുങ്ങി ചത്ത നിലയിൽ
സമയത്തെ ഞാൻ
കണ്ടെടുത്തത്,,,
അതിന്റെ തൊണ്ടയിൽ
അപ്പോഴും
പാതി മുറിഞ്ഞൊരു
നിലവിളി
തൂങ്ങിക്കിടപ്പുണ്ടായിരുന്നു
ഒരു നിസ്സഹായതയുടെ
വരണ്ട നിലവിളി.

🌷ശ്രീകൃഷ്ണ 🌷

By ivayana